പേരു ചേര്‍ക്കാന്‍ നാലു ദിനം കൂടി

Wednesday 5 March 2014 9:58 pm IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത്‌ മാര്‍ച്ച്‌ ഒമ്പത്‌ വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ. മാര്‍ച്ച്‌ ഒമ്പതിന്‌ ശേഷവും അപേക്ഷ സമര്‍പ്പിക്കാമെങ്കിലും തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടികയിലേക്ക്‌ അവ പരിഗണിക്കില്ല. അപേക്ഷലഭിച്ച്‌ ഏഴു ദിവസത്തിനകമാണ്‌ പട്ടികയില്‍ പേരു ചേര്‍ക്കുക. നാമനിര്‍ദേശ പത്രിക സ്വീകരിക്കാനുള്ള അവസാന തീയതിവരെ വോട്ടര്‍പ്പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നവര്‍ക്ക്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കുമെന്നും നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിജ്ഞാപനം മാര്‍ച്ച്‌ 15ന്‌ പുറത്തിറക്കും. സംസ്ഥാനത്തും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന്‌ കഴിഞ്ഞു. ംംം.രലീ.സലൃമഹമ.ഴീ്‌.ശി ല്‍ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാം. താലൂക്ക്‌ ആഫീസിലോ വില്ലേജ്‌ ആഫീസിലോ അപേക്ഷ നല്‍കാം.
പട്ടികയില്‍ പേരുണ്ടോ എന്നും കമ്മീഷന്റെ വെബ്സൈറ്റില്‍ നോക്കാം. <ഋഘഋ> സ്പേസ്‌ <തിരച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍> എന്ന ഫോര്‍മാറ്റില്‍ 54242 എന്ന നമ്പരില്‍ എസ്‌എംഎസ്‌ ചെയ്തും ടോള്‍ഫ്രീ നമ്പരായ 1950ല്‍ ബന്ധപ്പെട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ ഉറപ്പുവരുത്താം. ബ്ലോക്ക്‌ ലെവല്‍ ബൂത്ത്‌ ഓഫീസര്‍മാര്‍ വഴിയും താലൂക്ക്‌, വില്ലേജ്‌ ആഫീസുകള്‍ വഴിയും നേരിട്ട്‌ വോട്ടര്‍പട്ടിക പരിശോധിക്കാം.
2014 ജനുവരി ഒന്നിന്‌ പതിനെട്ട്‌ വയസ്‌ പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ജനവരി 22ന്‌ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക അനുസരിച്ച്‌ സംസ്ഥാനത്ത്‌ 2,37,92,270 വോട്ടര്‍മാരാണുള്ളത്‌. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ്‌ കൂടുതല്‍. 1,23,49,345 പേര്‍. 1,14,42,925 പേരാണ്‌ പുരുഷ വോട്ടര്‍മാര്‍. 2009ലെ തിരഞ്ഞെടുപ്പില്‍ 2,18,59,536 വോട്ടര്‍മാരാണുണ്ടായിരുന്നത്‌. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇതുവരെ 19,32,734 വോട്ടര്‍മാര്‍ വര്‍ധിച്ചു.
2,29,793 പേര്‍കൂടി പുതുതായി അപേക്ഷ നല്‍കിയിട്ടുണ്ട്‌. വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ഇനിയും അവസരമുള്ളതിനാല്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും. നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന്‌ ആരുടെ പേരും നീക്കം ചെയ്യില്ല. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വോട്ട്‌ ചെയ്യാനെത്തിയാല്‍ പരിശോധന നടത്തി പ്രിസൈഡിങ്‌ ഓഫീസര്‍ വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കും. ചില പ്രദേശങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കുന്ന കാര്യത്തില്‍ യുവതികള്‍ പിന്നാക്കം പോയിട്ടുണ്ടെന്നും നളിനി നെറ്റോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.