അന്യായമായ ഭൂമി പിടിച്ചെടുക്കല്‍ ഡിഎംകെ നേതാവ്‌ അറസ്റ്റില്‍

Sunday 11 September 2011 12:12 am IST

തിരുനെല്‍വേലി: ജയലളിതാ സര്‍ക്കാരിന്റെ ഭൂമി പിടിച്ചെടുക്കലും വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട്‌ ഡിഎംകെ നേതാവിനെയും സഹോദരനേയും അറസ്റ്റ്‌ ചെയ്തു. ഡിഎംകെ തിരുനെല്‍വേലി ജില്ലാ സെക്രട്ടറി കറുപ്പസ്വാമി പാണ്ട്യന്‍, ശങ്കരസുബു എന്നിവരെ തിരിട്ടുഗ്രാമത്തില്‍ വച്ചാണ്‌ അറസ്റ്റ്‌ ചെയ്തത്‌. തുടര്‍ന്ന്‌ മജിസ്ട്രേറ്റിന്‌ മുമ്പില്‍ ഹാജരാക്കിയ ഇരുവരേയും 15 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു. നടുവാകുറിച്ചി ഗ്രാമത്തിലെ മൂന്ന്‌ ഏക്കര്‍ ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസിലാണ്‌ ഇരുവരേയും ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കറുപ്പ സ്വാമിയുടെ രണ്ട്‌ ബന്ധുക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ്‌ വ്യക്തമാക്കി. അധികാരത്തില്‍ വന്നതിനുശേഷം മൂന്നുമാസം മുമ്പുതന്നെ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ നാല്‌ മുന്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി ഡിഎംകെ നേതാക്കള്‍ ജയിലിലാണ്‌. എന്നാല്‍ അറസ്റ്റ്‌ രാഷ്ട്രീയപ്രേരിതമാണെന്ന്‌ ഡിഎംകെ അപലപിച്ചു