നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം

Saturday 10 September 2011 11:54 pm IST

കൊച്ചി: നോര്‍ത്ത്‌ മേല്‍പാലം പൊളിക്കുന്നതിന്റെ ഭാഗമായി നാളെ നഗരത്തില്‍ ഗതാഗത പരിഷ്ക്കരണം. നഗരത്തിലൂടെ സര്‍വീസ്‌ നടത്തുന്ന ബസ്സുകളുടെ റുട്ടില്‍ നിയന്ത്രണം വരുത്തും. ഇതേതുടര്‍ന്ന്‌ പല ബസ്സുകളുടെയും യാത്ര അവസാനിപ്പിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മാറ്റം വരും, ചില സര്‍വീസുകള്‍ വഴിതിരിച്ച്‌ വിടും. സ്വകാര്യ ലിമിറ്റഡ്‌ സ്റ്റോപ്പ്‌, ഫാസ്റ്റ്‌ പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്‌, സൂപ്പര്‍ എക്സ്പ്രസ്‌, ഡീലക്സ്‌ ബസുകള്‍ ബൈപ്പാസുവഴി സര്‍വീസ്‌ നടത്തി വൈറ്റില മൊബലിറ്റി ഹബ്ബില്‍ യാത്ര അവസാനിപ്പിക്കണം. തൃപ്പൂണിത്തുറ ഭാഗത്തുനിന്നും നഗരത്തിലേക്ക്‌ കടക്കേണ്ട ബസുകള്‍ ഒഴികെ വൈറ്റില വഴി കടന്നുപോകുന്ന സിറ്റിസര്‍വീസ്‌ ബസുകള്‍ വൈറ്റില മൊബലിറ്റി ഹബ്ബില്‍ പ്രവേശിക്കണം. തൃപ്പൂണിത്തുറയില്‍നിന്നുള്ള ബസുകള്‍ തിരികെപോകുമ്പോള്‍ വൈറ്റിലമൊബലിറ്റി ഹബില്‍ പ്രവേശിക്കണം. വൈക്കം തലയോലപ്പറമ്പ്‌, പിറവം, മൂവാറ്റുപുഴ, ചേര്‍ത്തല തുടങ്ങിയ ഭാഗത്ത്‌ നിന്നും വരുന്ന സ്വകാര്യബസുകള്‍ കലൂര്‍- കതൃക്കടവ്‌ റോഡ്‌വഴിയും, പെരുമ്പാവൂര്‍ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ ഇടപ്പള്ളി- കലൂര്‍ റോഡ്‌വഴി കലൂര്‍ സ്റ്റാന്റില്‍ പ്രവേശിക്കണം. കെഎസ്‌ആര്‍ടിസിയുടെ ഫാസ്റ്റ്‌ പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഫാസ്റ്റ്‌ പാസഞ്ചര്‍,സൂപ്പര്‍ ഫാസ്റ്റ്‌, സൂപ്പര്‍ എക്സ്പ്രസ്‌ ഡീലക്സ്‌ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട്‌ 8 മണിവരെ നഗരത്തിലേക്ക്‌ കടക്കാതെ ബൈപ്പാസ്‌ വഴി മൊബലിറ്റി ഹബില്‍കൂടിയാണ്‌ സര്‍വീസ്‌ നടത്തേണ്ടത്‌. എന്നാല്‍ എറണാകുളം സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും എറണാകുളം സ്റ്റാന്റ്‌ ഉപയോഗിക്കാം. ഓട്ടോറിക്ഷകള്‍,മോട്ടോര്‍ സൈക്കിള്‍, ചരക്ക്‌ വാഹനങ്ങള്‍ നോര്‍ത്ത്‌ റെയിവേ ഓവര്‍ ബ്രിഡ്ജ്‌ വഴി അനുവദിക്കുന്നതല്ല. ഇടപ്പള്ളിയില്‍ നിന്നും ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ്‌ മോട്ടോര്‍ ചരക്ക്‌ വാഹനങ്ങള്‍ എന്നിവ പലാരിവട്ടം വഴി തമ്മനം ജംഗ്ഷനില്‍ എത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം വഴി കാരക്കോണം ജംഗ്ഷനിലെത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ റോഡ്‌ കെ.കെ.റോഡ്‌ കൃതൃക്കടവ്‌ അണ്ടര്‍ പാസ്സ്‌ വഴി തമ്മനം പുല്ലേപടി റോഡിലൂടെയോ പ്രവേശിച്ചശേഷം, പുല്ലേപ്പടി പാലം ഇറങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ സിപി ഉമ്മര്‍ റോഡിലെത്തി വലത്തോട്ടുതിരിഞ്ഞ്‌ കൃഷ്ണസ്വാമി ക്രോസ്‌റോഡിലൂടെ ചിറ്റൂര്‍ റോഡിലോ എംജി റോഡിലോ പ്രവേശിക്കേണ്ടതാണ്‌. ആലുവ ഭാഗത്തുനിന്നും സിറ്റിയിലേക്ക്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ കളമശ്ശേരി അപ്പോളോ ടയേഴ്സ്‌ ജംഗ്ഷനില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ വല്ലാര്‍പാടം കണ്ടേയ്നര്‍ ടെര്‍മിനല്‍ റോഡിലൂടെ ഹൈക്കോടതി ഭാഗത്തേക്ക്‌ വരാവുന്നതാണ്‌. കലൂര്‍- ഇടപ്പള്ളി ഭാഗത്തേക്ക്‌ നഗരത്തില്‍ നിന്നും നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജിലൂടെ പുറത്തേക്ക്‌ പോകുന്ന സര്‍വീസ്‌ ബസ്സുകള്‍, കാറുകള്‍ ഒഴികെയുള്ള ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ്‌ മോട്ടോര്‍ ചരക്ക്‌ വാഹനങ്ങള്‍ എന്നിവ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡുവഴിയോ, കച്ചേരിപ്പടിയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ്‌ ചിറ്റൂര്‍ റോഡിലൂടെ അയ്യപ്പന്‍കാവ്‌ വഴി പച്ചാളം റെയില്‍വേ ഗേറ്റിലെത്തി വലത്തോട്ടുതിരിഞ്ഞ്‌ പച്ചാളം പൊറ്റക്കുഴി റോഡ്‌ പൊറ്റക്കുഴിയിലെത്തി ഇടത്തോട്ടു തിരിഞ്ഞ്‌ എളമക്കര റോഡുവഴി ഇടപ്പള്ളിയിലേക്കും വലത്തോട്ട്‌ തിരിഞ്ഞ്‌ കലൂരിലേക്കും എത്തുകയോ അല്ലെങ്കില്‍, എംജി റോഡില്‍ നിന്നും വീക്ഷണം റോഡ്‌ വഴി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ച്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ പുല്ലേപ്പടി ജംഗ്ഷനില്‍ നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ സി.പി.ഉമ്മര്‍ റോഡ്‌ വഴി പുല്ലേപ്പടി പാലം കയറി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ടി.പി.ബണ്ട്‌ റോഡുവഴി സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ചിന്‌ സമീപമുള്ള റോഡിലൂടെ കെ.കെ.റോഡില്‍ എത്താവുന്നതാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.