വേണ്ടത് ധീരരും നിര്‍ഭയരുമായ യോദ്ധാക്കളെ: മാതാ അമൃതാനന്ദമയി

Monday 24 February 2014 10:08 pm IST

തിരുവനന്തപുരം: ആധുനിക ലോകത്തിന് ഇന്നാവശ്യം സ്‌നേഹത്തിന്റെ ശക്തിയുള്‍ക്കൊണ്ട ധീരരും നിര്‍ഭയരുമായ യോദ്ധാക്കളെയാണെന്ന് മാതാ അമൃതാനന്ദമയി. ആരെയും യുദ്ധം ചെയ്തു തോല്‍പ്പിക്കാനോ സമ്പത്തും രാജ്യവും പിടിച്ചടക്കാനോ അല്ല മറിച്ച് പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് നാം ശ്രമിക്കേണ്ടതെന്നും അമ്മ പറഞ്ഞു.  കൈമനം ബ്രഹ്മസ്ഥാന മഹോത്സവത്തിന് മുന്നോടിയായി അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ. ലോകം പരിവര്‍ത്തന് ദാഹിക്കുകയാണ്. സംഘര്‍ഷത്തിന്റെയും വിദേ്വഷത്തിന്റെയും കരിമേഘങ്ങള്‍ നമ്മുടെ ആകാശത്തില്‍ മൂടിക്കെട്ടിയിരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ബാല്യവും വഴിതെറ്റുന്ന യുവത്വവും ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വവും അവഗണിക്കപ്പെടുന്ന വാര്‍ധക്യവും നമ്മുടെ ഹൃദയഭാരത്തെ വര്‍ധിപ്പിക്കുന്നു. ഈ കൂരിരുളില്‍ വിവേകത്തിന്റെ കിരണത്തിനായി ക്ഷമയുടെ കുളിര്‍തെന്നലിനായി മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണങ്ങുന്ന കാരുണ്യ സ്പര്‍ശനത്തിനായി ലോകം  തേങ്ങുകയാണ്. മുന്നില്‍ നില്‍ക്കുന്ന ഭക്തരില്‍ കാണുന്ന ഒരുമയും സ്‌നേഹവും ഊര്‍ജവും ലോകത്തിന്റെ ഇരുട്ടകറ്റാന്‍ ഉപകരിക്കട്ടെയെന്നും അമ്മ ആശംസിച്ചു. ഇന്ന് ഭൂമി ഒരു ഗ്രാമമായി ചുരുങ്ങി. സാങ്കേതികവിദ്യ മനുഷ്യര്‍ക്കിടയിലുള്ള ദൂരം കുറച്ചു. എന്നാല്‍ ഹൃദയങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിച്ചു. സമയം ലാഭിക്കാന്‍ അനേകം ഉപാധികളുണ്ട്. എന്നാല്‍ വിശ്രമിക്കാനോ ഉല്ലസിക്കാനോ മനുഷ്യന് സമയമില്ല. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കൂടി, എന്നാല്‍ കൂട്ടുകാര്‍ ഇല്ലാതായി. പണ്ട് വാച്ചില്ലായിരുന്നു എന്നാല്‍ സമയമുണ്ട്. ഇന്ന് വാച്ചുണ്ട് എന്നാല്‍ മനുഷ്യന് ഒന്നിനും സമയം തികയുന്നില്ല. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന് കഴിയുന്നില്ല. മറ്റുള്ളവരില്‍ തെറ്റുണ്ടോ എന്നാണ് നമ്മള്‍ നോക്കുന്നത്. മറ്റുളളവരെ വേദനിപ്പിക്കുവാനാണ് മനുഷ്യന്‍ ഇന്ന് വാക്കും പ്രവൃത്തിയും ഉപയോഗിക്കുന്നത്. നമ്മള്‍ ശരിയെന്ന് കരുതി പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവര്‍ക്ക് സങ്കടം വരുത്തുന്നതാകരുത്. മൂല്യങ്ങളാണ് മനുഷ്യന്റെ അടിത്തറ. എല്ലാത്തിനും ആ അടിത്തറ ഉണ്ടാകേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ജീവിതം തന്നെ ആടിപ്പോകും. നമ്മുടെ ജീവിതം കുറ്റപ്പെടുത്തുന്നവരുടെ വേദന അകറ്റാനുള്ള യജ്ഞമായി തീരണം. 200 കോടിയിലധികം പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ ലോകജനതയോട് നമുക്കെല്ലാം കടപ്പാടുണ്ട്. മനുഷ്യഹൃദയങ്ങളില്‍നിന്നും ഉദിക്കുന്ന വിപ്ലവമാണ് നമുക്കിന്ന് ആവശ്യം. അതാണ് അമ്മ ആഗ്രഹിക്കുന്നത്. ഗണപതി സ്തുതിയോടെയാണ് സത്‌സംഗം ആരംഭിച്ചത്. ഭജനയ്ക്കുശേഷമാണ് അനുഗ്രഹപ്രഭാഷണം നടത്തിയത്. ഇന്നലെ രാത്രി വൈകിയും ദര്‍ശനത്തിനായി ഭക്തര്‍ ഒഴുകിയെത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.