കൊച്ചി: മുന്നണിമാറ്റം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പി. ജെ ജോസഫ്. ഇടുക്കി സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല. ഐക്യ ജനാധിപത്യ മുന്നണിയില്‍ ഉറച്ചു തന്നെ നില്ക്കും ജോസഫ് പറഞ്ഞു. വിഷയത്തില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് അന്തിമതീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ മുന്നണി വിടാനുള്ള രാഷ്ട്രീയസാഹചര്യം തല്ക്കാലം നിലവിലില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു.
കെ.എം മാണിയും ജോസഫും രാജിവയ്ക്കുമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജോസഫ് പറഞ്ഞു. തോമസ് ഐസക്കിനെ കണ്ടത് യാദൃച്ഛികമായിട്ടാണെന്നും കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: