ഭീകരരെ നേരിടാന്‍ ഇച്ഛാശക്തി വേണം

Sunday 11 September 2011 12:03 am IST

രാജ്യത്തെ പിടിച്ചുകുലുക്കിയ ദല്‍ഹി ഹൈക്കോടതി ഭീകര സ്ഫോടനത്തെ തുടര്‍ന്ന്‌ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു എന്ന രീതിയിലാണ്‌ പ്രചരണരംഗം വാര്‍ത്തകള്‍ വിക്ഷേപിച്ചത്‌. പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം രാഷ്ട്രം ഒന്നാമത്തേതും രാഷ്ട്രീയം രണ്ടാമത്തേതുമായി പരിഗണിക്കുന്ന ചരിത്രമാണുള്ളത്‌. അതുകൊണ്ട്‌ തന്നെ ഭരണകൂട രാഷ്ട്രീയത്തെ സ്ഫോടനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിത ശ്രമമൊന്നും പാര്‍ട്ടി നടത്തിയില്ല. മുന്‍പ്‌ ആക്രമണത്തിന്റെ അരങ്ങേറ്റം നടത്തിയ ഭീകരരുടെ ഉന്നമാണ്‌ ദല്‍ഹി ഹൈക്കോടതിയെന്ന്‌ ഉറപ്പിച്ചിരുന്നതാണ്‌. അവിടെ തന്നെ വീണ്ടും സ്ഫോടനമുണ്ടാവുകയും ഭീകരര്‍ നാടിനെ ഞെട്ടിപ്പിക്കുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രി പോലും ഈ രംഗത്തുണ്ടായ വീഴ്ചയില്‍ ഖേദം രേഖപ്പെടുത്തിയിരുന്നതാണ്‌. ഭീകരരെ രാഷ്ട്രം ഒറ്റക്കെട്ടായി നേരിടണമെന്ന പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കള്‍ ഒരേപോലെ പറഞ്ഞതാണ്‌. കൂട്ടത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ കോടതി സ്ഫോടനത്തിലെ സര്‍ക്കാര്‍ തല വീഴ്ചകൂടി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ആഭ്യന്തരമന്ത്രിയാണ്‌ ബി.ജെ.പി.ക്കെതിരെ രാഷ്ട്രീയ ആരോപണവുമായി വെല്ലുവിളിക്കാനെത്തിയത്‌. ദല്‍ഹി ഹൈക്കോടതിക്കു മുന്‍പിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിതത്തില്‍ നിന്നും യു.പി.എ. ഭരണകൂടത്തിന്‌ മാറിനില്‍ക്കാനാവില്ല. ദല്‍ഹിയിലെ നിയമപരിപാലനം കേന്ദ്ര അഭ്യന്തരവകുപ്പ്‌ നേരിട്ട്‌ നടത്തുന്നതാണ്‌. ദല്‍ഹിയിലെ ഭീകരവിരുദ്ധത തന്ത്രങ്ങളും സംരക്ഷണ നടപടികളും കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണുള്ളത്‌. സുപ്രീംകോടതി ദല്‍ഹി-മുംബൈ ഹൈക്കോടതികള്‍, ഭീകരരുടെ �ടാര്‍ജറ്റാ�ണ്‌. ഇന്ത്യന്‍ മുജാഹിദീന്റെ മാനിഫെസ്റ്റോയില്‍ നമ്മുടെ കോടതികള്‍ ഇരകളായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം വന്ന ഇമെയിലുകളിലും മുസ്ലീങ്ങള്‍ക്ക്‌ നീതി നല്‍കാത്ത സ്ഥാപനങ്ങളായി കോടതികളെ ചിത്രീകരിച്ച്‌ അധിക്ഷേപിച്ചിട്ടുണ്ട്‌. ഭീകരരാല്‍ കടുത്ത ഭീഷണിക്ക്‌ വിധേയമായ ദല്‍ഹി ഹൈക്കോടതിക്ക്‌ മതിയായ സംരക്ഷണം നല്‍കാന്‍ എന്തുകൊണ്ട്‌ കേന്ദ്രഭരണകൂടത്തിനായില്ല? ഭീകരരുടെ മിന്നലാക്രമണം ഇടിത്തീപോലെ നിപതിക്കുമ്പോള്‍ നിസ്സഹായമാകുന്ന നിമിഷങ്ങള്‍ സ്വാഭാവികമാണ്‌. ഇക്കാര്യത്തില്‍ എല്ലാം മുന്‍കൂട്ടി കാണാന്‍ രഹസ്യ ഏജന്‍സികള്‍ക്കാവാതെ പോകുന്നതും സാധാരണമാണ്‌. എന്നാല്‍ അക്രമണം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്ന ദല്‍ഹികോടതിക്കു മുന്നില്‍ മുന്‍കരുതലുകളില്ലാതെ പോയത്‌ കൊടുംപാതകമല്ലേ. നന്നായി പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഡിറ്റക്ടറോ; സ്ഥാപിച്ചുനിര്‍ത്തേണ്ടിയിരുന്ന ക്യാമറകളോ പോലും അവിടെ ഉണ്ടായിരുന്നില്ല എന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌. ഈ ഗുരുതരമായ വീഴ്ചകളേക്കൊണ്ടാണ്‌ ചിദംബരവും മറ്റും പ്രതിക്കൂട്ടിലായിട്ടുള്ളത്‌. 2001 സപ്തംബര്‍ 11ന്‌ അമേരിക്കയില്‍ ലോക വ്യാപാര കേന്ദ്രത്തിന്‌ നേരെ നടന്ന ഭീകര അക്രമം അവരെ ഞെട്ടിക്കുകയും അപമാനിതരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഭീകരാക്രമണം അവിടെയുണ്ടാകാന്‍ അനുവദിക്കപ്പെട്ടില്ല. ഭീകരര്‍ ഉന്നമാക്കിയ മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും ഭീകരാക്രണങ്ങള്‍ പിന്നീടുണ്ടായില്ല. രാജ്യത്തിന്റെ ഭീകരതയ്ക്കെതിരെയുള്ള പൊതുകാഴ്ചപ്പാടും ഇച്ഛാശക്തിയും കൊണ്ടാണ്‌ അമേരിക്കയ്ക്ക്‌ ഭീകരതയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത്‌. ഇന്ത്യക്കതിനാവാതെ പോകുന്നതും പൊതുകാഴ്ചപ്പാടിന്റെയും ഇച്ഛാശക്തിയുടെയും അഭാവം കൊണ്ടാണ്‌. ഭീകരരുടെ കാര്യത്തില്‍ �ശഠനോട്ശാഠ്യം� എന്ന നിലപാടു സ്വീകരിക്കാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ട്‌. രണ്ടാം യു.പി. എ. അധികാരത്തില്‍വന്നശേഷം ഇന്ത്യയിലുണ്ടായ 21 പ്രധാന സ്ഫോടനങ്ങളില്‍ 90 ശതമാനവും തുമ്പുണ്ടാക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും നമുക്കായില്ല. ബി.ജെ.പി. ഭരണത്തിന്‍ കീഴില്‍ ഭീകരരോട്‌ കര്‍ശന നിലപാടു സ്വീകരിക്കുകയും കേസുകള്‍ക്ക്‌ തുമ്പുണ്ടാക്കി പ്രതികളെ തുറുങ്കിലടയ്ക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയതല്ല. ഭീകരര്‍ക്ക്‌ താങ്ങും തണലും അറിഞ്ഞോ അറിയാതെയോ ഇവിടെ ലഭിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ശിവരാജ്പാട്ടീലിന്‌ തലതാഴ്ത്തി അഭ്യന്തരമന്ത്രാലയം വിടേണ്ടിവന്നതും ചിദംബരത്തിന്‌ ഉത്തരം മുട്ടി കൊഞ്ഞനം കാട്ടേണ്ടിവരുന്നതുമായ പരിതാപകരമായ അവസ്ഥയുണ്ടായത്‌. രാഹുല്‍ഗാന്ധിക്ക്‌ നേരിട്ട്‌ ജനങ്ങളുടെ എതിര്‍പ്പും വിമര്‍ശവും ഏറ്റുവാങ്ങേണ്ടിവന്നതിനും കാരണം മറ്റൊന്നല്ല. അന്താരാഷ്ട്ര ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ �ടാര്‍ജറ്റ്‌� ആക്കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്‌ അമേരിക്കയും, ഇസ്രായേലും, ഇന്ത്യയുമൊക്കെയുള്ളത്‌. ഈ രാജ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്‌ ഭീകരരുടെ ഉന്നം. അതിനവര്‍ ഏതുമാര്‍ഗ്ഗവും സ്വീകരിക്കും. ഈ സത്യം മനസ്സിലാക്കാനോ അറിവില്‍പ്പെട്ട സത്യങ്ങള്‍ ഉറപ്പിച്ച്‌ ഉറക്കെപറയാനോ ഭരണകൂടം തയ്യാറല്ല. ഈ ദുസ്ഥിതിക്കുമാറ്റം വരാത്തിടത്തോളം ഭീകരത നമുക്ക്‌ തടയാനാവില്ല. ഇന്ത്യയെ തകര്‍ക്കാനാഗ്രഹിക്കുന്ന കറുത്ത ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി കര്‍മ്മനിരതരാകേണ്ട സന്ദര്‍ഭമാണിത്‌. 2001 സെപ്തംബറിലെ അമേരിക്കന്‍ സംഭവത്തിന്‌ ശേഷം ഭീകരരെ തളച്ചിടാനുതകുന്ന കര്‍ശന നിയമ നിര്‍മ്മാണത്തിന്‌ ഐക്യരാഷ്ട്ര സംഘടന മുന്‍ കയ്യെടുത്തിട്ടുള്ളതാണ്‌. എന്നാല്‍ ഇന്ത്യയില്‍ യു.പി.എ. അധികാരമേറ്റ ശേഷം നിലവിലുണ്ടായിരുന്ന കര്‍ശന നിയമങ്ങള്‍ പോലും പിന്‍വലിച്ച ചരിത്രമാണ്‌ നമുക്കുള്ളത്‌. ടാഡയും പോട്ടയും വന്ധീകരിച്ച പശ്ചാത്തലത്തില്‍ ഭീകരന്‍ എന്ന പദത്തിന്‌ പോലും നിയമത്തില്‍ ശരിയായ നിര്‍വചനമില്ലാത്ത അവസ്ഥയാണുള്ളത്‌. എന്തിന്‌ വേണ്ടി കോണ്‍ഗ്രസ്‌ ഇതൊക്കെചെയ്തുവെന്നറിയാന്‍ നമുക്കുള്ള സാമാന്യ ബുദ്ധിമതിയാകും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഒന്നിച്ചുനില്‍ക്കാനുള്ള അഭിലാഷവും ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്‌ മുന്‍കയ്യെടുക്കണം. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളുമൊക്കെ ശ്രമിക്കുന്നത്‌ ഭാരതത്തിന്റെ പരമാധികാരത്തെ തകര്‍ക്കാനാണ്‌. സായുധസമരവും ദൈവാധിപത്യ രാജ്യ സങ്കല്‍പ്പവുമൊക്കെ ഉയര്‍ത്തിപ്പിടിച്ച്‌ കൊണ്ട്‌ രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ശിഥിലമായ ഇന്ത്യയാണ്‌. മാനവരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ട ഈ ധര്‍മ്മരാജ്യത്തോടുള്ള കൂറും വിധേയത്വവും അതിനു വേണ്ടിയുള്ള സമര്‍പ്പണവും കൂടുതല്‍ വളര്‍ത്തുകയെന്നതാണ്‌ ഈ കാലഘത്തിന്റെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.