മനുഷ്യാവകാശ സംഘടനകള്‍ക്ക്‌ അംഗീകാരമില്ലെന്ന്‌ കമ്മീഷന്‍

Wednesday 26 February 2014 9:34 pm IST

തിരുവനന്തപുരം: മനുഷ്യാവകാശ സംരക്ഷണരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകള്‍ക്ക്‌ മനുഷ്യാവകാശ കമ്മീഷന്റെ അംഗീകാരമോ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ അന്വേഷണം നടത്താനുള്ള അധികാരമോ ഇല്ലെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ. ബി. കോശി ഉത്തരവിട്ടു. കേരള സംസ്ഥാന മനുഷ്യാവകാശ സമിതി പ്രസിഡന്റ്‌ കടയ്ക്കാവൂര്‍ വിക്രമന്‍ മനുഷ്യാവകാശ കമ്മീഷന്റെ അംഗീകാരമുണ്ടെന്ന്‌ പ്രചാരണം നടത്തി പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച്‌ അഡ്വ. കെ.എസ്‌. സുധീരന്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ ഉത്തരവ്‌. മനുഷ്യാവകാശ സംരക്ഷണരംഗത്ത്്‌ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്ന സംഘടനകള്‍ക്ക്‌ നിയമപരമായ യാതൊരു അധികാരവുമില്ല. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കണമെന്ന്‌ മനുഷ്യാവകാശ സംരക്ഷണനിയമത്തില്‍ പറയുന്നുണ്ടെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ക്ക്‌ അംഗീകാരം നല്‍കണമെന്ന്‌ പറയുന്നില്ല. കമ്മീഷന്റെ ഉത്തരവില്ലാതെ ഉദ്യോഗസ്ഥര്‍ക്കോ സംഘടനകള്‍ക്കോ കമ്മീഷന്റെ പേരില്‍ അന്വേഷണം നടത്താന്‍ അധികാരവുമില്ല. മനുഷ്യാവകാശ കമ്മീഷന്റെ അംഗീകാരമുണ്ടെന്ന്‌ പറഞ്ഞ്‌ കമ്മീഷന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായി മനസ്സിലാക്കിയപ്പോള്‍ കമ്മീഷന്‍ സംഘടനകള്‍ക്ക്‌ നല്‍കിയിരുന്ന അംഗീകാരം പിന്‍വലിച്ചു. കടയ്ക്കാവൂര്‍ വിക്രമനെ കുറിച്ച്‌ ധാരാളം പരാതികള്‍ കമ്മീഷന്‌ ലഭിക്കുന്നുണ്ട്‌. സംഘടനക്കുവേണ്ടി നിര്‍ബന്ധിതപിരിവ്‌ നടത്തുന്നതായും പരാതിയുണ്ട്‌. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റേതെന്ന്‌ തോന്നിപ്പിക്കുന്ന വിധത്തില്‍ കാറില്‍ ബോര്‍ഡ്‌ വച്ചതായി പരാതിവന്നപ്പോള്‍ കമ്മീഷന്‍ നടപടിയെടുത്തു. സംഘടനയുടെ പേരിന്‌ മുമ്പില്‍ കേരളസ്റ്റേറ്റ്‌ എന്നെഴുതിയിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റേതാണെന്ന തോന്നലുണ്ടാക്കും. എന്നാല്‍ സംഘടനയുടെ രജിസ്ടേഷന്‍ മറ്റൊരു പേരിലാണ്‌. കേരള സ്റ്റേറ്റ്‌ എന്ന്‌ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയതിനെ കുറിച്ച്‌ രജിസ്ട്രാര്‍ ജനറല്‍ വിശദീകരണമെന്ന്‌ ജസ്റ്റിസ്‌ ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. സംഘടനക്ക്‌ കേരള ലോകായുക്തയുടെയും ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെയും അംഗീകാരമുണ്ടെങ്കില്‍ അവര്‍ മാര്‍ച്ച്‌ 31-ന്‌ മുമ്പ്‌ വിശദീകരണം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിയെക്കുറിച്ച്‌ സംസ്ഥാന പോലീസ്‌ മേധാവി അന്വേഷണം നടത്തി മാര്‍ച്ച്‌ 31-നകം വിശദീകരണം സമര്‍പ്പിക്കണം. എതിര്‍കക്ഷിക്കും വിശദീകരണം സമര്‍പ്പിക്കാം. കേസ്‌ ഏപ്രില്‍ 4 ന്‌ തിരുവനന്തപുരം സിറ്റിങ്ങില്‍ പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.