ആറന്മുള: പ്രമാണിമാര്‍ക്ക് ആകാശസഞ്ചാരം നടത്താന്‍ വേണ്ടിയാണ് ആറന്മുള വിമാനത്താവളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആറന്മുളയില് വിമാനം ഇറക്കാനുള്ള ഗൂഢനീക്കത്തെ ഏത് വിധേനെയും പ്രതിരോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള വിരുദ്ധസമിതിയുടെ സത്യാഗ്രഹ പന്തലിലെത്തി സംസാരിക്കുകയായിരുന്നു വി.എസ്
സത്യാഗ്രഹസമരം തുടങ്ങിയ ശേഷം ആദ്യമായാണ് വി.എസ് ആറന്മുളത്തിലെത്തിയത്. പ്രമാണിമാര്‍ ദല്‍ഹിയിലും യു.ഡി.എഫ് സര്‍ക്കാരിലും സ്വാധീനം ചെലുത്തിയാണ് വിമാനത്താവളം കൊണ്ടുവരുന്നത്. ജനങ്ങളെ വിലയ്ക്ക് വാങ്ങാനാണ് കുത്തകമുതലാളിമാര് ശ്രമിക്കുന്നത്. വയലും പുഴയും സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കൃഷി ചെയ്യാനും തൊഴില്‍ നേടാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം.
ഈ ജനകീയസമരത്തെ ദേശാഭിമാനികളായ എല്ലാവരും പിന്തുണയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. സമരം എത്രനാള്‍ നീണ്ടുപോയാലും ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: