ദല്‍ഹിയില്‍ ഭീകരതാണ്ഡവം

Wednesday 7 September 2011 10:38 pm IST

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണം. ദല്‍ഹി ഹൈക്കോടതിയിലുണ്ടായ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. 15ഓളംപേരുടെ നില ഗുരുതരമാണ്‌. മരണസംഖ്യ ഉയര്‍ന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബംഗ്ലാദേശ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി (ഹുജി) ഏറ്റെടുത്തു. ദല്‍ഹി ഹൈക്കോടതിയുടെ ഗേറ്റ്‌ നമ്പര്‍ നാലിനും അഞ്ചിനുമടിയ്ക്കുള്ള സ്വീകരണ മേഖലയില്‍ ഇന്നലെ രാവിലെ 10.15നാണ്‌ രാജ്യത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തിയ സ്ഫോടനം നടന്നത്‌. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സ്ഥലത്ത്‌ ആഴമേറിയ ഗര്‍ത്തം രൂപംകൊണ്ടു. കോടതിയില്‍ പ്രവേശിക്കാനായി പാസിനുവേണ്ടി ഗേറ്റ്‌ നമ്പര്‍ 5-ല്‍ 200 ഓളം പേര്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു സ്ഫോടനം. ഒട്ടേറെ അഭിഭാഷകരും സ്ഥലത്തുണ്ടായിരുന്നു. കോടതി പരിസരത്ത്‌ വെച്ചിരുന്ന ഒരു ബ്രീഫ്‌ കേസാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ ദല്‍ഹി സ്പെഷ്യല്‍ കമ്മീഷണര്‍ ധര്‍മ്മേന്ദ്ര കുമാര്‍ അറിയിച്ചു. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മേഖലയില്‍ ബ്രീഫ്‌ കീസ്‌ എങ്ങനെയെത്തിയെന്ന്‌ അന്വേഷിച്ചുവരികയാണ്‌. പൊട്ടാസ്യം നൈട്രേറ്റ്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചതായി കരുതുന്ന ബോംബ്‌ ബ്രീഫ്‌ കീസിനുള്ളിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ഇതിന്റെ അവശിഷ്ടങ്ങള്‍ അതിനുള്ളില്‍ കണ്ടെത്തിയതായി കുമാര്‍ പറഞ്ഞു. സ്ഫോടനം ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന്‌ ഭീകരസംഘടനകള്‍ നിര്‍മ്മിക്കുന്ന അത്യാധുനിക സ്ഫോടകസംവിധാനത്തിന്റെ എല്ലാ പ്രത്യേകതകളും അതിനുണ്ടായിരുന്നുവെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനായ ആര്‍.കെ.സിങ്ങ്‌ പറഞ്ഞത്‌. ദല്‍ഹി ഹൈക്കോടതിയില്‍ ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും ആര്‍ക്കും ഒരു ബ്രീഫ്കെയ്സ്‌ ഉപേക്ഷിച്ചശേഷം നടന്നുപോകാവുന്ന പൊതുസ്ഥലത്താണ്‌ സ്ഫോടനം നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഫോടനത്തെത്തുടര്‍ന്ന്‌ കോടതി നടപടികള്‍ ഉച്ചക്ക്‌ രണ്ടുമണിവരെ നിര്‍ത്തിവെച്ചു. കോടതി മുറികളെല്ലാം സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാസേന, ഫോറന്‍സിക്‌ വിദഗ്ദ്ധര്‍ തുടങ്ങിയവരെല്ലാം ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോനത്തിന്റെ സൂത്രധാരന്മാരെന്ന്‌ കരുതുന്ന രണ്ട്‌ ഭീകരരുടെ രേഖാചിത്രങ്ങളും ദല്‍ഹി പോലീസ്‌ പുറത്തുവിട്ടു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ്ങ്‌, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ബംഗ്ലാദേശ്‌ ഭീകരസംഘടനയാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ആദ്യംതന്നെ സൂചന കിട്ടിയിരുന്നു. സ്ഫോടനം നടന്നതോടെ പരിഭ്രാന്തിയിലായ ജനം രക്ഷപ്പെടാനായി തലങ്ങും വിലങ്ങും ഓടുന്നത്‌ കണ്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അതിഭീകരമായ ശബ്ദത്തിന്‌ പിന്നാലെ പുക ഉയരുകയും ജനങ്ങളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കുകയും ചെയ്തതായി കോടതിക്ക്‌ പുറത്ത്‌ ഒരു കെട്ടിട നിര്‍മ്മാണസൈറ്റിലെ കാവല്‍ക്കാരനായ നരേന്ദ്രകുമാര്‍ സിങ്ങ്‌ പറഞ്ഞു. ശബ്ദതീവ്രതയില്‍ പലരുടെയും കേള്‍വി ശക്തി ഏറെ നേരത്തേക്ക്‌ നഷ്ടപ്പെട്ടതായി ദൃക്‌സാക്ഷികളും പറഞ്ഞു. ബുധനാഴ്ചകളില്‍ പൊതുവേ പൊതുതാല്‍പര്യ ഹര്‍ജികള്‍ കൂടുതലായി പരിഗണിക്കുന്നതിനാല്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഏറെ തിരക്ക്‌ പതിവാണ്‌. ഈ ദിവസം തന്നെ സ്ഫോടനത്തിന്‌ തെരഞ്ഞെടുത്തതും അതുകൊണ്ടാണെന്ന്‌ കരുതുന്നു. കഴിഞ്ഞ നാല്‍മാസത്തിനിടെ ദല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്‌. കഴിഞ്ഞ മെയ്‌ 25നുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഈ സ്ഫോടനത്തിന്‌ പിന്നാലെ അധികൃതര്‍ തലസ്ഥാനത്ത്‌ അതീവജാഗ്രത പ്രഖ്യാപിക്കുകയും പൊതുസ്ഥലങ്ങളിലെ സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രഹരശേഷി കുറഞ്ഞ സ്ഫോടകവസ്തുക്കള്‍ പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ്‌ 7-ാ‍ം ഗേറ്റിനടുത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ഒരു കാറിന്‌ സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉച്ചക്ക്‌ 1.30ഓടെ പൊട്ടിത്തെറിച്ചു. അമോണിയം നൈട്രേറ്റ്‌, ബാറ്ററി പോലുള്ള വസ്തു, വയറുകള്‍, ആണികള്‍ തുടങ്ങിയവ സ്ഫോടനസ്ഥലത്തുനിന്ന്‌ കണ്ടെടുക്കുകയും ചെയ്തു. 2008 സപ്തംബര്‍ 13നാണ്‌ തലസ്ഥാനത്ത്‌ ഇതിന്‌ മുമ്പ്‌ അതിഭീകരമായ ആക്രമണമുണ്ടായത്‌. ദല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ അഞ്ചുമിനിറ്റിനുള്ളില്‍ അഞ്ചുസ്ഫോടനങ്ങളാണുണ്ടായത്‌. 30 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്‌, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഷീലാദീക്ഷിത്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്‌. പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്നതിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ കൂട്ടനരഹത്യക്കിടയാക്കിയ സ്ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മാനസിക വൈകൃതമുള്ളവരാണെന്ന്‌ ഇസ്രയേല്‍ ടൂറിസം മന്ത്രി സ്നാസ്‌ മിഷേനികോവ്‌ പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം സ്ഫോടനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു. ഇതിനിടെ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തി കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത ജനരോഷം ഉയര്‍ന്നു. രാഹുല്‍ഗാന്ധി തിരിച്ചുപോകണമെന്ന്‌ ജനങ്ങള്‍ ആക്രോശിച്ചതോടെ ഗത്യന്തരമില്ലാതെ അദ്ദേഹം മടങ്ങുകയും ചെയ്തു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.