സഹാറയുടെ പദ്ധതി സുപ്രീംകോടതി തള്ളി

Friday 7 March 2014 4:58 pm IST

ന്യൂദല്‍ഹി: നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള 20,000 കോടി രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതാ റോയ് മുന്നോട്ട് വച്ച പദ്ധതി സുപ്രീംകോടതി തള്ളി. ഇതോടെ, പുതിയ പദ്ധതി കൊണ്ടുവരുന്നത് വരെ സഹാറ മേധാവി സുബ്രതാ റോയ് തിഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും. 2500 കോടി രൂപ മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ശേഷിക്കുന്ന തുക മൂന്നു മാസത്തിനു ശേഷം തവണകളായി നല്‍കാമെന്നുമായിരുന്നു സഹാറയുടെ വാഗ്ദാനം. സഹാറയുടെ നിര്‍ദ്ദേശം സംബന്ധിച്ച് ഓഹരി വിപണിയുടെ നിയന്ത്രണമുള്ള സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയോട് ചര്‍ച്ച നടത്താന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സഹാറയുടെ  നിര്‍ഗദ്ദേശം സെബി തള്ളി. 17,000 കോടി രൂപയാണ്  സഹാറ നല്‍കേണ്ടത്. എന്നാലിത് കുടിശികയടക്കം 37,000 കോടി രൂപയായിട്ടുണ്ടെന്ന് സെബിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ കോടതി സഹാറയുടെ നിര്‍ദ്ദേശം തള്ളുകയായിരുന്നു. അതേസമയം സുബ്രതാ റോയിയെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ജുഡിഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സുബ്രതയില്‍ വേണ്ടവിധം വിവരങ്ങള്‍ തേടാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.