കൊച്ചി മെട്രോ നിര്‍മ്മാണം പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകില്ല: ഇ. ശ്രീധരന്‍

Tuesday 4 March 2014 10:12 am IST

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകില്ലെന്ന് ഇ. ശ്രീധരന്‍. സ്ഥലം ഏറ്റെടുക്കുന്നത് തടസമായി നില്‍ക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൊഴില്‍ സമരം അടക്കം പല പ്രശ്‌നങ്ങളും മൂലം പലപ്പോഴും ദിവസങ്ങളോളം കൊച്ചി മെട്രോയുടെ നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പിന്തുണമൂലമാണ് പ്രശ്‌നങ്ങള്‍ തീര്‍ത്ത് വീണ്ടും പണി തുടങ്ങാന്‍ സാധിക്കുന്നത്. മെട്രോയുടെ കോച്ചുകളുടെ നിര്‍മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്തതും പദ്ധതി വൈകാന്‍ ഇടയാക്കുന്നുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു. കേരളത്തിലെ സാഹചര്യങ്ങളില്‍  അതിവേഗ റെയില്‍പാതയാണ് ആവശ്യം. എന്നാല്‍ അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാര്യമായ ശ്രദ്ധ കാണിക്കുന്നില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ പൂര്‍ണ തൃപ്തനല്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരന്റെ ഇപ്പോഴത്തെ പരാമര്‍ശം. തൊഴില്‍ തര്‍ക്കങ്ങള്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഡല്‍ഹി മെട്രോ നടത്തുന്ന ഡി.എം.ആര്‍.സിയാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര നഗരവികസനമന്ത്രാലയവും സംയുക്തമായി രൂപവല്‍ക്കരിച്ച കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആണ് കോമെറ്റിന്റെ ചുമതല നിര്‍വ്വഹിക്കുന്നത്. ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. തുടക്കത്തില്‍ മൂന്നു കോച്ചുകളാണുണ്ടാകുക. പിന്നീട് ആത് ആറാക്കി ഉയര്‍ത്തും. 5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ പ്രതീക്ഷിത ചിലവ്. കേന്ദ്രസര്‍ക്കാരിന്റെ സഹായമായി ആയിരം കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ 15 ശതമാനംവീതം ഓഹരിപങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി ജൈക്ക 2170 കോടി രൂപയുടെ വായ്പയാണ് ലഭിക്കുക. 26 കി. മി. നീളത്തില്‍ തൃപ്പൂണിത്തറ മുതല്‍ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡിനുമധ്യത്തില്‍ തൂണുകളിലാണ് മെട്രോയുടെ പാളങ്ങള്‍ സ്ഥാപിക്കുന്നത്. മൂന്നുകോച്ചുകളുള്ള റോളിംഗ് സ്‌റ്റോക്ക് എന്ന സാങ്കേതിക നാമമുള്ള തീവണ്ടിയ്ക്ക് അറുന്നൂറുപേരെ വഹിക്കാന്‍ കഴിയും.  ശരാശരി വേഗം മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്ററായിരിക്കും. കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കൊച്ചി മെട്രോയെ കരുതുന്നത്. പ്രതീക്ഷിച്ച നിലയില്‍ നിര്‍മ്മാണം പുരോഗമിച്ചാല്‍ 2015 ഓടെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.