ഉമ്മന്‍ചാണ്ടി ഊരാക്കുരുക്കില്‍

Friday 28 February 2014 7:45 pm IST

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമേഖലയിലാണെന്ന വിജ്ഞാപനം തിരുത്തി പുതിയ വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ്‌ സ്റ്റന്‍ഡാണോ എന്നതാണ്‌ ഇന്ന്‌ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനമിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തള്ളി കരട്‌ വിജ്ഞാപനം ഇറക്കിയാലും അത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പ്‌ പുറത്തുവന്നില്ലെങ്കില്‍ പ്രാവര്‍ത്തികമാകുകയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ മുള്‍ക്കിരീടമാകുമോ പൊന്‍കുരിശാകുമോ എന്ന്‌ അടുത്തദിവസങ്ങളില്‍നിന്ന്‌ അറിയാം. ഇടുക്കി മേഖലയിലെ 2500 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കര്‍ഷകവൃത്തിയും റബര്‍ തോട്ടങ്ങളുമടങ്ങിയ മേഖലയാണ്‌ പരിസ്ഥിതിലോലമെന്ന്‌ കസ്തൂരിരംഗന്‍ സമര്‍ത്ഥിക്കുന്നത്‌. ജനവാസകേന്ദ്രമായ ഈ മേഖല പരിരക്ഷിച്ചുള്ള വിജ്ഞാപനം കേന്ദ്രം ഉടന്‍ പുറത്തിറക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ വാഗ്ദാനം. അങ്ങനെ ഒരു വാഗ്ദാനം നല്‍കിയില്ലെന്നാണ്‌ വനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി വിശദീകരിക്കുന്നത്‌. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്നാണ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെ പ്രഖ്യാപനം. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പുനഃക്രമീകരണം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്‌. ഇടുക്കി മേഖലയിലെ കര്‍ഷകരുടെ പ്രശ്നം കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ വിഷയമാണ്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ പി.സി.ജോര്‍ജ്‌ രാജിവെയ്ക്കുമെന്ന്‌ പ്രസ്താവിച്ചു കഴിഞ്ഞു. എല്‍ഡിഎഫ്‌ ഇന്ന്‌ ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. ആറ്‌ കേരളാ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ട്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഒരു പരിസ്ഥിതി പ്രശ്നമായി ഒതുങ്ങുന്നില്ല. അത്‌ ഒരു രാഷ്ട്രീയ-സാമുദായിക പ്രശ്നവും മലയോരമേഖലയിലെ നിയമവാഴ്ചയുടെ പ്രശ്നവുമാണ്‌. ഈ സാഹചര്യത്തില്‍ ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന വിജ്ഞാപനം എതിര്‍ കക്ഷികളുടെ കയ്യില്‍ ഫലവത്തായ ഒരു രാഷ്ട്രീയ ആയുധമായി മാറാം. പരിസ്ഥിതി ലോല മേഖലകളുടെ പുനര്‍നിര്‍ണയം അപ്രായോഗികമാണെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തിരുത്തിയില്ലെങ്കില്‍ കേരള രാഷ്ട്രീയം കലങ്ങുമെന്നുറപ്പാണ്‌. ഇതിന്റെ ഗുണഫലം കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനായിരിക്കും. കേരള സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തിരുത്തി കരട്‌ വിജ്ഞാപനമിറക്കിയാലും സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതിനുമുമ്പ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. കരട്‌ വിജ്ഞാപനമിറക്കി 60 ദിവസത്തിനുശേഷമേ നടപടിയുണ്ടാകുകയുള്ളൂ. അപ്പോള്‍ പരിസ്ഥിതിലോല ജനവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്ന ആശങ്ക തുടരും. കേരളത്തിന്റെ ആവശ്യം 2500 സ്ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖല ഒഴിവാക്കണമെന്നാണ്‌. ഈ വിഷയം പരിശോധിച്ച ഉമ്മന്‍ ഡി ഉമ്മനും ഈ മേഖലയും അതിനോടനുബന്ധമായ 1000 സ്ക്വയര്‍ കിലോമീറ്റര്‍ മേഖലയും പരിരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പ്‌ നല്‍കുന്നു. ഇപ്പോള്‍ കസ്തൂരിരംഗന്‍ നിര്‍ദ്ദേശിച്ച പരിസ്ഥിതിലോല പ്രദേശങ്ങളും നിയന്ത്രണങ്ങളും അംഗീകരിച്ച്‌ സര്‍ക്കാര്‍ നവംബര്‍ 13ന്‌ ഇറക്കിയ ഉത്തരവ്‌ നിലവിലുണ്ട്‌. ഇത്‌ ജനവാസ-കൃഷിഭൂമി മേഖലകളെ പരിഗണിക്കാതെ തയ്യാറാക്കിയതാണ്‌. ഇത്‌ ഉയര്‍ത്തിയ ആശങ്കയാണ്‌ പുനര്‍നിര്‍ണയ ആവശ്യമുയരാന്‍ കാരണം. മറ്റ്‌ സംസ്ഥാനങ്ങളും അവരുടെ നിലപാട്‌ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ നവംബര്‍ 13ലെ ഉത്തരവ്‌ പുനഃപരിശോധിച്ച്‌ ആശങ്ക പരിഹരിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നത്‌. പക്ഷെ വനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി പറയുന്നത്‌ മന്ത്രാലയം ഈ വിഷയം പുനഃപരിശോധിക്കുന്നില്ലെന്നാണ്‌. ദേശീയ ഹരിത ട്രൈബ്യൂണലും പരിസ്ഥിതിലോല പ്രദേശങ്ങളായി നിര്‍ണയിച്ച കേരളത്തിലെ 120 ഗ്രാമങ്ങള്‍ അതേപടി തുടരുമെന്ന്‌ തന്നെയാണ്‌. പക്ഷേ ഇങ്ങനെ ഒരു കടുംപിടിത്തം സര്‍ക്കാരിന്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നത്‌ തീര്‍ച്ചയാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിഎ വര്‍ധിപ്പിച്ച്‌ 100 ശതമാനമാക്കിയതും തെരഞ്ഞെടുപ്പില്‍ മുന്നില്‍ക്കണ്ടാണല്ലോ. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളധികം കൃഷിക്കാരുണ്ടെന്ന്‌ കേന്ദ്രം മറക്കുന്നു. കര്‍ഷകരുടെ വക്താവായ കേരളാ കോണ്‍ഗ്രസ്‌ ഈ വിഷയത്തില്‍ നിലപാടെടുത്താല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും അസ്ഥിരമാകും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പായാല്‍ ഇടുക്കി ജനജീവിതം ദുഃസഹമാകും. ഈയിടെ തിരുവമ്പാടിയില്‍ രമേശ്‌ എന്ന യുവാവ്‌ ഭൂമി വിറ്റ്‌ സഹോദരിയുടെ വിവാഹം നടത്താനാകാതെ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആശങ്കകളാണ്‌ ഇവിടുത്തെ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നത്‌. ഇപ്പോള്‍ ഉമ്മന്‍ ഡി ഉമ്മന്‍ റിപ്പോര്‍ട്ട്‌ പഠിച്ച്‌ മൂന്നര മണിക്കൂര്‍ ചര്‍ച്ച ചെയ്തശേഷം ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇടുക്കി നിവാസികള്‍. മറ്റു സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖല പ്രദേശങ്ങളായി കണ്ടെത്തിയ ഭൂമി ആ പരിധിയില്‍നിന്ന്‌ ഒഴിവാക്കപ്പെട്ട സ്ഥിതിക്ക്‌ എന്തുകൊണ്ട്‌ കേരളത്തിനോട്‌ ഈ വിവേചനം? ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.