പശ്ചിമഘട്ട സംരക്ഷണത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു

Tuesday 4 March 2014 9:58 pm IST

ഇടുക്കി: പശ്ചിമഘട്ട സംരക്ഷണം അട്ടിമറിക്കുന്ന കേരള സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്ന്‌ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കുറ്റപ്പെടുത്തി.
വനം-മാഫിയായ്ക്ക്‌ വേണ്ടി സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച്‌ ഇഎഫ്‌എല്‍ നിയമം ഭേദഗതി ചെയ്ത്‌ 50,000 ഏക്കര്‍ വനഭൂമി വന്‍കിടക്കാര്‍ക്ക്‌ വിട്ടുകൊടുക്കുവാന്‍ നീക്കം നടക്കുന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്യുന്ന മത-സാമുദായിക ശക്തികള്‍ കര്‍ഷകരുടെ നാമം ദുരുപയോഗം ചെയ്യുകയാണ്‌. കര്‍ഷകരെ കുടിയിറക്കുമെന്നും പശ്ചിമഘട്ടം മുഴുവന്‍ വനമാക്കുമെന്നുമുള്ള കള്ള പ്രചരണം ക്വാറി, ഖാനന മാഫിയകളെ സഹായിക്കാനാണെന്നും ഏകോപനസമിതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത്‌ നിയമവിരുദ്ധമായ 8000ത്തോളം ക്വാറികളുണ്ട്‌. ഒരു ക്വാറിക്ക്‌ 21 ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും വേണം. മൂന്നോ നാലോ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി നിയമപരമെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക്‌ വേണ്ടി സുപ്രീംകോടതി ഉത്തരവ്‌ പോലും ലംഘിച്ച്‌ പരിസ്ഥിതി ആഘാത പഠനം നടത്താതെ സര്‍ക്കാര്‍ അനുമതി കൊടുക്കുകയാണ്‌. പശ്ചിമഘട്ടത്തില്‍ 20 ശതമാനം വരുന്നവരുടെ കൈകളിലാണ്‌ 80 ശതമാനം ഭൂമിയുള്ളത്‌. 11 ശതമാനം സര്‍ക്കാര്‍ ഭൂമിയും വനഭൂമിയുമാണ്‌. ബാക്കി വരുന്ന 9 ശതമാനം ഭൂമി മാത്രമാണ്‌ 80 ശതമാനം ജനങ്ങളുടെ കൈവശമിരിക്കുന്നത്‌.
50,000ത്തോളം ഏക്കര്‍ ഭൂമി കൈവശമിരിക്കുന്ന ഒരു സമുദായം ഭരണഘടനയേയും നിയമവാഴ്ചയേയും വെല്ലുവിളിക്കുകയാണ്‌. കൈയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചിട്ടുള്ള 648 ആരാധനാലയങ്ങളും, 360 സ്കൂളുകളും, 140 ആശുപത്രികളും സംരക്ഷിക്കുവാന്‍ പട്ടയം കൊടുക്കുവാന്‍ പോലും തയ്യാറായിട്ടുണ്ട്‌. എന്നിട്ടും രാഷ്ട്രീയ ലക്ഷ്യം വച്ച്‌ ജനങ്ങളുടെ കുടിവെള്ളവും ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ സുരക്ഷയും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.