ഗ്യാസ്‌ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി പരാതി

Saturday 10 September 2011 11:18 pm IST

കറുകച്ചാല്‍: മേഖലയില്‍ വിതരണത്തിനെത്തിക്കുന്ന ഗ്യാസ്‌ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാതെ ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നതായി പരാതി. സിലിണ്ടര്‍ ബുക്കു ചെയ്ത്‌ മാസങ്ങളായിട്ടും ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നില്ലെന്നു വ്യാപകമായ പരാതിയുണ്ട്‌. കൂത്രപ്പള്ളിക്കടുത്ത്‌ മാമ്പതിയില്‍ ഏജന്‍സികള്‍ എത്തിക്കുന്ന സിലിണ്ടറുകള്‍ കരിഞ്ചന്തയിലേക്കാണ്‌ കടത്തിവിടുന്നത്‌. ഇതുപോലെ മേഖലയിലെ മറ്റുഭാഗങ്ങളിലും കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ വില്‍ക്കുന്നുണ്ട്‌. അതേസമയം ഉപഭോക്താക്കള്‍ക്ക്‌ വാന്‍ തുക മുടക്കി കരിഞ്ചന്തയില്‍ നിന്നു വാങ്ങാനുള്ള സ്റ്റോക്ക്‌ അവരുടെ കൈവശമുണ്ട്‌. കരിഞ്ചന്ത കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക്‌ സിലിണ്ടര്‍ നല്‍കുന്നതിന്‌ വിമുഖതയാണ്‌ ഏജന്‍സികള്‍ കാണിക്കുന്നത്‌. സിലിണ്ടറുകള്‍ കിട്ടാതാകുമ്പോള്‍ ഏജന്‍സിയിലേക്ക്‌ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല. ഈ മേഖലയില്‍ ചങ്ങനാശേരിയില്‍ നിന്നുള്ള ഏജന്‍സികളാണ്‌ വിതരണം നടത്തുന്നത്‌. അതേസമയം പാചകവാതക തൊഴിലാളി സമരം, ലോറിസമരം എന്നിവ മൂലമാണ്‌ സിലിണ്ടര്‍ ക്ഷാമം ഉണ്ടായിരിക്കുന്നതെന്നാണ്‌ അധികൃതരുടെ വിശദീകരണം. എന്നാല്‍ കരിഞ്ചന്തയില്‍ എങ്ങിനെയാണ്‌ സുലഭമായി കിട്ടുന്നതെന്നാണ്‌ ഉപഭോക്താക്കള്‍ ചോദിക്കുന്നത്‌. ഓണക്കാലമായിട്ടു പോലും സിലിണ്ടറിനായി കാത്തിരുന്നതു മാത്രം മിച്ചം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.