ദല്‍ഹി സ്ഫോടനം തെളിയിക്കുന്നത് ഭീകരരുടെ ഭീരുത്വം - പ്രധാനമന്ത്രി

Wednesday 7 September 2011 4:03 pm IST

ധാക്ക: ദല്‍ഹി സ്ഫോടനം ഭീകരരുടെ ഭീരുത്വമാണ്‌ തെളിയിക്കുന്നതെന്ന്‌ പ്രധാനമന്ത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അക്രമത്തെ അദ്ദേഹം അപലപിച്ചു. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്‍മോഹന്‍. തീവ്രവാദികള്‍ക്കു മുന്നില്‍ രാജ്യം കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരേ ഉടന്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരെ രാഷ്‌ട്രീയ ഭിന്നതകള്‍ മറന്ന്‌ രാഷ്‌ട്രം ഒന്നിച്ചു നില്‍ക്കണമെന്നും പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിന്റെ സമ്മര്‍ദ്ദത്തിന്‌ മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ തുടരുന്ന യുദ്ധത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവുടെ കുടുംബാംഗങ്ങളെ തന്റെ അനുശോചനമറിയിച്ച അദ്ദേഹം പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന്‌ സുഖമാകട്ടെ എന്നും ആശംസിച്ചു. പ്രധാനമന്ത്രി വൈകിട്ടു ദല്‍ഹിയിലെത്തും. സംഭവം നടന്ന ഉടന്‍ അദ്ദേഹം ആഭ്യന്തര മന്ത്രി പി. ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തി. ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.