കൊച്ചി മേയര്‍ ലണ്ടനില്‍; പ്രതിഷേധമുയരുന്നു

Tuesday 25 February 2014 10:43 pm IST

കൊച്ചി: നഗരവികസനത്തിന്‌ കോടികളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ട്ണര്‍ കേരളയില്‍നിന്ന്‌ കൊച്ചി മേയര്‍ വിട്ടുനിന്നത്‌ വിവാദമാകുന്നു. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ മുന്‍കയ്യെടുത്ത്‌ സംഘടിപ്പിക്കുന്ന പാര്‍ട്ണര്‍ കേരളയില്‍നിന്ന്‌ മുന്നറിയിപ്പില്ലാതെയാണ്‌ മേയര്‍ വിട്ടുനിന്നത്‌. യൂറോപ്യന്‍ പര്യടനത്തിലാണ്‌ മേയര്‍ ടോണി ചമ്മണി. മേയറുടെ അസാന്നിധ്യത്തില്‍ വിദേശനിക്ഷേപകര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയത്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാലായിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ്‌ മേയര്‍ മുങ്ങിയതെന്നും ആക്ഷേപമുണ്ട്‌. ഔദ്യോഗിക യാത്രയെന്നാണ്‌ രേഖകളില്‍ കാണുന്നത്‌. ഇതനുസരിച്ചാണെങ്കില്‍ മേയര്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്‌. ടോണി ചമ്മണി ഇത്തരത്തില്‍ ഒരു അനുമതിയും വാങ്ങിയിട്ടില്ല. കോര്‍പ്പറേഷന്‍ ഫണ്ടില്‍നിന്ന്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മേയര്‍ യൂറോപ്പില്‍ സുഖവാസത്തിന്‌ പോയത്‌ പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്‌. മേയര്‍പദവിയേറ്റശേഷം ടോണി ചമ്മണി നടത്തുന്ന ഇരുപത്തിയേഴാമത്തെ വിദേശയാത്രയാണ്‌ ഇതെന്ന്‌ പറയുന്നു. പാര്‍ട്ണര്‍ കേരളയുടെ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ മേയര്‍ സംഘാടകസമിതിയിയിലെ മറ്റാരോടും പറയാതെയാണ്‌ സ്ഥലംവിട്ടിട്ടുള്ളത്‌. കോര്‍പ്പറേഷന്‍ ഫണ്ടില്‍നിന്ന്‌ മേയറുടെ ലണ്ടന്‍ യാത്രക്കായി മൂന്നേകാല്‍ ലക്ഷം രൂപ പിന്‍വലിച്ചതായി സൂചനയുണ്ട്‌. കഴിഞ്ഞയാഴ്ചയാണ്‌ മേയര്‍ കൊറിയ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.