മനുഷ്യധര്‍മ്മം ഈശ്വരനിലേക്കുള്ള മാര്‍ഗം: മാതാ അമൃതാനന്ദമയീദേവി

Tuesday 25 February 2014 10:46 pm IST

തിരുവനന്തപുരം: സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പലവിധത്തിലുള്ള ധര്‍മ്മം അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്‌. ഭാര്യയുടെ ധര്‍മ്മം, ഭര്‍ത്താവിന്റെ ധര്‍മ്മം, അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും എല്ലാം അവരവരുടെ ധര്‍മ്മം അനുഷ്ഠിക്കേണ്ടിവരും. ഇങ്ങനെ നൂറുകണക്കിന്‌ ധര്‍മ്മത്തെക്കുറിച്ച്‌ നമ്മള്‍ സംസാരിക്കാറുണ്ട്‌. ഇതൊക്കെ വേണ്ടതാണ്‌. എന്നാല്‍ അധര്‍മ്മങ്ങളെല്ലാം ഈശ്വരനില്‍ ലയിക്കേണ്ട കര്‍മ്മമാര്‍ഗ്ഗങ്ങളാകണം, ആ ലയനമാണ്‌ എല്ലാമനുഷ്യരുടെയും പരമമായ ധര്‍മ്മമെന്ന്‌ മാതാ അമൃതാനന്ദമയി. കൈമനം ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ അവസാനദിനമായ ഇന്നലെ സത്സംഗത്തിന്‌ മുന്നോടിയായി നടത്തിയ അനുഗ്രഹപ്രഭാഷണത്തില്‍ അമ്മ പറഞ്ഞു. നമ്മള്‍ ചില വ്യക്തികളുടെയും സമൂഹത്തിന്റെയും ലോകത്തിന്റെയുമൊക്കെയാണെന്ന വിശ്വാസത്തില്‍ ഈ ജന്മം ജീവിച്ചുതീര്‍ക്കുന്നു. യഥാര്‍ത്തത്തില്‍ നാം ഈശ്വര ശക്തിയുടേതാണെന്ന തിരിച്ചറിവാണ്‌ പരമമായ സത്യം. ഈ ശക്തിയാണ്‌ ലോകത്തിലെ പ്രകൃതിയെയും സകല ജീവരാശികളെയും ഭരിക്കുന്നതെന്ന ബോധോദയം ഉണ്ടാകുന്നതാണ്‌ പരമധര്‍മ്മം. സ്വധര്‍മ്മം മനസ്സിലാക്കി കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ആത്മവിശ്വാസം ഉള്ളില്‍ ജനിക്കും. ഇങ്ങനെ ഉള്ളില്‍ ഉറങ്ങിക്കിടന്ന കഴിവുകള്‍ മറ്റുള്ളവര്‍ക്ക്‌ സഹായമായിത്തിരും. ധര്‍മ്മം ആകര്‍ഷണ സദ്ധാന്തംപോലെയാണ്‌. ആകര്‍ഷണമില്ലാത്ത ഭൂമിയുടെ അവസ്ഥ എന്താകുമായിരുന്നു. ഈ പ്രപഞ്ചം തന്നെ അടുക്കും ചിട്ടയുമില്ലാതെ ആകെ അലങ്കോലമാകുമായിരുന്നു. ആശയക്കുഴപ്പങ്ങളും താളപ്പിഴകളും മാത്രമേ ഇവിടെ ഉണ്ടാകുമായിരുന്നുള്ളു. ഒന്നിനും കൃത്യമായ ചലനമോ ഗതിയോ ഉണ്ടാകുമായിരുന്നില്ല. അതുപോലെ ഈ പ്രപഞ്ചത്തിന്റെ താളാത്മകമായ നിലനില്‍പ്പിനാധാരം ധര്‍മ്മമാണ്‌. ഇന്ന്‌ ധര്‍മ്മത്തിലല്ല മോക്ഷത്തിലുമല്ല വെറും കര്‍മ്മത്തില്‍ മാത്രമാണ്‍നമ്മള്‍ ജീവിക്കുന്നത്‌. കുടുംബത്തോടും സമൂഹത്തോടുമുള്ള നമ്മുടെ സൗകര്യം അനുസരിച്ച്‌ ധര്‍മ്മത്തെ വ്യാഖ്യാനിക്കുന്നുവെന്നും അമ്മ അനുഗ്രഹപ്രഭാഷണത്തിലറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ഭക്തര്‍ക്കുദര്‍ശനം നല്‍കി തുടങ്ങിയ അമ്മ ഇന്ന്‌ പുലര്‍ച്ചെവരെയും ദര്‍ശനം തുടരുകയായിരുന്നു. ഇന്നലെ രാത്രി വരെ രണ്ടുലക്ഷത്തിലധികം പേരാണ്‌ ദര്‍ശനത്തിനെത്തിയത്‌. എഡിജിപി സന്ധ്യ, എം.എ.വാഹീദ്‌ എംഎല്‍എ തുടങ്ങിയവര്‍ ദര്‍ശനത്തിനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.