പാക്‌ പൗരന്‍ അമേരിക്കയില്‍നിന്ന്‌ പാക്കിസ്ഥാനിലേക്ക്‌ ആണവവസ്തുക്കള്‍ കയറ്റുമതി ചെയ്തു

Sunday 11 September 2011 12:06 am IST

വാഷിംഗ്ടണ്‍: അനധികൃതമായി ആണവവസ്തുക്കള്‍ കയറ്റുമതി നടത്തിയതിന്‌ ഒരു പാക്കിസ്ഥാന്‍കാരനെതിരെ അമേരിക്ക കേസെടുത്തു. ഒക്ടോബര്‍ 2005 മുതല്‍ മാര്‍ച്ച്‌ 2010 വരെ അമേരിക്കയില്‍ നിയമവിധേയമായി താമസിച്ച നദീം അക്തര്‍ തന്റെ കമ്പനിയായ കമ്പ്യൂട്ടര്‍ കമ്മ്യൂണിക്കേഷന്‍സ്‌ യുഎസ്‌എ വഴി റേഡിയേഷന്‍ കണ്ടെത്തുന്ന ഉപകരണങ്ങളും കൂളന്റ്‌ ജലശുദ്ധീകരണത്തിനുള്ള പശയും അങ്കനം ചെയ്യുന്നതിനുള്ള സാമഗ്രികളും പ്രതലത്തിലുപയോഗിക്കുന്ന ഊരകടലാസു പോലുള്ള വസ്തുക്കളും പാക്കിസ്ഥാനിലേക്ക്‌ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്നാണ്‌ കേസ്‌. ഈ വസ്തുക്കള്‍ സൈനിക, വ്യാവസായിക, ആണവ ഉപയോഗങ്ങള്‍ക്കുള്ളവയായതിനാല്‍ കയറ്റുമതി ലൈസന്‍സ്‌ വാങ്ങേണ്ടതുണ്ടായിരുന്നു. നാലുലക്ഷം അമേരിക്കന്‍ ഡോളറാണ്‌ കയറ്റുമതി ചെയ്ത വസ്തുക്കളുടെ വില. ഇത്‌ അയച്ചത്‌ നിയന്ത്രണമുള്ള പാക്കിസ്ഥാന്‍ ശൂന്യാകാശ ഗവേഷണ സ്ഥാപനം, ആണവോര്‍ജ കമ്മീഷന്‍ തുടങ്ങിയവയും അവയുടെ സഹോദര സ്ഥാപനമായ ചസ്മ ആണവോര്‍ജ പ്ലാന്റിനുമാണ്‌. ഈ സ്ഥാപനങ്ങള്‍ക്ക്‌ ഇത്തരം വസ്തുക്കള്‍ കൈമാറുന്നത്‌ നിരോധിച്ചിട്ടുണ്ട്‌.