അമ്മയുടെ സംഭാവനകള്‍ അളക്കാനാവാത്തത്‌: ജ. കൃഷ്ണയ്യര്‍

Wednesday 26 February 2014 7:18 pm IST

കൊച്ചി: അമൃതാനന്ദമയിക്ക്‌ ശത്രുക്കളില്ലെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍. അമൃതാന്ദമയി മഠത്തിനെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമ്മയുടെ ഭക്തരുടെ നേതൃത്വത്തില്‍ ടിഡിഎം ഹാളില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുഃഖിതരുടേയും പീഡിതരുടേയും വേദനകള്‍ തുടച്ച്‌ മാറ്റാന്‍ ഈശ്വരന്‍ തന്ന വരദാനമാണ്‌ അമൃതാനന്ദമയിയെന്നും അദ്ദേഹം പറഞ്ഞു. സഹിക്കുക, മറക്കുക, പൊറുക്കുക എന്നതാണ്‌ അമ്മയുടെ മുഖമുദ്ര. കരുണയുടെ രൂപമായ അവരുടെ സംഭാവനകള്‍ അളക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജീവിതം തന്നെയാണ്‌ മാനവികതയോടുള്ള സന്ദേശം. തന്റെ ജീവിതം അമ്മയ്ക്ക്‌ വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണെന്നും പ്രായത്തിന്റേതായ അവശതകള്‍ക്കിടയിലും അമ്മയ്ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ താന്‍ തയ്യാറാണെന്നും ഏറെ വികാരനിര്‍ഭരനായി അദ്ദേഹം പറഞ്ഞു. ആത്മീയതയുടേയും ധാര്‍മികതയുടേയും പ്രതിരൂപമാണ്‌ അമ്മയെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ എസ്‌ എസ്‌ പ്രാന്തസംഘചാലക്‌ പിഇബി മേനോന്‍ അഭിപ്രായപ്പെട്ടു. അമൃതാനന്ദമയീ മഠത്തിനെതിരായി നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക്‌ എതിരായുള്ള കൂട്ടായ്മയില്‍ എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമണ്‌ അമ്മയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ അദ്ദേഹം പ്രമേയാവതരണം നടത്തി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ താങ്ങാണ്‌ അമ്മയെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. അമ്മ ജനസമൂഹത്തിലിറങ്ങി അവരുടെ ദാരിദ്ര്യവും ദുഃഖങ്ങളും സ്വയം ആവാഹിച്ച്‌ അവരെ ധാര്‍മികതയുടേയും നേരിന്റേയും പാതയിലേക്കാണ്‌ അമ്മ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബദ്ധസഞ്ചാരങ്ങളില്‍ പെടുന്ന ആളുകളെ നേരാംവണ്ണം നയിക്കുവാന്‍ അമ്മയുടെ ഭക്തരും സമൂഹവും ഒരുമിച്ച്‌ കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയോട്‌ തനിക്കെന്നും ബഹുമാനമാണെന്നും അതിനാലാണ്‌ തിരക്കുകള്‍ക്കിടയിലും ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനാണെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അമ്മ ഹിന്ദുവിന്റെ മാത്രം സ്വത്തല്ലെന്നും മാനവരാശിയുടെ സ്വത്താണെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ.ഹനീഫ്‌ പറഞ്ഞു. ഡോ. കെ.ആര്‍. വിശ്വംഭരന്‍, ധീവരസഭ സംസ്ഥാന ട്രഷറര്‍ പി.കെ. സുധാകരന്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ പ്രസിഡന്റ്‌ എ.എ. അബ്ദുള്‍ അസീസ്‌, ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ഡയറക്ടര്‍ ഇ.എസ്‌. ജോസ്‌, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍.ചന്ദ്രശേഖരന്‍, എസ്‌എന്‍ഡിപി അസിസ്റ്റന്റ്‌ സെക്രട്ടറി അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, സമസ്തകേരള സാഹിത്യ പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി എന്‍.കെ.എ. ലത്തീഫ്‌, കേരള ബ്രാഹ്മണസഭ വൈസ്പ്രസിഡന്റ്‌ പി.എസ്‌. രാമന്‍, മഹിളാ കോണ്‍ഗ്രസ്‌ സെക്രട്ടറി കെ.എന്‍. ഗീതാകുമാരി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ഇ.എന്‍. നന്ദകുമാര്‍, വിശ്വഹിന്ദുപരിഷത്ത്‌ സോണല്‍ സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍, കേരള കുഡുംബി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സുധീര്‍, ഹിന്ദു ഇക്കണോമിക്ക്‌ ഫോറത്തിന്റെ മോഹന്‍ദാസ്‌, ഹരിഹരന്‍, പി.കെ സുധാകരന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ധീവരസഭാ നേതാക്കളായ പി.കെ.സുധാകരന്‍, ആര്‍.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അമൃതാനന്ദമയി ദേവിയ്ക്കെതിരെയുള്ള ആരോപണത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ഗാന്ധിസ്ക്വയറില്‍ നിന്നും പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.