സ്കൂളിന്റെ അനാസ്ഥ: 46 കുട്ടികള്‍ക്ക്‌ പരീക്ഷ മുടങ്ങി

Monday 3 March 2014 10:00 pm IST

കൊട്ടാരക്കര: ചെങ്ങമനാട്‌ ബിആര്‍എം സെന്‍ട്രല്‍ സ്കൂളിലെ 46 കുട്ടികള്‍ക്ക്‌ സ്കൂള്‍ അധികൃതരുടെ അനാസ്ഥ കാരണം സിബിഎസിഇയുടെ ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. കുട്ടികളും രക്ഷിതാക്കളും സംഘടിതരായി സ്കൂള്‍ അധികൃതരെ ഉപരോധിച്ചതുകാരണം മണിക്കൂറുകളോളം സ്കൂള്‍ പരിസരത്ത്‌ സംഘര്‍ഷാവസ്ഥ.
കൊട്ടാരക്കര ഡിവൈഎസ്പിയുടേയും മൂന്നു സിഐമാരുടേയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌. ഇന്നലെ ഉച്ചയ്ക്ക്‌ 11.30 ഓടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ചെങ്ങമനാട്‌ ചേത്തടിയില്‍ പ്രവര്‍ത്തിക്കുന്ന ബിആര്‍എം സെന്‍ട്രല്‍ സ്കൂളിലെ 46 കുട്ടികളെ സിബിഎസ്‌ഇയുടെ ബോര്‍ഡ്‌ പരീക്ഷ എഴുതാനായി കൊട്ടാരക്കര മെയിലം എംജി സ്കൂളില്‍ രാവിലെ 8.30ന്‌ എത്തിച്ചു. എന്നാല്‍ കുട്ടികള്‍ക്ക്‌ ഹാള്‍ നല്‍കാനോ ഇവരുടെ റോള്‍ നമ്പര്‍ രേഖപ്പെടുത്താനോ ആരും ഉണ്ടായിരുന്നില്ല. സ്കൂള്‍ അധികൃതരോട്‌ കാരണം തിരക്കിയപ്പോള്‍ ഇവരെ പരീക്ഷ എഴുതിക്കാന്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന്‌ ഉറപ്പായതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. ഇവരുടെ കൂടെ ഒരു അദ്ധ്യാപിക എത്തിയിരുന്നെങ്കിലും അവര്‍ രക്ഷിതാക്കളെ അറിയിക്കാന്‍ മിനക്കെട്ടില്ല. ഇതിനിടയില്‍ ഒരു കുട്ടി സ്ഥലത്തുണ്ടായിരുന്ന ഒരാളിന്റെ മൊബെയില്‍ വാങ്ങി രക്ഷിതാവിനെ അറിയിച്ചു. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ കൂട്ടമായി എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പലപ്രാവശ്യവും കയ്യാങ്കളിവരെ കാര്യങ്ങള്‍ എത്തി. പോലീസ്‌ പണിപ്പെട്ടാണ്‌ സംഘര്‍ഷം ഒഴിവാക്കിയത്‌.
സ്കൂള്‍ മാനേജ്മെന്റ്‌ ബോര്‍ഡ്‌ എക്സാം എന്നതിനു പകരം ക്ലാസ്‌ എക്സാം എന്ന്‌ രേഖപ്പെടുത്തി അയച്ചതാണ്‌ തങ്ങളുടെ കുട്ടികള്‍ക്ക്‌ ബോര്‍ഡ്‌ പരീക്ഷ എഴുതാന്‍ അവസരം നഷ്ടമാക്കിയതെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു. ഹാള്‍ ടിക്കറ്റില്‍ എക്സാം സെന്റര്‍ ഇല്ലെന്നതും ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന്‌ പിഴവ്‌ പറ്റിയില്ലെന്ന്‌ മാനേജ്മെന്റ്‌ ആവര്‍ത്തിച്ചത്‌ സംഘര്‍ഷത്തിന്‌ ആക്കം കൂട്ടി. തങ്ങളുടെ കയ്യിലുള്ള രജിസ്റ്ററില്‍ എല്ലാം നേരയാണെന്നാണ്‌ വൈസ്‌ പ്രന്‍സിപ്പലിന്റെ വാദം. സംഘര്‍ഷത്തിന്‌ അയവുവരുത്താന്‍ പോലീസ്‌ നടത്തിയ ശ്രമത്തിനൊടുവില്‍ 14ന്‌ നടക്കുന്ന ബോര്‍ഡ്‌ പരീക്ഷയില്‍ കുട്ടികള്‍ക്ക്‌ പരീക്ഷ എഴുതാന്‍ ബോര്‍ഡില്‍ നിന്ന്‌ അനുമതി വാങ്ങി നല്‍കാമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കി. കുട്ടികള്‍ക്ക്‌ ഉന്നതപഠനത്തിന്‌ അവസരം നഷ്ടമായാല്‍ തങ്ങളുടെ ചിലവില്‍ 46 പേരെയും 12-ാ‍ം ക്ലാസില്‍ പഠിപ്പിക്കുമെന്നും ഉറപ്പു നല്‍കി. ചില രക്ഷിതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു. കൊട്ടാരക്കര സിഐ ആര്‍ വിജയന്‍, പുനലൂര്‍ സിഐ മഞ്ജുലാല്‍, പത്തനാപുരം സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.