അനധികൃത കോഴിഫാമിനെതിരെ പരിസ്ഥിതി കോണ്‍ഗ്രസ്

Saturday 8 March 2014 9:26 pm IST

എരുമേലി: ഇടക്കുന്നം അള്ളുങ്കല്‍ പടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിഫാം അടിയന്തരമായി അടച്ചുപൂട്ടണമെന്നാ കേരളാ ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴിഫാമിനെതിരെ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടും പാറത്തോട് പഞ്ചായത്തധികൃതരുടെ ഒത്താശയോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍പ്പറത്തി നാലായിരത്തിലധികം കോഴികളെയാണ് സ്വകാര്യ വ്യക്തി ഇവിടെ കൊണ്ടുവരുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയായിത്തീര്‍ന്ന കോഴിഫാമിനെതിരെ നാട്ടുകാര്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പഞ്ചായത്തുകമ്മറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ കോഴി ഫാമിന് എതിരാണെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ ചിലരും കോഴിഫാം ഉടമയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അനധികൃത കോഴിഫാം പ്രവര്‍ത്തിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.മേഖലയിലെ നൂറുകണക്കിനു ജനങ്ങളുടെയും കിണറും കുളവും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളെയും വ്യാപകമായി മലിനീകരിക്കാന്‍ വഴിയൊരുക്കുന്ന അനധികൃത കോഴിഫാമിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനും തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ അഡ്വ.വി.എസ്.അശോക് കുമാര്‍, ജമാല്‍ പാറക്കല്‍, നാസര്‍ കിണറ്റുകര, എന്‍.എം.റസാക്ക്, അജിത് കടക്കയം, ടി.ഇ.നാസറുദ്ദീന്‍, ടി.കെ.മുഹമ്മദ് ഇസ്മായില്‍, കെ.ജി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.