ധര്‍മ്മദൈവാരാധനയും സര്‍പ്പാരാധനയും

Sunday 11 September 2011 12:02 am IST

മനുഷ്യന്റെ ജീവിതം സുഗമമായി പുരോഗമിക്കണമെങ്കില്‍ ഇന്ദ്രിയോപാഹിത ചൈതന്യവും, കൂടോപാഹിത ചൈതന്യവും ബുദ്ധിപാഹിത ചൈതന്യവും അത്യന്താപേക്ഷിതമാണ്‌. സര്‍വ്വോപാഹിത ചൈതന്യവും ആവശ്യമാണെന്നാണ്‌ ആചാര്യന്മാരുടെ അഭിപ്രായം. ധര്‍മ്മദൈവാരാധനയിലൂടെയാണ്‌ ഇന്ദ്രിയോപാഹിത ചൈതന്യം മനുഷ്യന്‍ ലഭ്യമാക്കേണ്ടത്‌. മനുഷ്യന്‌ സുഖമായി പ്രവര്‍ത്തിക്കണമെങ്കില്‍ കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളും വായ, കൈകള്‍, കാലുകള്‍ വിസര്‍ജ്ജനേന്ദ്രിയം, ഉല്‍പാദനേന്ദ്രിയം എന്നീ പഞ്ചകര്‍മ്മേന്ദ്രിയങ്ങളും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ മനുഷ്യന്‌ സമൂഹത്തില്‍ ഉത്സാഹത്തോടെ, സുഗമമായി പ്രവര്‍ത്തിക്കുവാന്‍ സാദ്ധ്യമല്ല. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ചൈതന്യം പ്രദാനം ചെയ്യുന്നത്‌ ധര്‍മ്മദൈവമാണ്‌. പൂര്‍വ്വികന്മാരില്‍ നിന്നാണ്‌ പാരമ്പര്യമായി പല ഗുണദോഷങ്ങളും നവജാതശിശുവിലേക്ക്‌ സംക്രമിക്കുന്നത്‌. പൂര്‍വ്വികന്മാരാല്‍ ആചരിക്കപ്പെട്ട ധര്‍മ്മദൈവങ്ങളുടെ ചൈതന്യം ഇതോടെപ്പം സന്താനങ്ങളിലേക്കും സംക്രമിക്കുന്നു. ധര്‍മ്മദൈവത്തിന്‌ അതാത്‌ കുലത്തിന്റെയോ വംശത്തിന്റെയോ തറവാടിന്റെയോ അംഗങ്ങളുമായി ചൈതന്യബന്ധം ഉണ്ട്‌. ആ ബന്ധത്തെ ഒഴിവാക്കാന്‍ സാദ്ധ്യമല്ല. ധര്‍മ്മദൈവപ്രീതി വരുത്താതെ ഒരു കാര്യവും ആരംഭിക്കരുത്‌. ധര്‍മ്മദൈവത്തെ അവഗണിച്ച്‌ മറ്റ്‌ മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുകൊണ്ട്‌ പ്രയോജനമില്ല. മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുകൊണ്ട്‌ ലഭിക്കുന്ന ഫലം പൂര്‍ണ്ണമായും അനുഭവിക്കണമെങ്കില്‍ ഇന്ദ്രിയോപാഹിത ചൈതന്യം പ്രദാനം ചെയ്യുന്ന ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹം അത്യാവശ്യമാണ്‌. ധര്‍മ്മദൈവങ്ങളെ അവഗണിച്ചതുമൂലം പലര്‍ക്കുമുണ്ടായ ദുരിതാനുഭവങ്ങള്‍ നിരവധിയാണ്‌. അതുപോലെ മനുഷ്യന്‌ കൂടോപാഹിത ചൈതന്യവും ആവശ്യമാണ്‌. കൂടം എന്നാല്‍ വീട്‌ എന്നാണര്‍ത്ഥം. കൂടസ്ഥന്‍ എന്ന വാക്കിന്‌ ഈശ്വരന്‍ എന്ന അര്‍ത്ഥവുംകൂടിയുണ്ട്‌. മനുഷ്യശരീരം ഒരു കുടമാണ്‌ (വീട്‌). മനുഷ്യശരീരം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്‌ അവന്റെ സൂക്ഷ്മശരീരത്തില്‍ നിന്നാണ്‌. യോഗശാസ്ത്ര പ്രകാരം സൂക്ഷ്മശരീരത്തിന്റെ ഘടന ഇങ്ങനെയാണ്‌. നട്ടെല്ലിന്റെ ഉള്ളില്‍ സുഷുമ്ന എന്ന പ്രധാന നാഡിയും, ഇഡ, പിംഗള എന്നീ രണ്ട്‌ ചെറു നാഡികളും ഉണ്ട്‌. ഇഡ പിംഗള നാഡികള്‍ വൃക്ഷത്തില്‍ വള്ളികള്‍ ചുറ്റിയതുപോലെ സുഷുമ്നാ നാഡിയെ ചുറ്റിയിരിക്കുന്നു. സുഷുമ്നാ നാഡി ആരംഭിക്കുന്ന ശക്തികേന്ദ്രത്തെ മൂലാധാരമെന്ന്‌ പറയുന്നു. മൂലാധാരത്തിന്‌ മൂന്നര ചുറ്റായി സര്‍പ്പത്തിന്റെ രൂപത്തില്‍ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്ന ആദിപരാശക്തിയുടെ അംശമായ കുണ്ഡലിനീശക്തി കുടികൊള്ളുന്നു. കുണ്ഡലിനീശക്തിയാണ്‌ മനുഷ്യന്‌ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ചൈതന്യം അനവരതം നല്‍കി അനുഗ്രഹിക്കുന്നത്‌. കുണ്ഡലിനീശക്തി ഉണര്‍ന്ന്‌ സുഷുമ്നാ നാഡിയിലൂടെ ഷഡാധാരങ്ങളെ (മൂലാധരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ) കടന്ന്‌ സഹസ്രാരപത്മത്തിലെ പരമശിവനുമായി ലയിക്കുന്ന അവസ്ഥയെ സമാധി എന്നു പറയുന്നു. മനുഷ്യശീരത്തിലെ പ്രാണശക്തിയായ കുണ്ഡലിനീ ശക്തിയുടെ അനുഗ്രഹം ലഭിക്കുവാന്‍ പൂര്‍വ്വികന്മാര്‍ സര്‍വ്വസ്വരൂപിയായ കുണ്ഡലിനിയെ കാവുകളില്‍ സര്‍പ്പകന്മാര്‍ സര്‍വ്വസ്വരൂപിണിയായ കുണ്ഡലിനിയെ കാവുകളില്‍ സര്‍വ്വമായി സങ്കല്‍പിച്ച്‌ ആരാധിക്കുവാനുള്ള സമ്പ്രദായത്തിന്‌ തുടക്കമിട്ടു. വൃക്ഷലതാദികളാല്‍ സമൃദ്ധമായ സര്‍പ്പക്കാവ്‌, മനുഷ്യന്റെ സൂക്ഷ്മ ശരീരം തന്നെയാണ്‌. അവിടെയുള്ള മരങ്ങളും വള്ളികളും സൂക്ഷ്മശരീരത്തിലെ സുഷുമ്നാ നാഡിയേയും ഇഡ, പിംഗള നാഡികളെയും മറ്റ്‌ ആയിരക്കണക്കിനുള്ള നാഡീ ഞരമ്പുകളെയും പ്രതിനിധാനം ചെയ്യുന്നു. നേരിയ തോതിലുള്ള പ്രതികൂല പ്രവര്‍ത്തനങ്ങള്‍ പോലും സൂക്ഷ്മ ശരീര പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ്‌ സര്‍പ്പക്കാവ്‌ തീണ്ടരുത്‌ എന്നു പറയുന്നത്‌. കൂടോപാഹിത ചൈതന്യം ഉണ്ടെങ്കില്‍ മാത്രമേ വംശ വര്‍ദ്ധനയ്ക്കുള്ള കഴിവ്‌ വ്യക്തികള്‍ക്കുണ്ടാവുകയുള്ളൂ. സന്താനങ്ങള്‍ ഉണ്ടാകണമെങ്കില്‍ കുണ്ഡലിനി ശക്തിയുടെ അനുഗ്രഹം വേണം. സര്‍പ്പപ്രീതി വരുത്തുന്ന വഴിപാടുകള്‍ സര്‍പ്പക്കാവുകളില്‍ ചെയ്യേണ്ടതാണ്‌. കന്നി മാസത്തിലെയും കുംഭമാസത്തിലെയും ആയില്യം നക്ഷത്രത്തില്‍ സര്‍പ്പബലി, നൂറും പാലും, സര്‍പ്പപൂജ തുടങ്ങിയവ നടത്തുന്നു. സര്‍പ്പക്കാവുകള്‍ നശിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്‌. ഭൗതികതലത്തില്‍ ചിന്തിക്കുമ്പോള്‍, സര്‍പ്പക്കാവുകള്‍ നിലനിര്‍ത്തേണ്ടത്‌ ജല ലഭ്യതയ്ക്ക്‌ വളരെ അത്യാവശ്യമാണ്‌. ചര്‍മ്മരോഗങ്ങള്‍ സര്‍പ്പദോഷം കൊണ്ടാണ്‌ ഉണ്ടാകുന്നത്‌. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ പൂര്‍വികന്മാരുടെ ശാസ്ത്രജ്ഞാനത്തെ അവഗണിക്കുന്നു. മഹാവിഷ്‌ണു ശയിക്കുന്നത്‌ നാഗതല്‍പത്തിലാണ്‌ (അനന്തതല്‍പം). ശിവന്‍ ആഭരണമായി അണിഞ്ഞിരിക്കുന്നത്‌ സര്‍പ്പങ്ങളേയാണ്‌. ഗണപതിയുടെ കുക്ഷി സര്‍പ്പത്തെക്കൊണ്ടാണ്‌ ചുറ്റിയിരിക്കുന്നത്‌. സര്‍പ്പം ശക്തിയുടെ പ്രതീകമാണ്‌. ശക്തിയാരാധനയില്‍ കുണ്ഡലിനീ ശക്തിയുടെ ആരാധനയ്ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. സര്‍പ്പാരാധന കുണ്ഡലിനീശക്തിയാരാധനയാണ്‌. ബുദ്ധ്യുപാഹിത ചൈതന്യം മനുഷ്യനില്‍ ബോധം ഉണ്ടാകാന്‍ വളരെ അത്യാവശ്യമാണ്‌. അതുപോലെ ഓര്‍മ്മശക്തി ഉണ്ടാവാനും ബുദ്ധിമുട്ടുകള്‍ ഇല്ലാതാവും ബുദ്ധ്യുപാഹിത ചൈതന്യം ആവശ്യമാണ്‌. ബോധവും ഓര്‍മ്മയും നിലനില്‍ക്കുന്ന മൂലാധാരത്തിന്റെ അധിദേവതയാണ്‌ ഗണപതി. ഗണപത്യ ആരാധനയിലൂടെ ബോധവും ഓര്‍മ്മയും വര്‍ധിപ്പിക്കുവാന്‍ സാധിക്കും. ഗണപതിഹോമം നടത്തുന്നതിന്റെ പിന്നിലുള്ള തത്വവും ഇതുതന്നെയാണ്‌. - എ.കെ.ബി. നായര്‍