പച്ചാളം മേല്‍പ്പാലം: നിര്‍മ്മാണത്തിന്‌ തുടക്കം

Tuesday 4 March 2014 9:37 pm IST

കൊച്ചി: പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍ണോദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്‌ നിര്‍വഹിച്ചു. തിരുനെട്ടൂര്‍ റയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത്‌ കോടി രൂപ അനുവദിച്ചതായി ചടങ്ങില്‍ അദ്ദേഹം അറിയിച്ചു. അതോടോപ്പം വടുതല മേല്‍പ്പാലത്തിന്റെ നിര്‍മാണവും പരിഗണിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വര്‍ഷങ്ങളായുള്ള സമരത്തിന്റെ ശ്രമഫലമാണ്‌ യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. റയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തോടൊപ്പം അനുബന്ധ റോഡുകള്‍ മെച്ചപ്പെടണം. തീരദേശ റോഡുകളും ഫ്ലൈ ഓവറുകളും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. ഇപ്പോള്‍ ഏഴ്‌ മീറ്ററില്‍ നിര്‍മ്മിക്കുന്ന ആര്‍ഒബി പിന്നീട്‌ മുപ്പത്‌ മീറ്റര്‍ ആക്കുന്നതിന്‌ സൗകര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മെട്രോ നല്‍കിയ പുതിയ വികസന സംസ്കാരത്തില്‍ നിന്നാണ്‌ പച്ചാളം ആര്‍ ഒ ബിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കാന്‍ ധാരണയായതെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. തുടര്‍ന്നും എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ കഴിഞ്ഞാല്‍ ആറ്‌ മാസത്തിനുള്ളില്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന്‌ ഇ ശ്രീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചത്യാത്ത്‌ എല്‍എംസി എല്‍പി സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ഏലിയാസ്‌ ജോര്‍ജ്‌, സുനില്‍ വാജ്പേയ്‌, എംപിമാരായ ചാള്‍സ്‌ ഡയസ്‌, പി രാജീവ്‌, ലൂഡി ലൂയിസ്‌ എംഎല്‍എ, കൗണ്‍സിലര്‍മാരായ ഡെലീന പിന്‍ഹീറോ, പി എസ്‌ മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.