വോട്ടു തട്ടാനുള്ള വിജ്ഞാപനം

Sunday 21 September 2014 10:13 am IST

ന്യൂദല്‍ഹി: കസ്തൂരംഗന്‍ റിപ്പോര്‍ട്ടിെ‍ന്‍റ കരട്‌ വിജ്ഞാപനമിറക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‌ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നല്‍കി. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കാവൂ എന്നുകൂടി കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെ വോട്ടുലക്ഷ്യമാക്കി തല്‍ക്കാലത്തേക്കിറക്കുന്ന തട്ടിപ്പായി കരട്‌ വിജ്ഞാപനം മാറും.
തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അന്തിമ വിജ്ഞാപനം ഇറക്കരുതെന്നാണ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി.എ.സമ്പത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഫലത്തില്‍ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാനാവൂ. കരട്‌ വിജ്ഞാപനമിറക്കുന്നത്‌ ലക്ഷക്കണക്കിന്‌ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തീരുമാനമാണെന്ന വാദം തള്ളാന്‍ കമ്മീഷനു മേല്‍ വന്‍സമ്മര്‍ദ്ദമുണ്ടായിരുന്നതായി സൂചനകളുണ്ട്‌.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു കേരളം സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട്‌ വിജ്ഞാപനമാണ്‌ പുറത്തിറങ്ങുന്നത്‌. വിജ്ഞാപനം ഇന്ന്‌ പുറത്തിറങ്ങിയേക്കും. പരിസ്ഥിതിലോല മേഖലകളില്‍ പെടുത്തിയ 123 വില്ലേജുകളെ ഒഴിവാക്കുന്ന വ്യവസ്ഥ കരട്‌ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തും. പരിസ്ഥിതി ലോല മേഖലകളേതൊക്കെയാണെന്ന്‌ കേരളത്തിന്‌ നിര്‍ണ്ണയിക്കാമെന്ന ഭേദഗതിയാണ്‌ കൂട്ടിച്ചേര്‍ക്കുക. മാര്‍ച്ച്‌ 4ന്‌ ഇറക്കിയ ഓഫീസ്‌ മെമ്മോറാണ്ടത്തിന്‌ കരട്‌ വിജ്ഞാപനത്തോടെ നിയമസാധുതയാകും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം ഇതോടെ കേന്ദ്രസര്‍ക്കാര്‍ സംഘടിത പ്രതിഷേധക്കാര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്‌. പരിസ്ഥിതി ലോല മേഖലകള്‍ മാറ്റി. പുറമേ ജലവൈദ്യുത പദ്ധതികള്‍ക്ക്‌ നിയന്ത്രണങ്ങളോടെ അനുമതി നല്‍കാം. കാറ്റില്‍ നിന്നുള്ള വൈദ്യുത പദ്ധതികള്‍ക്ക്‌ പൂര്‍ണ്ണാനുമതിയും നല്‍കിയിട്ടുണ്ട്‌. കേരളം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ എല്ലാ ശുപാര്‍ശകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ പരിസ്ഥിതി ലോലമായി കസ്തൂരിരംഗന്‍ കണ്ടെത്തിയ 13,108 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം 9,994 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്‌.
കരടു വിജ്ഞാപനമിറങ്ങിയ ശേഷം അന്തിമ വിജ്ഞാപനം തയ്യാറാക്കുന്നതിനായുള്ള 60 ദിവസമെന്ന സമയപരിധിക്കകം മറ്റു സംസ്ഥാനങ്ങളുടെ നിലപാടു കൂടി കേന്ദ്രത്തിന്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. ഇതിനിടെ കേന്ദ്രത്തിലെ സര്‍ക്കാര്‍ തലത്തിലുള്ള മാറ്റങ്ങളും അന്തിമ വിജ്ഞാപനത്തില്‍ മാറ്റം വരുത്തും. നവംബര്‍ 13ലിറക്കിയ ഉത്തരവ്‌ റദ്ദാക്കാതെ പുതിയ കരട്‌ വിജ്ഞാപനം പുറത്തിറക്കുന്നത്‌ മാര്‍ച്ച്‌ 24ന്‌ ഹരിത ട്രിബ്യൂണല്‍ കേസ്‌ പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്‌ തിരിച്ചടിയായേക്കും.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.