പോവല്ലെ, പോവല്ലെ പൊന്നോണമേ...

Thursday 8 September 2011 9:25 pm IST

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഓണ നിലാവു മാത്രം" എന്നു പറയുമ്പോലെയാണ്‌ എല്ലായിടവും. നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ മുങ്ങുമ്പോള്‍ അങ്ങനെ പറയുന്നതില്‍ ഒട്ടും തെറ്റില്ല. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക്‌ ഗൃഹാതുര സ്മരണകള്‍ ചേക്കേറുകയാണ്‌ ഓണക്കാലത്ത്‌. ഓണത്തിനു മുന്നേ അതിന്റെ വരവറിയിച്ച്‌ പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കാണാനാകും. പൂക്കള്‍ വിടരും. ഓണവെയില്‍ പരക്കും. ഓണക്കിളികള്‍ ചിലയ്ക്കും. വീട്ടുമുറ്റങ്ങള്‍ക്ക്‌ പൂക്കളങ്ങള്‍ ഐശ്വര്യമാകും. തുമ്പി തുള്ളലും കൈകൊട്ടിക്കളിയും കിളിത്തട്ടും കരടികളിയും ഓണപ്പടയും ഓണത്താറും ഓണപ്പൊട്ടനും.....എല്ലാം വരും. ഓണം വിപണിയുടെ ഉത്സവം കൂടിയാണിപ്പോള്‍. പണ്ട്‌ സ്വന്തം പുരയിടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കൊണ്ടും സ്വന്തംപാടത്തു നിന്ന്‌ കൊയ്തെടുത്ത നെല്ലുകൊണ്ടുമായിരുന്നു ഓണ സദ്യ ഒരുക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ സദ്യ പോലും റഡിമെയ്ഡായി ലഭിക്കുന്നു. പച്ചക്കറിയും അരിയുമെല്ലാം അന്യനാട്ടില്‍നിന്ന്‌ വിരുന്നെത്തി നമ്മുടെ വീടുകളിലെ ഓണത്തിന്‌ മാറ്റു കൂട്ടാനെത്തുന്നു. കാലത്തിന്റെ അനിവാര്യതയോ ഒരു ജനതയുടെ പരാജയത്തിലേക്കുള്ള വഴിയോ ആകാമത്‌. അഭിപ്രായങ്ങള്‍ നിരവധിയുണ്ടെങ്കിലും ഓണം അനുഭവമാണ്‌. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌. തിരുവോണം വന്നു പോകുമ്പോള്‍, മനസ്സില്‍ ശൂന്യത. മലയാളി അത്രയ്ക്ക്‌ ഇഷ്ടപ്പെടുന്നു, ഓണത്തെ. ഓണാഘോഷങ്ങളെ. ഓണത്തെക്കുറിച്ച്‌ വര്‍ണനകള്‍ ചൊരിയാത്ത സാഹിത്യങ്ങളില്ല. കഥകളില്‍, കവിതകളില്‍, നോവലുകളില്‍, സിനിമകളില്‍...എന്നു വേണ്ട സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ സമസ്ത മേഖലകളിലും തൊട്ടു കടന്നു പോയതൊന്നു മാത്രമാണ്‌, ഓണം. വിപണിയുടെ ഉത്സവമാണ്‌ ഓണമെന്ന്‌ പറഞ്ഞുവല്ലോ. സാഹിത്യത്തിനും ഓണം വിപണി നല്‍കുന്നുണ്ട്‌. ഓണക്കാലത്തിറങ്ങുന്ന വിശേഷാല്‍ പതിപ്പുകളിലൂടെയാണത്‌ സംഭവിക്കുന്നത്‌. കോടികള്‍ മറിയുന്ന വലിയ 'ബിസിനസ്‌' ആണത്‌. ഓരോ ഓണപ്പതിപ്പും ലക്ഷങ്ങളുടെ പരസ്യവരുമാനമാണ്‌ ഓണക്കാലത്ത്‌ നേടുന്നത്‌. പരസ്യം കൂടുന്നതിനനുസരിച്ച്‌ രണ്ടു മൂന്നും പുസ്തകങ്ങളാണ്‌ പുറത്തിറക്കുന്നത്‌. ഓണപ്പതിപ്പുകളുടെ കച്ചവട താല്‍പര്യം ഇത്തരത്തിലാണെങ്കിലും അവ നല്ല വായന സമ്മാനിക്കുന്നുണ്ട്‌. ഓണക്കാലത്തെ സാഹിത്യോത്സവമാണ്‌ ഓണപ്പതിപ്പുകളിലൂടെ നമുക്കനുഭവിക്കാനാകുന്നത്‌. മലയാളത്തിലെ പ്രശസ്തമായ പല നല്ല കഥകളും കവിതകളും ഓണപ്പതിപ്പുകളുടെ സമ്മാനമാണ്‌. അതില്‍ ഏറ്റവും എടുത്തുപറയാവുന്ന ഒന്നാണ്‌ മലയാളിയുടെ ഹൃദയത്തില്‍ വായനയുടെ വസന്തം വിരിയിച്ച, പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍. ഒരു വര്‍ഷം ദീപിക ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയതാണ്‌ ദസ്തയേവ്സ്കിയെ കഥാപാത്രമാക്കികൊണ്ടുള്ള ആ നോവല്‍. ചുരുങ്ങിയ കാലം കൊണ്ട്‌ ഏറ്റവും അധികം കോപ്പികള്‍ വിറ്റുപോയ കൃതിയായി അതു മാറി. പെരുമ്പടവം തന്നെ അതിനെ കുറിച്ച്‌ പലതവണ പറഞ്ഞിട്ടുമുണ്ട്‌. അന്ന്‌ ദീപിക ഓണപ്പതിപ്പിന്റെ ചുമതലക്കാരന്‍ തേക്കിന്‍കാട്‌ ജോസഫായിരുന്നു. ഒരു നോവല്‍ വേണമെന്ന്‌ അദ്ദേഹം വളരെയധികം നിര്‍ബന്ധിച്ചു. മനസ്സില്‍ ആശയമൊന്നും തോന്നാതിരുന്ന കാലത്തായിരുന്നു തേക്കിന്‍കാടിന്റെ ആവശ്യം. പെരുമ്പടവത്തിന്റെ മനസ്സു ശൂന്യം. ഒരു രാത്രിയില്‍ തേക്കിന്‍കാട്‌ ജോസഫിന്റെ നിര്‍ബന്ധത്തിനു ശേഷം അലസമനസ്സുമായി ഇരുന്ന നോവലിസ്റ്റിന്റെ മനസ്സിലേക്ക്‌ ദൈവം ദസ്തയേവ്സ്കിയുമായി കടന്നു വന്നു. ആ ഓണത്തിന്റെ സമ്മാനമായിരുന്നു ഒരു സങ്കീര്‍ത്തനം പോലെ. വികെയെന്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍, തകഴി, ടി.പദ്മനാഭന്‍, എംടി, എന്‍.എസ്‌.മാധവന്‍ തുടങ്ങിയവരുടെയെല്ലാം മികച്ച കഥകള്‍ ഓണപ്പതിപ്പുകളിലേറിയാണ്‌ മലയാള വായനക്കാരന്റെ മനസ്സിലിടം തേടാനെത്തിയത്‌. അക്കിത്തം, ഒ.എന്‍.വി, കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, പി.നാരായണക്കുറുപ്പ്‌, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളും ഓണവായനക്ക്‌ സ്ഥിരമായി കവിതകള്‍ എഴുതുന്നവരാണ്‌. അതും ഓണപ്പതിപ്പുകളിലൂടെയാണ്‌ പിറവികൊള്ളുന്നത്‌. ഇത്തവണയും ഓണത്തെ സാഹിത്യ സമ്പന്നമാക്കുവാന്‍ ഓണപ്പതിപ്പുകളിറങ്ങിയിട്ടുണ്ട്‌. എല്ലാവരും രണ്ടും മൂന്നും പുസ്തകങ്ങളായി കനപ്പെട്ട സാഹിത്യോപഹാരങ്ങളാണ്‌ സമ്മാനിച്ചിട്ടുള്ളത്‌. മികച്ച ഓണപ്പതിപ്പുകളേതെന്ന തരംതിരിവുകള്‍ക്ക്‌ ഒട്ടും സ്ഥാനമില്ല. എല്ലാം ഓരോ തരത്തില്‍ നല്ലവയാണ്‌. എല്ലാം വ്യത്യസ്തമായ വായനാനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്‌. എങ്കിലും വാര്‍ഷികപ്പതിപ്പുകളില്‍ വന്ന സാഹിത്യ രചനകളില്‍ വായനക്കാരനെ ഏറെ ആകര്‍ഷിക്കുന്ന ചില രചനകളെക്കുറിച്ച്‌ പറയാതിരിക്കാന്‍ കഴിയുന്നില്ല. കേരളാ കൗമുദിയുടെ ഓണപ്പതിപ്പില്‍ പ്രഭാവര്‍മ്മയെഴുതിയ കവിത ആകര്‍ഷകമെന്നു മാത്രമല്ല, ഓണക്കാലത്തിന്റെയും ഓണത്തിന്റെ വരവറിയിക്കുന്ന കര്‍ക്കിടകമാസത്തിന്റെയും നല്ല ഓര്‍മ്മകളെ മനസ്സിലേക്ക്‌ കൊണ്ടു വരുന്നതാണ്‌. കര്‍ക്കിടക മാസത്തെക്കുറിച്ചാണ്‌ പ്രഭാവര്‍മ്മ 'ആടി'യെന്ന കവിതയില്‍ പ്രതിപാദിക്കുന്നത്‌. കവിത തുടങ്ങുന്നതിങ്ങനെയാണ്‌......... കൃഷ്ണപക്ഷ കരിങ്കാവു നീര്‍ത്തിടും കുറ്റിരുട്ടു പുതച്ചുകൊണ്ടങ്ങനെ മെല്ലെമെല്ലെ പടിയിറങ്ങുന്നിതാ കര്‍ക്കിടക കടശ്ശിരാവേകയായ്‌!.... ..................................................... ചിങ്ങമാസപ്പുലര്‍ വെളിച്ചം വന്നു മുറ്റമെല്ലാം മെഴുകുന്നു നാള്‍കളില്‍ സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്‌ പൊന്നു വര്‍ഷിച്ചിടുന്നൊരു വേളയില്‍ പൊന്നണിപ്പട്ടുപ തീര്‍ത്ത,പീഠത്തിലാ- യൊട്ടിടയിങ്ങതിഥിക്ക്‌ തുല്യയായ്‌ വന്നിരുന്നിടാം ശീവോതി; യസ്തമി- ക്കുന്ന നേരത്തകന്നുമറഞ്ഞിടാം!.... ഏറെക്കാലത്തിനു ശേഷം നല്ല കവിതയുടെ നറുനിലാവ്‌ പെയ്യുകയായിരുന്നു പ്രഭാവര്‍മ്മയുടെ വരികളിലൂടെ. ടി.പദ്മനാഭനും എന്‍.എസ്‌.മാധവനും പല നല്ല കഥകളും വായനക്കാരനെ വായിപ്പിച്ചത്‌ ഓണപ്പതിപ്പുകളിലൂടെയാണെന്ന്‌ പറഞ്ഞുവല്ലോ. പക്ഷേ, ഇത്തവണ അവര്‍ രണ്ടാളും വായനക്കാരെ നിരാശപ്പെടുത്തി. 'പദ്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യടക്കമുള്ള മികച്ച കഥകള്‍ മലയാള മനോരമ ഓണപ്പതിപ്പിലൂടെയാണ്‌ വായിക്കാന്‍ കഴിഞ്ഞത്‌. മാധവന്റെ 'മുംബൈ'യും 'നിലവിളി'യുമെല്ലാം ഓണപ്പതിപ്പുകളിലൂടെയാണ്‌ വെളിച്ചത്തെത്തിയത്‌. എന്നാല്‍ ഇത്തവണ മനോരമ ഓണപ്പതിപ്പില്‍ പദ്മനാഭനെഴുതിയ 'പേപ്പര്‍....പഴയ പേപ്പര്‍' എന്ന കഥയും എന്‍.എസ്‌.മാധവനെഴുതിയ 'വിവാഹത്തലേന്ന്‌' എന്ന കഥയും വായനക്കാരന്റെ മനസ്സില്‍ ഒരു വികാരവും സൃഷ്ടിക്കുന്നില്ല. കഥകളുടെ കാര്യത്തിലും കേരളാകൗമുദി ഓണപ്പതിപ്പാണ്‌ മികച്ച വായനാനുഭവം നല്‍കുന്നത്‌. മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാര്‍ എഴുതിഅനുഭവിപ്പിച്ച മികച്ച കഥകള്‍ അവര്‍ പുനഃസൃഷ്ടിച്ചിരിക്കുന്നു. പുതിയ കഥകളില്ലാത്ത കാലത്ത്‌ പഴയവയെ വായനക്കാര്‍ കൈനീട്ടിസ്വീകരിക്കുക തന്നെ ചെയ്യും. സിനിമയില്‍ രതിനിര്‍വ്വേദവും നീലത്താമരയും പുനരവതരിച്ചപ്പോള്‍ പ്രേക്ഷകരില്‍ നിന്ന്‌ ലഭിച്ച സ്വീകാര്യതയാകാം ഓണപ്പതിപ്പില്‍ പഴയ കഥകള്‍ പുനഃരവതരിപ്പിക്കാന്‍ പ്രേരണയായത്‌. തകഴിയുടെ പ്രേമത്തിന്റെ പൊരുള്‍, വികെയെന്നിന്റെ അരിവയ്പ്പും സെക്സും, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മടക്കി അയച്ച കഥ, മാധവിക്കുട്ടിയുടെ കറുത്ത പട്ടി, മലയാറ്റൂരിന്റെ അപ്പയ്യ എന്നീകഥകളാണ്‌ പുനരവതരിപ്പിച്ചിരിക്കുന്നത്‌. വളരെ പാരമ്പര്യമുള്ളതും വായനക്കാരുടെ പ്രതീക്ഷയുമായിരുന്നു മാതൃഭൂമി ഓണപ്പതിപ്പ്‌. എന്നാല്‍ വായനയുടെ നിലാവു പരക്കുന്ന ഈ ഓണക്കാലത്ത്‌ മാതൃഭൂമി വാരികയ്ക്ക്‌ യാതൊരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, വായനക്കാര്‍ക്ക്‌ ഒട്ടും ഇഷ്ടമാകാത്ത രചനകള്‍ കുത്തിനിറച്ച ഒന്നായി മാറുകയും ചെയ്തു. കഴിഞ്ഞ കുറേ നാളായി മാതൃഭൂമിയെ ബാധിച്ചിരിക്കുന്ന ദുര്‍ഭൂതം ഇനിയും ഒഴിഞ്ഞിട്ടില്ലെന്ന്‌ മനസ്സിലാകും ഓണപ്പതിപ്പു കണ്ടാല്‍. ഓണവായനയ്ക്കായി മാതൃഭൂമി സമ്മാനിക്കുന്നത്‌ ഷക്കീലയെന്ന നടിയുടെ അരോചകമായ ആത്മകഥയാണ്‌. തമിഴിലും മലയാളത്തിലും ഒരുപോലെ എഴുതുന്ന നല്ല കഥാകാരനാണ്‌ നീലപത്മനാഭന്‍. അദ്ദേഹത്തിന്റെ കഥകള്‍ക്കായി കാത്തിരുന്ന വായനക്കാരുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്‌. അവര്‍ക്കുള്ള സമ്മാനമാണ്‌ ജന്മഭൂമി ഓണപ്പതിപ്പിലെ 'മംഗള കുരുതി'. എല്ലാ പത്രങ്ങളും ഓണപ്പതിപ്പുകളിറക്കുന്നുണ്ട്‌. നേരത്തെ സൂചിപ്പിച്ചുവല്ലോ എല്ലാത്തിന്റെയും ഒന്നാമത്തെ ലക്ഷ്യം പരസ്യവരുമാനമാണ്‌. എന്നാല്‍ അത്‌ ജനങ്ങള്‍ വായിക്കുവാനായി സാഹിത്യ വിരുന്നാക്കി മാറ്റുന്നുവെന്നു മാത്രം. ഓണം കഴിഞ്ഞാലും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വായനയാണ്‌ ഈ ഓണക്കാലത്ത്‌ പത്രങ്ങള്‍ സമ്മാനിക്കുന്നത്‌. ഓണം ഇപ്പോള്‍ ടെലിവിഷന്‍ പെട്ടിക്കു മുന്നിലാണ്‌. ചാനലുകള്‍ മലയാളത്തിലേക്ക്‌ അധിനിവേശം നടത്തിയതിനു ശേഷം ഓണം എല്ലായിടത്തും അങ്ങനെയാണ്‌. നഗരത്തിലാണെങ്കില്‍ വീട്ടില്‍ സദ്യയൊരുക്കാന്‍ പോലും ആരും മെനക്കെടാറില്ല. ഒന്നു ഡയല്‍ ചെയ്യേണ്ട കാര്യമേയുള്ളു, ഒന്നാന്തരമൊരു സദ്യ വീട്ടിലെത്തും. അരി വാങ്ങാനും പച്ചക്കറികള്‍ വാങ്ങാനും കടകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടാനാര്‍ക്കു നേരം. ബാക്കി സമയം മുഴുവന്‍ ടിവിയ്ക്കു മുന്നിലിരിക്കാമല്ലോ. ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന സമൂഹമാണുള്ളത്‌. ഇതെല്ലാം അനിവാര്യതയാണെന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷെ, ഉള്ളു നിറയുന്നൊരു വേദന... ഇതിനിടയില്‍ ഓണ വായനയെങ്കിലും നശിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയാണുള്ളത്‌. അതിന്‌ ഓണപ്പതിപ്പുകള്‍ സഹായിക്കും. ഓണം വന്നുകൊണ്ടേയിരിക്കട്ടെ. ഇടപ്പള്ളിയുടെ പ്രശസ്തമായ ഓണക്കവിതയുണ്ട്‌. അത്‌ അവസാനിക്കുന്നതിങ്ങനെയാണ്‌: ......ഉത്സാഹമാരുതനീവിധത്തില്‍ ഉത്സവപ്പൊന്‍കൊടി പാറിക്കുമ്പോള്‍ 'മാവേലി' തന്നുടെ നാടു കാണ്മാന്‍ താവും മുദമോടെഴുന്നള്ളുന്നൂ; ദാനവവീരനദ്ദാനശീലന്‍ ആനന്ദനൃത്തങ്ങളാടിടുന്നു. പോവല്ലേ, പോവല്ലേ, പൊന്നോണമേ! പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു! ആര്‍.പ്രദീപ്‌ :-

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.