ബീവറേജസ്‌ ജിഎമ്മിനെ ജീവനക്കാര്‍ ഉപരോധിച്ചു

Friday 7 March 2014 10:30 pm IST

തിരുവനന്തപുരം: സംസ്ഥാന ബീവറേജസ്‌ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ മുസ്തഫ കെ. പാഷയെ ജീവനക്കാര്‍ ഉപരോധിച്ചു. കോര്‍പ്പറേഷനിലെ ഡെപ്യൂട്ടേഷന്‍ നിയമനം അവസാനിപ്പിക്കണമെന്നും പിഎസ്സി നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
25000 രൂപയ്ക്ക്‌ മുകളില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ ബീവറേജസ്‌ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു . തുടര്‍ന്ന്‌ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഡെപ്യൂട്ടേഷന്‍ നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ പുനരാരംഭിച്ചു. ഇതു ചോദ്യം ചെയ്ത യൂണിയന്‍ ഭാരവാഹി കൂടിയായ ട്രഷററോട്‌ ജനറല്‍ മാനേജര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ്‌ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിയത്‌.
ബീവറേജസ്‌ കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ പിഎസ്സിക്ക്‌ വിട്ടതാണെങ്കിലും സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്ന ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ മാത്രമാണ്‌ നടക്കാറുളളതെന്ന്‌ ജീവനക്കാര്‍ ആരോപിക്കുന്നു. ഡെപ്യൂട്ടേഷന്‍ നിയമങ്ങള്‍ അവസാനിപ്പിച്ച്‌ പിഎസ്സി നിയമനങ്ങള്‍ നടത്തണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം. മണിക്കൂറുകളോളം നീണ്ട ഉപരോധം അവസാനം യൂണിയന്‍ നേതാക്കള്‍ ഇടപെട്ട്‌ അവസാനിപ്പിക്കുകയായിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്ത്‌ പരിഹരിക്കാമെന്ന്‌ ജനറല്‍മാനേജര്‍ ഉറപ്പ്‌ നല്‍കിയെന്ന്‌ അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.