കലയും കായികവും കൂടിച്ചേര്‍ന്ന ഭൂമിക

Thursday 6 March 2014 9:07 pm IST

കലയുടെ ലോകത്ത്‌ മാത്രമല്ല കായിക ലോകത്തും ഒട്ടനവധി അഭിമാന മുഹൂര്‍ത്തങ്ങള്‍...
കളിക്കളങ്ങളില്‍ ഫാക്ട്‌ എന്ന പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ആവേശം വാനോളം ഉയര്‍ന്നനാളുകള്‍. ആ കാലഘട്ടത്തില്‍ പേരെടുത്ത മിക്ക കളിക്കാരേയും വാര്‍ത്തെടുത്ത മൂശയായിരുന്നു ഫാക്ട്‌ -സ്പോര്‍ട്സ്‌ അസോസിയേഷന്‍. വോളിബോള്‍, ഫുട്്ബോള്‍, ബാസ്ക്കറ്റ്ബോള്‍, ടെന്നീസ്‌ ടീമുകളെല്ലാം പുകള്‍പ്പെട്ടവതന്നെ. സ്പോര്‍ട്സ്‌ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ്‌ സ്ഥാപനങ്ങള്‍ വിമുഖത പ്രകടിപ്പിച്ചപ്പോള്‍ കായിക താരങ്ങള്‍ക്ക്‌ സ്ഥിരം ജോലി നല്‍കി അവരുടെ പരിശീലനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായതെല്ലാം ചെയ്ത്‌ ഫാക്ട്‌ മാതൃകകാട്ടി.
കേരള ഫുട്ബോള്‍ ടീമില്‍ ഏറെ പേരും ഫാക്ട്‌ ടീമില്‍ നിന്നായിരുന്നു. സന്തോഷ്‌ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന മണി, എം.കെ.ജോസ്‌, സി.ആര്‍.ബാലകൃഷ്ണന്‍, എം.എല്‍.ജേക്കബ്‌, എം.ആര്‍.ജോസഫ്‌ ,.1960 ലെ ഒളിമ്പിക്സില്‍ ഫുട്ബോളില്‍ ഭാരതം നേടിയ ഒമ്പത്‌ ഗോളുകളില്‍ നാലും അടിച്ച സൈമണ്‍ സുന്ദരരാജ്‌ ഇങ്ങനെ പോകുന്നു ആ നിര. ഫാക്ടിന്റെ വനിത ബാസ്ക്കറ്റ്‌ ബോള്‍ ടീം ഇന്ത്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായിരുന്നത്രേ. വോളിബോളിന്റെ കരുത്തും സൗന്ദര്യവും കായികലോകത്തിന്‌ കാട്ടിക്കൊടുത്ത ഒരു കാലഘട്ടം ഫാക്ടിനുണ്ടായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച പവ്വര്‍ സ്ട്രൈക്കര്‍ എന്നറിയപ്പെടുന്ന ലോകക്ലാസ്‌ വോളിബോള്‍ കളിക്കാരനായ പപ്പന്‍ എന്ന ടി.ഡി.ജോസഫ്‌ ഫാക്ട്‌ വോളിബോള്‍ ടീമിന്റെ മിന്നും താരമായിരുന്നു. ഭുവനദാസ്‌, എം..എസ്‌.ജോസഫ്‌, വി.പി.ജോയ്‌, എം.കുര്യാക്കോസ്‌, സി.പി ആന്റണി, ഹോര്‍മിസ്‌, അവറാച്ചന്‍, സി.കെ.ഔസേഫ്‌, വി.എഫ്‌.ജോര്‍ജ്‌ ഇവരും വോളിബോള്‍ ടീമിലെ ചുണക്കുട്ടന്മാരായിരുന്നു. മൂന്ന്‌ ഫുഡ്ബോള്‍ ഗ്രൗണ്ട്‌, അഞ്ച്‌ ബാസ്ക്കറ്റ്‌ ബോള്‍ കോര്‍ട്ടുകള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ അഞ്ചെണ്ണം, ടേബിള്‍ ടെന്നീസ്‌, ബില്യാഡ്‌ ടേബിളുകള്‍ തുടങ്ങി സ്പോര്‍ട്സിന്റെ വികസനത്തിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഫാക്ട്‌ താരങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കിയിരുന്നു.
ഫെഡറേഷന്‍ കപ്പ്‌ വനിത ബാസ്ക്കറ്റ്ബോള്‍ കിരീടം നാല്‌ തവണയാണ്‌ ഫാക്ട്‌ കൈപ്പിടിയിലൊതുക്കിയത്‌. പഞ്ചഗുസ്തിയില്‍ അന്തര്‍ദേശീയ ബഹുമതിക്ക്‌ അര്‍ഹനായ ജോ കെ.ബെറ്റ്‌, രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ച ആദ്യ മലയാളിയായ ബാലന്‍ പണ്ഡിറ്റ്‌, നീന്തല്‍ താരം കേശവന്‍ നായര്‍ തുടങ്ങിയവരും ഫാക്ട്‌ ഒരുക്കിയ തണലില്‍ വളര്‍ന്നുവന്നവര്‍ തന്നെ.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷട്ടില്‍ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ എല്ലാ വര്‍ഷവും നടത്തിയിരുന്ന ശേഷസായി സ്മാരക ഷട്ടില്‍ ടൂര്‍ണമെന്റ്‌ രാജ്യത്തെ തന്നെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഓയിരുന്നു. ബാഡ്മിന്റണില്‍ പ്രശസ്തനായ നോറിന്‍ പാദുവ, എഡ്വിന്‍ പാദുവ, ജെസ്സി ഫിലിപ്പ്്്‌ തുടങ്ങിയവര്‍ക്കും വളര്‍ച്ചയ്ക്കാവശ്യമായ വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചതും ഫാക്ടായിരുന്നു. പ്രകാശ്‌ പദുകോണ്‍, ദിനേശ്‌ ഖാന്ന, നന്ദു നടേകര്‍, സൈദ്‌ മോദി, വിമല്‍ കുമാര്‍, രാജീവ്‌ ബഗ്ഗ, പി.ഗോപി ചന്ദ്്്‌ തുടങ്ങിയവരും ഉദ്യോഗമണ്ഡല്‍ ക്ലബ്ബിന്റെ കോര്‍ട്ടുകളെ പുളകം കൊള്ളിച്ചവരായിരുന്നു. ഇങ്ങനെ ഫാക്ടിനെ ചുറ്റിപ്പറ്റി വളര്‍ന്ന്‌ വന്നവരുടെ കഥകള്‍ ഏറെ. കഥകളി സംഗീതത്തിന്റെ ലോകത്ത്‌ നിന്നും അകാലത്തില്‍ പൊലിഞ്ഞ കലാമണ്ഡലം ഹൈദരാലിയ്ക്ക്‌ ഒരിക്കല്‍ ഉപജീവനത്തിന്റെ പാത തുറന്നുകൊടുത്തതും ഫാക്ടായിരുന്നു. സംഗീതത്തില്‍ വാസനയുണ്ടായിരുന്ന മകനെ കലാമണ്ഡലത്തില്‍ ചേര്‍ക്കുമ്പോള്‍ പഠനത്തിനൊപ്പം ആഹാരവും കിട്ടുമല്ലോ എന്ന ആശ്വാസമായിരുന്നു ഹൈദരാലിയുടെ അമ്മയ്ക്കുണ്ടായിരുന്നത്‌. എംകെകെ ചെയര്‍മാനായിരുന്ന സമയത്താണ്‌ കലാമണ്ഡലത്തിന്‌ ഇന്നിരിക്കുന്ന കെട്ടിടം ഉണ്ടായത്‌. അന്ന്‌ മറ്റുള്ളവരുടെ ആക്ഷേപം സഹിച്ച്‌ കഥകളി സംഗീതം അഭ്യസിക്കുകയായിരുന്നു ഹൈദരാലി. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എംകെകെ പ്രത്യേക താത്പര്യം കാട്ടിയിരുന്നു. ഒരു മേത്തപ്പയ്യന്‍ ഇന്ന്‌ കലാമണ്ഡലത്തില്‍ നിന്നും കോഴ്സ്‌ കഴിഞ്ഞ്‌ ഇറങ്ങും. അവന്‌ അമ്പലങ്ങളില്‍ പോയി പാടി ഏതായാലും ഉപജീവനം കഴിക്കാന്‍ സാധിക്കില്ല എന്ന്‌ പറഞ്ഞ്‌ മാനേജരുടെ പക്കല്‍ ഫാക്ട്‌ സ്കൂളില്‍ അധ്യാപകനായി നിയമിച്ചുകൊണ്ടുള്ള അപ്പോയിന്റ്മെന്റ്‌ ലെറ്റര്‍ കൊടുത്തുവിടുകയായിരുന്നു എംകെകെ. കലാമണ്ഡലത്തിന്റെ പടിയിറങ്ങുമ്പോള്‍ ഹൈദരാലിയുടെ കൈയില്‍ മാനേജര്‍ ഏല്‍പ്പിച്ച ആ കത്തും ഉണ്ടായിരുന്നു. അങ്ങനെ നേരെ ഫാക്ട്‌ സ്കൂളിലേക്ക്‌. അവിടെ നിന്നും മതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട്‌ ആരംഭിച്ച പ്രയാണം കഥകളി സംഗീതലോകത്തെ വേറിട്ട ശബ്ദമായി ഹൈദരാലിയെ മാറ്റിയെടുത്തു.
കാലം മാറി ഒപ്പം കഥയും. മാറി മാറി വന്ന മാനേജ്മെന്റുകളുടെ പിടിപ്പുകേടില്‍ ഉഗ്രപ്രതാപത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന്‌ ഫാക്ട്‌ പ്രതിസന്ധികളുടെ പടുകുഴിയില്‍ അമര്‍ന്നു. രാജകീയ പ്രൗഢിയില്‍ വിരാജിച്ച്‌, നിരവധി പേര്‍ക്ക്‌ ആശ്രയകേന്ദ്രമായി നിന്ന്‌ ഒടുവില്‍ നിത്യവൃത്തിക്ക്‌ വേണ്ടി മറ്റുള്ളവരുടെ കനിവ്‌ തേടേണ്ടി വന്ന പേരും പെരുമയും കേട്ട തറവാടുകളെ അനുസ്മരിപ്പിക്കും വിധത്തിലൊരു പതനം. ഉത്പാദനത്തിനൊപ്പം സാഹിത്യവും കലയും കായികവും എല്ലാം സമന്വയിച്ചിരുന്ന ഒരു സംഗമ ഭൂമിക...അതായിരുന്നു ഫാക്ട്‌. ആ സ്ഥാപനമാണിന്ന്‌ നിലനില്‍പ്പിനായി ഒരിറ്റു ദാഹജലത്തിനായി കേഴുന്നത്‌. (തുടരും)
വിനീത വേണാട്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.