ന്യൂദല്‍ഹി: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ് യെദ്യൂരപ്പ ഷിമോഗയിലും സദാനന്ദ ഗൗഡ ബംഗളൂരു നോര്‍ത്തിലും മത്സരിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം.
കാസര്‍കോട് കെ. സുരേന്ദ്രന്, തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍, എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണന് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള 52 സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 28 മണ്ഡലങ്ങളില്‍ ഇരുപതിലും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.
മുതിര്‍ന്ന നേതാവ് എച്ച്.എല്‍.അനന്ത്കുമാര്‍ ബംഗളുരു സൗത്തില്‍ നിന്നും ജനവിധി തേടും. ശോഭ കരന്തലജെ ഉഡുപ്പി-ചിക്കമാംഗ്ളൂരില് നിന്നാണ് മത്സരിക്കുക. പശ്ചിമബംഗാള്‍, അസാം, എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ചന്ദന്‍ മിത്ര ബംഗാളിലെ ഹൂഗ്ളിയില്‍ നിന്നും കെ.ഡി.ബിശ്വാസ് ബര്‍ഗാവില്‍ നിന്നും മത്സരിക്കും. ആര്.കെ.ഖണ്ഡ ബാരക്പൂരില്‍ നിന്ന് ജനവിധി തേടും.
ബിജോയ ചക്രബര്‍ത്തി അസാമിലെ ഗോഹട്ടിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. മൂന്നാംഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക അടുത്തയാഴ്ചയോടു കൂടി പുറത്തിറക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: