മില്‍മ വിലവര്‍ധന മുതലെടുക്കാന്‍ ഗുണനിലവാരം കുറഞ്ഞ ബ്രാന്റുകള്‍ രംഗത്ത്‌

Thursday 8 September 2011 9:13 pm IST

കൊച്ചി: മില്‍മ പാലിന്റെ വിലവര്‍ദ്ധനവ്‌ മുതലെടുത്ത്‌ വിപണി പിടിച്ചടക്കാന്‍ സ്വകാര്യ ഡയറികളുടെ പാക്കറ്റ്പാല്‍ ബ്രാന്റുകള്‍ രംഗത്ത്‌ സജീവമാകുന്നു. എന്നാല്‍ സംസ്ഥാനത്ത്‌ വ്യാപകമായി പ്രചരിച്ചുവരുന്ന ഇവയില്‍ ഭൂരിഭാഗവും നിശ്ചിതഗുണനിലവാരം ഇല്ലാത്തവയാണെന്ന കണ്ടെത്തലാണ്‌ ഏറെ ആശങ്കാജനകം. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍പ്പെട്ട 25-ല്‍ പരം ബ്രാന്റുകളിലുള്ള പാക്കറ്റ്‌ പാലുകള്‍ വന്‍തോതില്‍ പ്രചരിച്ചുവരുന്നതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച വിവിധ പേരുകളിലുള്ള സ്വകാര്യ ഡയറികളുടെ പാക്കറ്റ്‌ പാലാണ്‌ ക്ഷീരവികസന വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ ശാസ്ത്രീയമായ ഗുണനിലവാര പരിശോധനക്ക്‌ വിധേയമാക്കിയത്‌. അമൃതാ ഗോള്‍ഡ്‌, എ-വണ്‍, അമൃത, എന്‍എംഡി, അക്ഷയ, മില്‍ഗ്രാം, ടികെ വിസിഎസ്‌, റോയല്‍, ഹരിത, ശക്തി, വാഗമണ്‍, സുമോ, ജിഎംഎസ്‌, അക്ഷയ, ഹിമ, ജനത, മധുരിമ, പുലരി, കെസിഎ, നീല്‍ഗിരീസ്‌, ഓംഗോ, ലയാ, കേപിന്‍, മില്‍കോ, ക്ഷീരതനിമ, അമ്പാടി, മാതാ, ജേഷ്മ, ഹെറിട്ടേജ്‌, കെഎസ്‌ കൗമ, മില്‍വേ, പിഡിഡിപി തുടങ്ങി ഒട്ടേറെ ബ്രാന്റുകള്‍ നിശ്ചിത ഗുണനിലവാരം ഇല്ലാത്തവയാണെന്ന്‌ വ്യക്തമായതായി ക്ഷീരവികസന വകുപ്പ്‌ ഗുണനിലവാര പരിശോധനാ വിഭാഗം അറിയിക്കുന്നു. പശുവിന്‍ പാലില്‍ കൊഴുപ്പിന്റെ അംശം 3.5 ശതമാനവും എരുമപ്പാലില്‍ 5 ശതമാനവും, ടോണ്ഡ്‌ മില്‍ക്കില്‍ 3 ശതമാനവും സ്റ്റാന്‍ഡേര്‍ഡ്‌ ഗ്രേഡില്‍ 4.5 ശതമാനവും ഡബിള്‍ ടോണ്‍ഡില്‍ 1.5 ശതമാനവുമാണ്‌ നിഷ്കര്‍ഷിക്കുന്നത്‌. അസിഡിറ്റി 13-15 എന്ന അനുപാതത്തിലും നിയന്ത്രിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്‌. ടോണ്ഡ്‌, ഡബിള്‍ ടോണ്ഡ്‌, പശുവിന്‍ പാല്‍, സ്റ്റാന്‍ഡേഡൈസ്ഡ്‌ എന്നീ നാല്‌ വിഭാഗങ്ങളാക്കി തരംതിരിച്ചാണ്‌ ഗുണനിലവാര പരിശോധന നടത്തുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൊണ്ടുവരുന്നതും പാല്‍ പൊടിയും ക്രീമും ചേര്‍ത്ത്‌ മിശ്രണം ചെയ്തും കൃത്യമായി ഉണ്ടാക്കുന്നതുമാണ്‌ മിക്ക സ്വകാര്യ കമ്പനികളുടെയും പാക്കറ്റ്‌ പാലുകള്‍. ഇവയില്‍ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ കാരണമായേക്കാംഎന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്‌. എന്നാല്‍ മില്‍മ പാലിന്‌ ലിറ്ററിന്‌ 5 രൂപ എന്ന തോതില്‍ വില വര്‍ധിപ്പിച്ചപ്പോള്‍ വിലക്കുറവില്‍ ലഭിക്കുന്ന ഗുണനിലവാരം ഇല്ലാത്ത ബ്രാന്‍ഡുകള്‍ക്ക്‌ ഇത്‌ നല്ല ഒരവസരമായി മാറി. ഓണ സീസണ്‍ ആയതിനാല്‍ ഇവക്ക്‌ ആവശ്യക്കാരും ഏറെയാണ്‌. സഹകരണ-സ്വകാര്യ മേഖലകളിലായി 23 രജിസ്റ്റര്‍ ചെയ്ത ഡയറികളാണ്‌ ഇപ്പോള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. നിശ്ചിത ഗുണനിലവാരം ഇല്ലെന്നുകണ്ടെത്തിയാല്‍ പോലും ഇത്തരത്തിലുള്ളവയുടെ വില്‍പന നിയന്ത്രിക്കുന്നതിനുള്ള കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.