വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടി: കളക്ടര്‍

Sunday 23 February 2014 9:26 pm IST

കോട്ടയം: ജില്ലയില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ പറഞ്ഞു. ജില്ലാ വികസന സമിതിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ പലയിടത്തും പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇത് പരിഹരിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രതിനിധികളെയും മുനിസിപ്പല്‍ ചെയര്‍മാന്മാരെയും ഉള്‍പ്പെടുത്തി യോഗം ചേരും. ചെറുകിട ജലസേചനവുമായി ബന്ധപ്പെട്ട ജലസ്രോതസുകളുടെ ശുചിത്വം പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തികള്‍ വാഹനങ്ങള്‍വഴി നല്‍കുന്ന ജലത്തിന്റെ ശുദ്ധിയും ഗുണനിലവാരവും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജലലഭ്യത കൂട്ടുന്നതിന് എക്കലുകള്‍ നീക്കം ചെയ്ത് തോടുകളുടെ ആഴം കൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു. കോട്ടയം മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി താഴത്തങ്ങാടി-ഇല്ലിക്കല്‍ റോഡില്‍ കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന 'കുലുക്കി സര്‍ബത്ത'ിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കളക്ടര്‍ ആരോഗ്യവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. കോട്ടയം-കുമരകം റോഡില്‍ ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ സി.എം.എസ് കോളേജ് വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ കളക്ടര്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടനാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴകളിലെയും തോടുകളിലെയും പായല്‍ നീക്കം ചെയ്യണമെന്ന മുനിസിപ്പല്‍ ചെയര്‍മാന്റെ ആവശ്യത്തെത്തുടര്‍ന്ന് തിരുവാര്‍പ്പിലെ പായല്‍നീക്കം ചെയ്തതായി ഫിര്‍മ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. ബഷീര്‍, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി പ്രിന്‍സ് ലൂക്കോസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.