മേയറുടെ വിദേശ യാത്രകള്‍ അന്വേഷിക്കണം: ബിജെപി

Monday 3 March 2014 10:23 pm IST

കൊച്ചി: കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത്‌ ഉല്ലാസയാത്ര നടത്തുന്ന മേയര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ണര്‍ കേരള സംഗമം നടന്നപ്പോള്‍ മുതല്‍ ഒരാഴ്ച്ചയിലേറെയായി മേയര്‍ ലണ്ടന്‍ പര്യടനത്തിലാണ്‌. എന്തിനാണ്‌ ഈ യാത്രയെന്നും എവിടെയാണ്‌ പോയതെന്നും കോര്‍പ്പറേഷനില്‍ ഉള്ളവര്‍ക്ക്‌ പോലും അറിയില്ല. മേയറായി ചുമതലയേറ്റ്്്‌ മൂന്നു വര്‍ഷത്തിനിടയില്‍ 22 വിദേശ യാത്രകളാണ്‌ നടത്തിയിരിക്കുന്നത്‌. 7 പ്രാവശ്യം ദുബയിലേക്ക്‌ യാത്ര നടത്തി. ആസ്ട്രേലിയ, ഇറ്റലി, അമേരിക്ക, ലണ്ടന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന്‌ വിശേഷിപ്പിച്ച പാര്‍ട്്ണര്‍ കേരളയില്‍ 100 ധാരണാ പത്രങ്ങളാണ്‌ അവതരിപ്പിച്ചത്‌. സമ്മേളനത്തില്‍ വൈറ്റില ഹബ്‌ ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അഞ്ച്‌ കോര്‍പ്പറേഷനിലെ മേയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ കൊച്ചി മേയര്‍ മാത്രം ഈ സമയത്ത്‌ കുടുംബ സമേതം വിദേശ യാത്രയിലായിരുന്നു. തുടര്‍ച്ചയായി ദുബായില്‍ നടത്തുന്ന സന്ദര്‍ശനം സംബന്ധിച്ച്‌ വിശദമായി അന്വേഷിക്കണം. കൊച്ചിക്കാരനായ കേന്ദ്രമന്ത്രിയുടെ ദൂതനായാണ്‌ മേയര്‍ വിദേശയാത്രകള്‍ നടത്തുന്നതെന്നും എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. റോമില്‍ പോയി പോപ്പുമായി വരെ ചര്‍ച്ച നടത്തി. ഇതിന്‍്‌ പിന്നിലെ രഹസ്യമെന്തെന്നും കണ്ടെത്തണം. യാത്രകളുടെ ചിലവ്‌ ആരാണ്‌ വഹിക്കുന്നത്‌, അവരുടെ താല്‍പ്പര്യങ്ങള്‍ എന്തൊക്കെ, വിദേശത്ത്‌ ആരെയൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യായ്യാണ്‌ വിദേശ യാത്രയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കേരളം എന്നും മാതൃകയാക്കിയിട്ടുള്ളത്‌ ഗുജറാത്തിനെയാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി കേരളത്തിലെത്തിയപ്പോള്‍ പുറംതിരിഞ്ഞുനിന്ന മേയര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിദേശത്ത്‌ പോയെന്നത്‌ ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദവിയിലെത്തിയശേഷം 280 ദിവസവും മേയര്‍ വിദേശത്തായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.