കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി

Tuesday 11 March 2014 1:01 pm IST

ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തില്‍ 9993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പാറ, മണല്‍ ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ താപവൈദ്യുത പദ്ധതികള്‍ അനുവദിക്കില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ജനവാസ കേന്ദ്രങ്ങള്‍ക്കും കൃഷി സ്ഥങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും ഇളവ് ലഭിക്കും. വിജ്ഞാപനം ഇറങ്ങി അഞ്ച് വര്‍ഷത്തിനകം എല്ലാ ഖനികളുടേയും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ 9107ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയായും രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും അന്തിമ വിജ്ഞാപനം. കരട് വിജ്ഞാപനം പൊതുജനാഭിപ്രായം തേടി കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം ഇന്നലെ പരിസ്ഥിതി മന്ത്രാലയം സര്‍ക്കാര്‍ പ്രസിലേക്ക് അച്ചടിക്കാനായി അയച്ചിരുന്നു. കരട് വിജ്ഞാപനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അന്തിമ വിജ്ഞാപനം ഇറക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. നവംബര്‍ 13ലെ ഉത്തരവില്‍ പറയുന്ന നിരോധനം തുടരുമെന്നും അന്തിമ വിജ്ഞാപനം വരുന്ന പക്ഷം നിരോധനം ഇല്ലാതാകുമെന്നും കേന്ദ്ര-വനം പരിസ്ഥിതി സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.