ദല്‍ഹി സ്ഫോടനം : മരണ സംഖ്യ 13 ആയി

Thursday 8 September 2011 10:12 pm IST

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ഇസ്ലാമിക ഭീകരര്‍ ദല്‍ഹിയില്‍ നടത്തിയ ബോംബ്സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 13 ആയി ഉയര്‍ന്നു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയിലായിരുന്ന ഒരാള്‍കൂടി ഇന്നലെ മരിച്ചു. ദല്‍ഹി ഹൈക്കോടതിയുടെ കവാടത്തില്‍ നടത്തിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്‌ ഇസ്ലാമിക ഭീകരസംഘടനയായ 'ഹുജി' ഇ-മെയില്‍ സന്ദേശം അയച്ചത്‌ കാശ്മീരിലെ കിഷ്ഠ്വാറിലുള്ള ഒരു സൈബര്‍ കഫേയില്‍നിന്നാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. കഫേ ഉടമസ്ഥനടക്കം മൂന്നുപേര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ പിടിയിലായി. കഫേ ഉടമ മുഹമ്മദ്‌ ക്വാജയെയും മറ്റും ചോദ്യംചെയ്യുന്നതിനാണ്‌ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. ഇ-മെയില്‍ സന്ദേശത്തെക്കുറിച്ചാവും ഇവരോട്‌ ആരായുക. ഖാലിദ്‌ എന്നയാളാണ്‌ പിടിയിലായ മറ്റൊരാള്‍. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇ-മെയില്‍ സന്ദേശം അയച്ച കിഷ്ഠ്വാറിലെ സൈബര്‍ കഫേക്ക്‌ മുന്നില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്‌. ഇവിടുത്തെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനാണിത്‌. സ്ഫോടനവുമായി ബന്ധപ്പെട്ട ഇ-മെയില്‍ സന്ദേശത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന്‌ ഡിജിപി കുല്‍ദീപ്‌ ഖോഡ അറിയിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലുള്ള ഇ-മെയിലിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്നും സംഭവം ഗൗരവതരമായിതന്നെയാണ്‌ എടുത്തിട്ടുള്ളതെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു.കെ. ബന്‍സാല്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ഉടന്‍ റദ്ദാക്കണമെന്നും മറ്റ്‌ ഹൈക്കോടതികളും സുപ്രീംകോടതിയും തങ്ങളുടെ ആക്രമണ ലക്ഷ്യമാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു 'ഹുജി'യുടെ ഇ-മെയില്‍ സന്ദേശം. ഇതിനിടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയും രംഗത്തുവന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണത്തെ വഴിതെറ്റിക്കാനുമാണ്‌ ഇതെന്ന്‌ കരുതപ്പെടുന്നു. 'ചോട്ടൂ' എന്ന പേരില്‍ മുംബൈയിലെയും ദല്‍ഹിയിലെയും മാധ്യമ ഓഫീസുകളിലാണ്‌ ഈ സന്ദേശം ലഭിച്ചത്‌. ഷോപ്പിംഗ്‌ മാളില്‍ മറ്റൊരാക്രമണം നടത്തുമെന്നും സന്ദേശത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഉച്ചക്ക്‌ 12.37 ന്‌ ലഭിച്ച സന്ദേശത്തില്‍ സ്ഫോടനം നടത്തിയതില്‍ 'ഹുജി'ക്ക്‌ യാതൊരു പങ്കുമില്ലെന്നും പറയുന്നുണ്ട്‌. തിരക്കേറിയ ദിവസമായതിനാലാണ്‌ സ്ഫോടനം നടത്താന്‍ ബുധനാഴ്ച തന്നെ തെരഞ്ഞെടുത്തതത്രെ. ബുധനാഴ്ചകളിലാണ്‌ ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്‌. സ്ഫോടനത്തില്‍ പരിക്കേറ്റ നാല്‍പതുകാരനായ പ്രമോദ്കുമാറാണ്‌ ഇന്നലെ ആശുപത്രിയില്‍ മരണമടഞ്ഞത്‌. പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഹരിനഗര്‍ സ്വദേശിയായ ഇയാള്‍ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍വെച്ചാണ്‌ മരിച്ചത്‌. പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമാണ്‌. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ്‌ കരുതപ്പെടുന്നത്‌. അതിനിടെ ജിഹാദി ഭീകരതയെ നേരിടാനുള്ള ഇഛാശക്തി സര്‍ക്കാരിന്‌ നഷ്ടപ്പെട്ടിരിക്കുകയാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ അലഹബാദില്‍ കുറ്റപ്പെടുത്തി. ജിഹാദി ഭീകരതയുടെ കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി നിഷ്ക്രിയമാണെന്നും ഹിന്ദുസംഘടനകളെ വേട്ടയാടാനാണ്‌ അവര്‍ക്ക്‌ താല്‍പര്യമെന്നും തൊഗാഡിയ പ്രസ്താവനയില്‍ പറഞ്ഞു. "രാജ്യത്തെ ജനങ്ങള്‍ വളരെക്കാലമായി ജിഹാദി ഭീകരതയെ സഹിക്കുകയാണ്‌. ഗുരുതരമായ ഈ പ്രശ്നം രാഷ്ട്രീയവല്‍ക്കരിച്ച്‌ ആഭ്യന്തര-അതിര്‍ത്തിസുരക്ഷയെ അപകടപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക്‌ കടുത്ത അമര്‍ഷമുണ്ട്‌," വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പറഞ്ഞു. സ്ഫോടനത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അപലപിച്ചു. ഭീകരവാദികളുടെ ഹീനമായ ഈ പ്രവൃത്തി കുറ്റകരവും നീതീകരിക്കാനാവാത്തതുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കെതിരായ ആക്രമണത്തെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കരുതെന്ന്‌ അഭിപ്രായപ്പെട്ട മൂണ്‍ കുറ്റവാളികളെ എത്രയുംവേഗം നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.