ശ്ലോകം : ഗോധൂളീമലിനാകാരോ ഗോലോകപതിഃ ശാശ്വതഃ
ഗര്ഗര്ഷികൃതസംസ്കാരഃ കൃഷ്ണനാമപ്രകീര്ത്തിതഃ
262. ഗോധൂളിമലിനാകാരഃ
ഗോധൂളികൊണ്ട് മലിനമായ രൂപമുള്ളവന്‍. ഗോധൂളി എന്ന പദത്തിന് ഭൂമിയിലെ പൊടി എന്നും പശുക്കളുടെ കുളമ്പടി കൊണ്ടുയര്‍ന്ന പൊടി എന്നും അര്‍ഥം. ഗുരുവായൂരപ്പന്റെ തിരുവുടലിനെ മാലിന്യം കൊണ്ട് മനോഹരമാക്കുന്നതില്‍ രണ്ടു തരത്തിലുള്ള ഗോധൂളിയും പങ്കെടുത്തിരുന്നു. ബാലലീലാ വിലാസിതനായ ഭഗവാന്റെ കാര്യമാണല്ലോ നാം പറഞ്ഞുവന്നത്. മണ്ണില്‍ വീണും ഉരുണ്ടും കൂട്ടുകാരുമൊത്തുകൂത്താടുന്ന ഉണ്ണിയുടെ പൂവുടല്‍ മണ്ണും പൊടിയും പറ്റി മലിനമാകുന്നത് സ്വാഭാവികം.
ഭഗവാന് വളരുന്നത് അമ്പാടിയിലാണ്. എല്ലാ വീട്ടിലും പശുക്കളും പശുക്കിടാങ്ങളുമുണ്ട്. അവയുടെ കൂടെ കളിക്കാന്‍ കൃഷ്ണന് ഇഷ്ടവുമാണ്. പശുക്കളെയും പശുക്കിടാങ്ങളുടെ കുളമ്പുതട്ടി ഉയരുന്ന പൊടി തിരുവുടലിനെ മലിനമനോഹരമാക്കുന്നതും സ്വാഭാവികം.
263. ഗോലോകപതിഃ – ഗോലോകത്തിന് നാഥനായവന്. ഗോലോകം പശുക്കളുടെ ലോകം എന്ന് ഒരു വ്യാഖ്യാനം. അമ്പാടിയില്‍ പശുക്കളുടെ രക്ഷകനായി ഭഗവാന് വളരെക്കാലം കാലിമേച്ചു കഴിഞ്ഞു. ഗോവര്ധനോദ്ധാരം കഴിഞ്ഞ് ഇന്ദ്രന്റെ സാന്നിധ്യത്തില്‍ കാമധേനു തന്നെ കൃഷ്ണനെ ഗോലോകപതിയായി അഭിഷേകം ചെയ്യുന്നുണ്ട്. (നാരായണീയം. 64-5)
ഗോലോകത്തിന് സ്വര്‍ഗം എന്നും അര്‍ഥമുണ്ട്. ഇന്ദ്രന് ഉള്‍പ്പെടെയുള്ള എല്ലാ ദേവന്മാര്ക്കും സ്വര്ഗലോകത്തിനും അധിപനായാല്‍ ഗോലോകപതിയായി ഭഗവാനെ സ്തുതിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: