മൂന്നാംമുന്നണി അപ്രസക്തമാവുന്നു: ശോഭാ സുരേന്ദ്രന്‍

Friday 7 March 2014 12:02 am IST

പനാജി: മൂന്നാംമുന്നണിയുടെ പ്രസക്തി തെരഞ്ഞെടുപ്പിന്‌ മുമ്പെ നഷ്ടപ്പെട്ടിരിക്കയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്‌ മുമ്പും തെരഞ്ഞെടുപ്പിന്‌ ശേഷവും മൂന്നാം മുന്നണിയിലെ കക്ഷികള്‍ എന്‍ഡിഎയില്‍ എത്തും. സിപിഎമ്മും ജയലളിതയുമായുണ്ടാക്കിയ സഖ്യം തുടക്കത്തിലെ തകര്‍ച്ചയുടെ വക്കിലെത്തിയത്‌ ഇതിന്റെ സൂചനയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അംഗബലം മൂന്നക്കം തികക്കില്ല.
സിപിഎമ്മിന്റെ ദേശീയ അംഗീകാരം നഷ്ടപ്പെടുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ്‌ മാറും. ഗോവ സംസ്ഥാന മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ശോഭ.
നരേന്ദ്രമോദി തരംഗം രാജ്യത്താകമാനം പ്രചരിക്കുമ്പോള്‍ ബിജെപിക്ക്‌ ഒറ്റയ്ക്ക്‌ ഭൂരിപക്ഷത്തിനുള്ള സാഹചര്യമൊരുങ്ങുകയാണ്‌. എന്‍ഡിഎ രാജ്യം ഭരിക്കുമെന്നതിന്റെ ഉറപ്പാണ്‌ രാംവിലാസ്‌ പാസ്വാന്റെ പുനഃപ്രവേശം. അഴിമതിയും വിലക്കയറ്റവും ഭീകരവാദവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും എന്‍ഡിഎ മുന്നോട്ടുവെക്കുന്ന പ്രകടനപത്രിക രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യമായിരിക്കുമെന്നും ശോഭ പറഞ്ഞു.
ഗോവ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിനയ്‌ ടെണ്ടുല്‍ക്കര്‍ അധ്യക്ഷത വഹിച്ചു. മുരളി പാറപ്പുറം എഴുതി ബുദ്ധ ബുക്സ്‌ പ്രസിദ്ധീകരിച്ച 'നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്‍' എന്ന പുസ്തകത്തിന്റെ ഗോവയിലെ പ്രകാശനം ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ്‌ ഡിസൂസ നിര്‍വഹിച്ചു. ഏഴ്‌ ലക്ഷം അംഗങ്ങളുള്ള സല്യൂട്ട്‌ ദി നേഷന്റെ ദക്ഷിണേന്ത്യന്‍ പ്രസിഡന്റും ഗോവ എന്‍എസ്‌എസിന്റെ സംസ്ഥാന അധ്യക്ഷനുമായ ലഫ്‌. കമാന്റര്‍ അനില്‍കുമാര്‍ ബി.നായര്‍ ഉള്‍പ്പെടെയുള്ള നൂറോളം വിമുക്തഭടന്മാര്‍ക്ക്‌ ബിജെപി മെമ്പര്‍ഷിപ്പ്‌ നല്‍കി സ്വീകരിച്ചു. പര്‍വരീം ഗുരുപാവസ്കര്‍, ഉത്തംകുമാര്‍.കെ.ബി, കെ.കെ.സുരേന്ദ്രന്‍, അനില്‍കുമാര്‍ ബി.നായര്‍, ജയരാജ്‌.എന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.