കസ്തൂരി രംഗന്‍: സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്‌തെന്ന് മുഖ്യമന്ത്രി

Tuesday 4 March 2014 12:54 pm IST

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആശങ്കകള്‍ ഗൗരവത്തോടെ എടുക്കുമെന്നാണ് കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയല്ല കേരളം പറഞ്ഞ തിരുത്തലുകളോടെ റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടത്. നവംബര്‍ 13ലെ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടി വരിക. ഇതിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ പങ്കാളിത്തതോടെ വനസംരക്ഷണം നടത്തുകയാണ് വേണ്ടത്. ജനങ്ങളെ ആട്ടിയോടിച്ചല്ല പരിസ്ഥിതി സംരക്ഷണം നടത്തേണ്ടത്. ജനവാസ കേന്ദ്രങ്ങളും പ്ലാന്റേഷനുകളും കൃഷിസ്ഥലങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം പരിസ്ഥിതി സംരക്ഷണം നടത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വരള്‍ച്ചയെ നേരിടുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. സഹകരണ ബാങ്കുകളില്‍ നിന്നുള്ള മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികള്‍ ജൂണ്‍ 30വരെ നിര്‍ത്തിവെക്കും. ദേശസാല്‍കൃത ബാങ്കുകളോട് അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 100 സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കായുള്ള 40 സ്‌കൂളുകളെ എയ്ഡഡാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഗണിച്ച് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അന്തിമ വിജ്ഞാപനം പുറത്തുവരുന്നതുവരെ സമരം തുടരാനാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം നടത്തുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയും പശ്ചിമഘട്ടജന സംരക്ഷണ സമിതിയും തീരുമാനിച്ചിരിക്കുന്നത്. വിജ്ഞാപനം എതിരായാല്‍ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെതിരെ പ്രതികരിക്കാനാണ് ഇവരുടെ തീരുമാനം. കേരളത്തിലെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.പിമാര്‍ക്ക് രാഹുല്‍ഗാന്ധി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള ഉറപ്പുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും പരിസ്ഥിതി ലോല പട്ടികയില്‍ നിന്നും കേരളത്തിലെ 123 വില്ലേജുകളെ ഒഴിവാക്കണമെന്നും കാണിച്ച് നടത്തുന്ന സമരം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.