ബിജെപിയും ന്യൂനപക്ഷങ്ങളും

Sunday 2 March 2014 9:22 pm IST

ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ജെയ്റ്റ്ലിയുടെ വിശകലനം ജന്മഭൂമിയില്‍
ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയും രാഷ്ട്രീയ മുസ്ലിം മഞ്ചും ന്യൂദല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. പാര്‍ട്ടി പ്രസിഡന്റ്‌ ശ്രീ. രാജ്നാഥ്‌ സിംഗാണ്‌ ഉദ്ഘാടനം ശചയ്ത സമ്മേളനത്തില്‍ ഞാനും പങ്കെടുത്തു. പങ്കെടുത്ത പ്രതിനിധികളുടെ പ്രതികരണം വളരെ ഉത്സാഹഭരിതമായിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച്‌ ഭയമുളവാക്കുന്ന തരത്തിലുള്ള സംഘടിത പ്രചാരണമാണ്‌ വര്‍ഷങ്ങളായി നടന്നുവരുന്നത്‌. എന്നാല്‍, ബിജെപിക്ക്‌ ന്യൂനപക്ഷവിഭാഗങ്ങളോട്‌ വിവേചനമോ മുന്‍വിധിയോ ഇല്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ കഠിനപ്രയത്നം നടത്തേണ്ടിവന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായം ഏറെ പ്രശംസനീയമായതിന്റെ ചില സംഭവങ്ങള്‍ ഇവിടെ വിശദീകരിക്കാം. 1984-ല്‍ ദല്‍ഹിയിലും മറ്റും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായ സിഖ്‌ വിരുദ്ധ കലാപങ്ങള്‍ക്കുശേഷം സിക്ക്‌ വിഭാഗങ്ങളുമായി ബിജെപിക്ക്‌ വളരെ തൃപ്തികരമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പഞ്ചാബ്‌, ദല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ പ്രദേശങ്ങളിലെ സിഖ്‌ വിഭാഗം സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ബിജെപി ടിക്കറ്റില്‍ വിജയിക്കുകയുണ്ടായി. സിഖ്‌ സമുദായത്തില്‍പ്പെട്ട ധാരാളം രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇന്ന്‌ രാജ്യമാകെ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഗോവയില്‍ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ധാരാളം അംഗങ്ങള്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഗോവയിലെ മിക്കവാറുമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ ബിജെപിക്കുവേണ്ടി വോട്ടു ചെയ്യുകയുണ്ടായി. ഗോവയില്‍ ബിജെപിക്കും ക്രിസ്ത്യന്‍ സമുദായത്തിനും ഇടയ്ക്കുണ്ടായിരുന്ന അകലം ഇതുവഴി ഇല്ലാതായി. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഈയിടെ രാജസ്ഥാന്‍ നിയമസഭയിലേക്ക്‌ രണ്ടു സിഖുകാരും രണ്ടു മുസ്ലിങ്ങളും ഉള്‍പ്പെടുന്ന നാലംഗങ്ങളായിരുന്നു ന്യൂനപക്ഷസമുദായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌. ഈ നാലുപേരും ബിജെപിയില്‍പ്പെട്ടവരായിരുന്നു. ഗുജറാത്തിലും മദ്ധ്യപ്രദേശിലും പ്രാദേശികതലത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന ധാരാളം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എവിടെയൊക്കെയാണോ ബിജെപി ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുള്ളത്‌, ആ വിഭാഗത്തില്‍പ്പെടുന്ന പ്രവര്‍ത്തകരെ നേതാക്കന്മാരായി വാര്‍ത്തെടുത്തപ്പോഴെല്ലാം വോട്ടര്‍മാരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌.
മറ്റുള്ളവരില്‍ നിന്ന്‌ ബിജെപിയെ വിഭിന്നമാക്കുന്നത്‌ നമ്മള്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ന്യൂനപക്ഷവിഭാഗക്കാരെ ഉപകരണങ്ങളാക്കി മാറ്റിയിട്ടില്ല എന്നതാണ്‌. മറ്റു പൗരന്മാര്‍ക്കൊപ്പം അവരെ പരിഗണിക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക്‌ തുല്യരീതിയില്‍ പരിഹാരം കാണാനും നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
ന്യൂനപക്ഷവിഭാഗങ്ങളുള്‍പ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷിതത്വവും എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനം കൂടാതെലുള്ള പരിഗണനയും 'കലാപരഹിത രാഷ്ട്ര' വുമാണ്‌ നമ്മുടെ ലക്ഷ്യമെന്ന്‌ സമ്മേളനത്തില്‍ പ്രഖ്യാപിനം നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുള്‍പ്പെടെ ഓരോ ഭാരതീയന്റെയും സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച്‌ അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്‌ നാം പ്രതിജ്ഞാബദ്ധരാണ്‌.
ബിജെപിയെ എതിര്‍ക്കുന്നവര്‍ നടത്തിയ പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസില്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ന്യൂനപക്ഷ സമുദായങ്ങളോടുള്ള ബിജെപിയുടെ സമീപനവും നിലപാടും അവരെ അറിയിക്കുന്നതിനും ലക്ഷ്യമിട്ട്‌ ഇതുപോലെയുള്ള ആയിരം സമ്മേളനങ്ങളെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കണമെന്നാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.