ആശുപത്രിയില്‍ കയറിയ പുലി പരിഭ്രാന്തി പരത്തി

Monday 24 February 2014 11:34 am IST

മീററ്റ്: മീററ്റിലെ കന്റോണ്‍മെന്റ് ആശുപത്രിയില്‍ പുള്ളിപ്പുലി കയറിയത് പരിഭ്രാന്തി പരത്തി. ജനവാസ സ്ഥലത്തെത്തിയ പുലിയെ പിടികൂടാന്‍ സൈന്യവും വനപാലകരും സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. പുലിപ്പേടിയില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പുരുഷന്മാരുടെ വാര്‍ഡില്‍ പ്രവേശിച്ച പുലിയെ കെയര്‍ടേക്കര്‍മാരാണ് ആദ്യം കണ്ടത്. ഇവിടെ മൂന്നു രോഗികളെ കിടത്തിയിരുന്നു. നേരത്തേ മറ്റൊരു സ്ഥലത്തു വെച്ച് പുലിയെ കണ്ടെത്തിയിരുന്നു. ഇവിടെ വച്ച് ഒരാളെ അക്രമിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി വെടിവെച്ചതിനെത്തുടര്‍ന്ന് പുലിയെ കാണാതാകുകയായിരുന്നു. പിന്നീടാണ് കന്റോണ്‍മെന്റ് ആശുപത്രിയില്‍ പുലി എത്തിയത്. ] ആശുപത്രിയില്‍ പുലി ആരെയും ഉപദ്രവിച്ചില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഞായറാഴ്ച്ച രാവിലെ പത്ത് മണി മുതലാണ് പുലി മീററ്റിനെ വിറപ്പിച്ച് തുടങ്ങിയത്. മരക്കച്ചവടക്കാരനായ ഗൗരവ് ആണ് തന്റെ വിറകുപുരക്കടുത്തുവെച്ച് പുലിയെ കണ്ടത്. വാര്‍ത്ത പരന്നതോടെ പൊലീസ് സ്ഥലത്തെത്തി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തിരച്ചില്‍ അവസാനിപ്പിച്ച് പോകുന്നതിനിടെ വിറക് മാറ്റിയിട്ട ഒരാളെ പുലി ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിറകുപുരയ്ക്കുള്ളില്‍ ഒളിച്ച പുലിയുടെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിച്ചപ്പോള്‍ പുലി ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. അങ്ങനെ രണ്ട് പേര്‍ക്കുകൂടി പരിക്കേറ്റു. തുടര്‍ന്നാണ് സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. മീററ്റ് നഗരത്തിലൂടെ ഒഴുകുന്ന കാളി നദിയിലൂടെയാവണം പുലി നഗരത്തിലെത്തിയതെന്ന ഊഹത്തിലാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.