കാര്‍ത്യായനിയമ്മ കൊലക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

Sunday 9 March 2014 9:38 pm IST

കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി ചങ്ങനാശേരി തൃക്കൊടിത്താനം വയലിപ്പറമ്പില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മയെ കൊന്ന് കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ച കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം സ്‌പെഷ്യല്‍ കോടതി ജഡ്ജി ഷാജഹാന്‍ മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. 2007 സെപ്തംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തൃക്കൊടിത്താനം സ്വദേശികളായപാര്‍വ്വതിഭവനില്‍ രാജന്‍, ഉറവയില്‍ വീട്ടില്‍ അനില്‍കുമാര്‍, കോട്ടയം പുത്തനങ്ങാടി കണ്ണാട്ട് വീട്ടില്‍ ഷെജി, പായിപ്പാട് ഗുരുനിവാസില്‍ സുധീഷ്, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ താജുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിവാദത്തില്‍ അന്ധമായി വിശ്വസിച്ചിരുന്ന പ്രതികള്‍ പൂജവിദ്യകളും മന്ത്രവാദങ്ങളും നടത്തിവന്ന കാര്‍ത്യായനിയമ്മയില്‍ നിന്നും മന്ത്രവാദസംബന്ധമായ താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിനു വേണ്ടി നടത്തിയ കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലെ ഒന്നാം പ്രതി രാജന്റെ ബന്ധു രാജുവിന്റെ മരണത്തിന് കാരണം കാര്‍ത്യായനിയമ്മയുടെ ക്ഷുദ്രപ്രയോഗം മൂലമാണെന്ന് വിശ്വസിച്ച ഒന്നാംപ്രതി ഇവര്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് കാര്‍ത്യായനിയമ്മയുടെ പക്കല്‍ നിന്നും പൂജാകര്‍മ്മങ്ങളും താന്ത്രികവിദ്യകളും കൈവശപ്പെടുത്തുന്നതിന് ഒന്നാം പ്രതി രണ്ടുമുതല്‍ നാലുപ്രതികളുമായി ഗൂഢാലോചന നടത്തി. ഇതിനായി രാജന്‍ മദ്യവും പണവും കൂട്ടുപ്രതികള്‍ക്ക് നല്‍കി ഒപ്പം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2007 സെപ്തംബര്‍ 15 ന് നാലാം പ്രതി സുധീഷ് തന്റെ ബന്ധുവിന്റെ വസ്തുവില്‍പ്പന വേഗത്തില്‍ നടക്കുന്നതിനായികാര്‍ത്യായനിയമ്മയുടെ പക്കല്‍ സഹായം അഭ്യര്‍ഥിച്ചെത്തി. പരിഹാരക്രിയകള്‍ നടത്തുന്നതിനായി ഈരയിലെ ബന്ധുവിന്റെ വീട്ടില്‍ പോകണമെന്നും ഇതിനാവശ്യമായ സാമ്പത്തിക ചിലവുകള്‍ നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പരിഹാരക്രിയകള്‍ക്ക് ഈരയിലെത്തിയ കാര്‍ത്യായനിയമ്മയെ പ്രതികള്‍ കാറില്‍കയറ്റി ചങ്ങനാശേരിയിലെ അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പൂജകര്‍മ്മങ്ങളുടെയും മറ്റ് മന്ത്രിവാദത്തിന്റെയും നടപടിക്രമങ്ങള്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന കാര്‍ത്യായനിയമ്മയെ പ്രതികള്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ അഞ്ചാപ്രതി താജുദീന്റെ വീട്ടിലെ സെപ്റ്റിടാങ്കില്‍കാര്‍ത്യായനിയമ്മയുടെ മൃതദേഹം പ്രതികള്‍ മറവു ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 107 സാക്ഷികളെ വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജുകുട്ടി ചിറയില്‍ ഹാജരാകും. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. ബോബന്‍ ടി തെക്കേല്‍, അഡ്വ. കെ പി സുരേഷ് എന്നിവര്‍ ഹാജരാകും. ചങ്ങനാശേരി സി ഐമാരായിരുന്ന പി ബിജോയ്, അനീഷ് വി കോര എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.