മുന്നണികളിലെ കൊടിമാറ്റം

Sunday 9 March 2014 8:53 pm IST

കേരളത്തിലെ ഇരുമുന്നണികളിലും പൊളിച്ചെഴുത്തിന്റെ കാലമാണിത്‌. സിപിഎം മുന്നണിയില്‍നിന്ന്‌ ആര്‍എസ്പിയും കോണ്‍ഗ്രസ്‌ മുന്നണിയില്‍ നിന്ന്‌ ജെഎസ്‌എസും പടിയിറങ്ങിയിരിക്കുന്നു. ഇനിയും പാര്‍ട്ടികള്‍ കൊടിമാറ്റിക്കെട്ടാനുണ്ടോ എന്ന്‌ കാണാനിരിക്കുന്നതേയുള്ളു. പ്രവചിക്കാന്‍ കഴിയാത്തവിധം മുന്നണികള്‍ക്കുള്ളിലും അതിലെപാര്‍ട്ടികള്‍ക്കകത്തും മൂപ്പിളമത്തര്‍ക്കം മുറുകിയിരിക്കുകയാണ്‌. അഖിലേന്ത്യാതലത്തില്‍ ബദലുണ്ടാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സിപിഎമ്മിനാണ്‌ ആര്‍എസ്പിയുടെ ചുവടുമാറ്റം കനത്ത പ്രഹരമായിരിക്കുന്നത്‌. മൂന്നര പതിറ്റാണ്ടിലധികമായി തുടരുന്ന ബാന്ധവം ഉപേക്ഷിക്കാന്‍ അവരുടേതായ കാരണമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അത്‌ തിരിച്ചറിയാന്‍ സിപിഎമ്മിന്‌ കഴിയാതെ പോയത്‌ അവരുടെ വല്യേട്ടന്‍ മനോഭാവമാണെന്നതിലും സംശയമില്ല. സിപിഎം മുന്നണിയില്‍ ആര്‍എസ്പി അനുഭവിക്കുന്ന അവഗണനയ്ക്ക്‌ കയ്യുംകണക്കുമില്ലെന്നാണ്‌ ആര്‍എസ്പിക്കാര്‍ പറയുന്നത്‌. ഈ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കുന്നതിന്‌ ആറുമാസം മുമ്പുതന്നെ തങ്ങള്‍ക്കൊരു സീറ്റ്‌ കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്തുനല്‍കിയെന്നാണ്‌ ആര്‍എസ്പി പറയുന്നത്‌. ആ കത്ത്‌ കിട്ടിയശേഷം ഒരക്ഷരംപോലും സംസാരിക്കാന്‍ മുന്നണിയെ നയിക്കുന്ന സിപിഎം തയ്യാറായില്ല. മാത്രമല്ല സിപിഎമ്മും സിപിഐയും മാത്രം ചര്‍ച്ചനടത്തി സീറ്റ്‌വീതം വച്ചെടുക്കുകയും ചെയ്തു. മറ്റാര്‍ക്കും ഒരു സീറ്റുപോലും നല്‍കിയില്ലെന്നും ആര്‍എസ്പി പരിഭവപ്പെടുകയാണ്‌.
ഇടതുപാര്‍ട്ടികളുടെ ഐക്യത്തിനായി കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐക്കൊപ്പം ഇറങ്ങിത്തിരിച്ചവരാണ്‌ ആര്‍എസ്പിക്കാര്‍. ഇഎംഎസിന്റെ 'ക്ലീന്‍ സ്ലേറ്റില്‍ നിന്നു തുടങ്ങാം' എന്ന അഭ്യര്‍ഥന മാനിച്ച്‌ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചാണ്‌ സിപിഐ മാര്‍ക്സിസ്റ്റ്‌ മുന്നണിയിലെത്തിയത്‌. അന്ന്‌ പി.കെ. വാസുദേവന്‍നായരായിരുന്നു മുഖ്യമന്ത്രി. സിപിഐക്കൊപ്പം ആര്‍എസ്പിയുമെത്തി. രണ്ടാമത്തെ ഇഎംഎസ്‌ മന്ത്രിസഭ വീണശേഷം സിപിഐയും ആര്‍എസ്പിയും കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളായിരുന്നു. അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസ്‌ മുന്നണിയില്‍ നിന്ന്‌ അധികാരം പങ്കിട്ട ഈ പാര്‍ട്ടികള്‍ സിപിഎം മുന്നണിയില്‍ ശക്തമായ ഘടകമായിരുന്നു എന്നതില്‍ സംശയമില്ല. സ്വാഭാവിക സഖ്യ കക്ഷികളെന്ന നിലയില്‍ മുന്നണി മര്യാദകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്ത സിപിഐക്കും ആര്‍എസ്പിക്കും പലപ്പോഴും അവഗണനയും അവഹേളനവും തന്നെയാണ്‌ നേരിട്ടുകൊണ്ടിരുന്നത്‌. ഓരോ തെരഞ്ഞെടുപ്പിലും ഘടകകക്ഷികളുടെ സീറ്റ്‌ ഓരോന്നോരോന്നായി സ്വന്തമാക്കുന്ന സ്വഭാവമായിരുന്നു സിപിഎമ്മിന്റെത്‌. സിപിഎമ്മിന്റെതില്‍ നിന്നും ഒട്ടും ഭിന്നമല്ല കോണ്‍ഗ്രസിന്റെ സ്വഭാവവും. മുസ്ലിംലീഗിനല്ലാതെ കോണ്‍ഗ്രസ്‌ മുന്നണിയില്‍ മറ്റാര്‍ക്കും നീതി ലഭിച്ചിട്ടില്ലെന്ന സത്യവും അവശേഷിക്കുന്നു. ജെഎസ്‌എസിനെ നിര്‍ത്തി തോല്‍പ്പിക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണല്ലോ ഗൗരിയമ്മ പിണങ്ങി പിരിഞ്ഞത്‌. ആര്‍എസ്പി സൃഷ്ടിച്ച വിടവു നികത്താന്‍ ജെഎസ്‌എസിനെ കൂടെ നിര്‍ത്താന്‍ സിപിഎം ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.
ആര്‍എസ്പിയും കൊല്ലവും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്‌. ആര്‍എസ്പിയുടെ പ്രഗത്ഭരായ നേതാക്കളെല്ലാം കൊല്ലത്തിന്റെ ഉത്പന്നമായിരുന്നല്ലോ. എന്‍. ശ്രീകണ്ഠന്‍നായരെ നിരവധി തവണ പാര്‍ലമെന്റിലെത്തിച്ചത്‌ കൊല്ലമാണ്‌. കൊല്ലം നിയമസഭാ സീറ്റിലും ആര്‍എസ്പിക്കാര്‍ വിജയിച്ച പാരമ്പര്യമായിരുന്നു. പഴയ ശക്തിയും സ്വാധീനവും ഇല്ലെങ്കിലും ആര്‍എസ്പി ഇടതുമുന്നണിയുടെ പ്രബലമായ ഘടകം തന്നെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും കൊല്ലം സീറ്റ്‌ തിരിച്ചുകിട്ടാന്‍ ആര്‍എസ്പി വിയര്‍പ്പൊഴുക്കിയതാണ്‌. മുന്നണി വിടുമെന്നുവരെ ഭീഷണി മുഴക്കി. പോണെങ്കില്‍ പൊയ്ക്കോട്ടെ എന്ന സിപിഎം നിലപാടിനു മുന്നില്‍ മുട്ടുമടക്കിയ ആര്‍എസ്പി സഹികെട്ടപ്പോഴാണ്‌ ഇടതുമുന്നണി വിട്ടതെന്ന കാര്യത്തില്‍ സംശയമില്ല.
ഇടതുമുന്നണി വിടാനുള്ള തീരുമാനം കേള്‍ക്കേണ്ട താമസം പഴയ സഖ്യകക്ഷിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാവുകയും ചെയ്തു. ഏതായാലും മുന്നണികളിലെ ഈ കുടമാറ്റംകൊണ്ട്‌ കേരള രാഷ്ട്രീയത്തിലോ ദേശീയ തലത്തിലോ ഗുണകരമായ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.