വികസനപ്രവര്‍ത്തനത്തിന്‌ ഭൂമി നല്‍കുന്നവര്‍ക്ക്‌ പദ്ധതികളില്‍ പങ്കാളിത്തം

Wednesday 7 September 2011 10:40 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നയത്തിന്റെ കരടിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു പകരം ഭൂമിയുടെ കമ്പോളവിലക്കു തുല്യമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ വഴി വികസന പദ്ധതികളില്‍ പങ്കാളിത്തം നല്‍കുമെന്നതാണ്‌ നയത്തിലെ പ്രധാന നിര്‍ദേശം. ഭൂവുടമയുടെ സമ്മതത്തോടെയായിരിക്കും ബോണ്ട്‌ സംവിധാനം നടപ്പാക്കുക. ഭൂമി ഏറ്റെടുക്കുമ്പോള്‍ പണം ആവശ്യമുള്ളവര്‍ക്കു കമ്പോളവില നിശ്ചയിച്ചു മുഴുവന്‍ തുകയും നല്‍കും. ബോണ്ടുകള്‍ കൈവശമുള്ള വ്യക്തിക്ക്‌ എപ്പോള്‍ വേണമെങ്കിലും അന്നത്തെ കമ്പോളവിലക്കു വില്‍ക്കാമെന്നും നയം വ്യക്തമാക്കുന്നു. 1894 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചാണ്‌ ഇപ്പോഴും സംസ്ഥാനത്ത്‌ ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്‌. ഇതു പദ്ധതിപ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാക്കുന്നുണ്ട്‌. ഭൂവുടമകള്‍ക്കു ബോണ്ടുകള്‍ നല്‍കുകവഴി ഭൂമി ഏറ്റെടുക്കുന്നതുമൂലം സര്‍ക്കാരിനുണ്ടാവുന്ന വന്‍സാമ്പത്തികബാധ്യത ഒഴിവാക്കാനാകുമെന്നതുംനയത്തിലെ ആകര്‍ഷണീയതയാണ്‌. ബോണ്ടുകള്‍ നല്‍കുമ്പോള്‍ അവക്ക്‌ ഓരോ വര്‍ഷവും നിശ്ചിത ശതമാനം വര്‍ധനവ്‌ ഉറപ്പാക്കാനാകും. അതോടൊപ്പം വ്യാവസായിക പദ്ധതികള്‍, വികസന പദ്ധതികള്‍, സേവന പദ്ധതികള്‍ എന്നിവ നടപ്പാക്കുമ്പോള്‍ അതതു പ്രദേശത്തെ ഭൂമിക്കു കാലാകാലങ്ങളിലുണ്ടാവുന്ന വിലവര്‍ധനയുടെ തോതനുസരിച്ചു ബോണ്ടിന്റെ മൂല്യത്തില്‍ വര്‍ധനവുറപ്പാക്കും. ഭൂമിയുടെ വില നിശ്ചയിക്കുമ്പോള്‍ കൃഷിഭൂമി, വ്യാവസായിക സാധ്യതയുള്ള ഭൂമി, വീടുവെക്കുന്നതിനു വിനിയോഗിക്കാവുന്ന ഭൂമി എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഗ്രാമപ്രദേശങ്ങള്‍, അര്‍ധനഗരപ്രദേശങ്ങള്‍, നഗരപ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും വില നിശ്ചയിക്കുക. രാഷ്ട്രീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്ന്‌ അഭിപ്രായം സ്വരൂപിച്ചു ഒരുമാസത്തിനുള്ളില്‍ നയത്തിനു അന്തിമരൂപം നല്‍കുമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാഴ്ചക്കകം ഇത്‌ പൂര്‍ത്തിയാക്കി ഒരുമാസത്തിനകം നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭൂമിയില്‍നിന്നും താരതമ്യേന വാര്‍ഷികാദായം ലഭിക്കാത്ത സാഹചര്യത്തില്‍ ഭൂമിയുടെ വ്യാവസായിക പ്രാധാന്യവും ലഭിക്കാവുന്ന വീട്ടുവാടകയും മറ്റു വരുമാനങ്ങളും പരിഗണിച്ചായിരിക്കും പ്രീമിയം നിര്‍ണയിക്കുക. പദ്ധതിയുടെ നടത്തിപ്പിനായി കേരള ഭൂവിനിയോഗ ബാങ്ക്‌ എന്ന പ്രത്യേക ലക്ഷ്യസംവിധാനം (സ്പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിള്‍) എന്ന നിയമാനുസൃതസ്ഥാപനം ആരംഭിക്കും. കേരള ലാന്റ്‌ യൂട്ടിലിറ്റി ബോണ്ട്‌ നിരന്തരം വര്‍ധനവുണ്ടാവുന്ന സര്‍ക്കാര്‍ ബോണ്ടായിരിക്കുമെന്നും നയം പറയുന്നു. കേരള ഭൂവിനിയോഗ ബാങ്കിലേക്കുള്ള ഭൂവുടമയുടെ വസ്തു കൈമാറ്റം ഒരു പാട്ട ഉടമ്പടി വ്യവസ്ഥപോലെ കണക്കാക്കും. ഭൂവുടമക്കു ബാങ്കിലേക്കു നല്‍കിയ ഭൂമിയില്‍ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്താന്‍ അവകാശമില്ല. ജലസേചന പദ്ധതികളുടെ കമാന്റ്‌ ഏരിയയില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു 50 സെന്റ്‌ ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും കരട്‌ മുന്നോട്ട്‌ വെക്കുന്നുണ്ട്‌.