നക്ഷത്രഹോട്ടലിന്റെ ഭൂമികൈയ്യേറ്റം പരിശോധിക്കുമെന്ന്‌ അധികൃതര്‍

Saturday 10 September 2011 11:56 pm IST

മരട്‌: മരട്‌ നഗരസഭയില്‍ വ്യാപകമായി നടന്നുവരുന്ന തീരദേശപരിപാലന നിയമലംഘനങ്ങളെയും, ദൂമികൈയ്യേറ്റത്തേയും കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സി.ആര്‍.ഇഡെസ്‌ നിയമം കൊച്ചി കോര്‍പ്പറേഷന്‍, മരട്‌, നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലംഘിച്ചുവരുന്നതായി നേരത്തെ പരാതിഉയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ ദേശീയപാതക്ക്‌ അരികിലായി കായല്‍തീരത്തെ നക്ഷത്രഹോട്ടല്‍നിര്‍മാണത്തിനായി തീരദേശനിയമം ലംഘിച്ചതായും കൈയ്യേറ്റം നടത്തിയതായും വിവരം പുറത്തുവന്നിരിക്കുന്നത്‌. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും മരട്‌ നഗരസഭയിലുമായി 10 വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ കേന്ദ്രപരിസ്ഥിതി നിയമമായ സിആര്‍ഇസെഡ്‌ ലംഘിച്ചതായി കേരളാ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ്‌ അതോറിറ്റി കണ്ടെത്തിയത്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. കൊച്ചിയിലെ അറിയപ്പെടുന്ന കെട്ടിടനിര്‍മാതാക്കള്‍ വരെ തീരനിയമം ലംഘിച്ചുകൊണ്ട്‌ വന്‍കിട ഫ്ലാറ്റുകളും, റിസോട്ടുകളും നിര്‍മിച്ചിരിക്കുന്നതായും, വേമ്പനാട്ടുകായലിന്റെ ഭാഗമായ പരിസ്ഥിതി പ്രാധാന്യമുള്ള ചിലവന്നൂര്‍ കായല്‍ കൈയ്യേറിയും, തീരദേശപരിപാലന നിയമത്തിലെ ദുരപരിധി ലംഘിച്ച്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുസഹിതം കൊച്ചികോര്‍പ്പറേഷനും, മരട്‌ നഗരസഭക്കും കത്ത്‌ നല്‍കിയ തീരദേശ പരിപാലന അതോറിറ്റി, 1996നു ശേഷം പ്രദേശത്ത്‌ കായല്‍ തീരങ്ങളില്‍ കെട്ടിടനിര്‍മാണം നടത്തുവാന്‍ നല്‍കിയ അനുമതികളെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു. 1996 മുതല്‍ 2000 വരെയും, 2000-2005 വര്‍ഷങ്ങളിലേയും, 20005നു ശേഷം അനുമതിനല്‍കിയതും പ്രത്യേകമായി രേഖപ്പെടുത്തുന്ന വിശദമായ റിപ്പോര്‍ട്ടാണ്‌ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്‌. തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി വ്യാപകമായ കൈയ്യേറ്റങ്ങള്‍ കണ്ടെത്തിയ മരട്‌ നഗരസഭയിലെ കായല്‍ തീരത്തുതന്നെയാണ്‌ ഇപ്പോള്‍ നിയമലംഘനം നടത്തിയതായി പറയപ്പെടുന്ന കെജിഎ ഗ്രൂപ്പിന്റെ പേരിലുള്ള ക്രൗണ്‍പ്ലാസ എന്ന നക്ഷത്രഹോട്ടലിന്റേയും നിര്‍മാണം പുരോഗമിക്കുന്നത്‌. ഇതേഹോട്ടല്‍ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ട്‌ എന്നാണ്‌ ഇപ്പോള്‍ മരട്‌ നഗരസഭയില്‍ നിന്നും ഔദ്യോഗികമായി അറിയുന്നത്‌. കെജിഎ ഗ്രൂപ്പിന്റെ ക്രൗണ്‍പ്ലാസയുടെ നിര്‍മാണത്തില്‍ നിയമലംഘനം ഉണ്ടെന്നും, സര്‍ക്കാര്‍ പുറമ്പോക്ക്‌ ഹോട്ടല്‍നിര്‍മാണത്തിനായി അനധികൃതമായി കൈവശപ്പെടുത്തിയതായി സംശയിക്കുന്നകാര്യത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുവാന്‍ താലൂക്ക്‌ സര്‍വയറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്‌ മരട്‌ നഗരസഭാ അധികൃതര്‍ അറിയിക്കുന്നത്‌.