ടാന്‍സാനിയന്‍ ദ്വീപില്‍ കടത്തുബോട്ട്‌ മുങ്ങി 163 മരണം

Saturday 10 September 2011 11:54 pm IST

സാന്‍സിബാര്‍: ടാന്‍സാനിയന്‍ ദ്വീപായ സാന്‍സിബാറില്‍ കടത്തുബോട്ട്‌ മുങ്ങി 163 പേര്‍ മരിച്ചു. 325 പേരെ രക്ഷപ്പെടുത്തി. ഇനിയും നൂറോളം യാത്രക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. 600 പേര്‍ യാത്ര ചെയ്തിരുന്ന എംവി സ്പേസ്‌ ഐലന്‍ഡര്‍ എന്ന ബോട്ട്‌ കൂടുതല്‍ ആളുകള്‍ കയറിയതിനെത്തുടര്‍ന്നാണ്‌ മുങ്ങിയത്‌. ഉങ്കജക്കം പെമ്പെക്കും ഇടയിലാണ്‌ അപകടം. റംസാന്‍ അവധിക്കുശേഷം ആളുകളെ കൊണ്ടുവരികയായിരുന്ന ബോട്ടാണ്‌ മുങ്ങിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. രക്ഷപ്പെട്ടവരെ സ്വകാര്യ ബോട്ടുകളില്‍ സാന്‍സിബറിലെത്തിച്ചതായി പോലീസ്‌ കമ്മീഷണര്‍ മുസാര്‍ ഹമീസ്‌ അറിയിച്ചു. നൂറോളം മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ട്‌. കടത്ത്‌ ബോട്ടില്‍ യാത്ര ചെയ്തിരുന്നവരുടെ ബന്ധുക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരമറിയാന്‍ ആകാംക്ഷയോടെ കാത്തിരിപ്പ്‌ തുടങ്ങിയതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു. 259 പേരെ രക്ഷപ്പെടുത്തിയെങ്കിലും അതില്‍ 40 ലേറെ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു.