തലശ്ശേരി-ഇരിട്ടി റോഡ്‌ തകര്‍ച്ച; യാത്രാക്ളേശം രൂക്ഷം

Sunday 11 September 2011 7:28 pm IST

ഇരിട്ടി: തലശ്ശേരി-കൂര്‍ഗ്‌ അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ തലശ്ശേരി മുതല്‍ ഇരിട്ടി വരെയുള്ള റോഡ്‌ പൂര്‍ണമായും തകര്‍ന്നത്‌ യാത്രാക്ളേശം രൂക്ഷമാക്കി. ഇതുവഴി സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഒന്നൊന്നായി ഓട്ടം നിര്‍ത്തുന്നതാണ്‌ യാത്രാക്ളേശത്തിന്‌ കാരണമായിരിക്കുന്നു. മട്ടന്നൂറ്‍ മുതല്‍ ഇരിട്ടി വരെയുള്ള ഭാഗമാണ്‌ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്‌. ഈ ഭാഗത്ത്‌ മിക്ക സ്ഥലങ്ങളിലും റോഡില്ലാത്ത അവസ്ഥയാണ്‌. ആഴമേറിയ കുഴികളില്‍ കയറിയിറങ്ങി സഞ്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ റോഡിനെ കയ്യൊഴിഞ്ഞുകഴിഞ്ഞു. പലരും ദൂരമധികമായാലും മറ്റ്‌ റോഡുകളെ ആശ്രയിക്കുകയാണ്‌. വര്‍ഷാവര്‍ഷം നിര്‍മ്മാണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുകയും താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുന്നതടക്കമുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ ഇതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. പാത കടന്നുപോകുന്ന ഭാഗങ്ങളിലുള്ള ഏഴോളം പാലങ്ങളുടെ സ്ഥിതിയും ദയനീയമാണ്‌. ഉളിയില്‍, കളറോഡ്‌, കരേറ്റ, മെരുവമ്പായി, എരഞ്ഞോളി പാലങ്ങളാണ്‌ കാലപ്പഴക്കത്താല്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നത്‌. 1930കളില്‍ നിര്‍മ്മിച്ച ഈ പാലങ്ങളിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ്‌. റോഡിണ്റ്റെ പുനര്‍നിര്‍മ്മാണത്തിന്‌ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക്‌ റോഡ്‌ ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നാട്ടുകാര്‍.