ജന്മനാ വിഭാഗീയന്‍!

Sunday 11 September 2011 9:54 pm IST

ജന്മനാ അന്ധന്‍, ജന്മനാ വികലാംഗന്‍, പിതൃശൂന്യന്‍, കൊഞ്ഞാണന്‍, നല്ല ബാപ്പക്ക്‌ പിറന്നവന്‍ എന്നിങ്ങനെ ഒത്തിരി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ട്‌. 'ജന്മനാ വിഭാഗീയന്‍' എന്ന പ്രയോഗം ആദ്യമായാണ്‌. പ്രയോഗക്കാരന്‍ റൂപ്പര്‍ട്ട്‌ ബ്രിട്ടാസ്‌ എന്ന്‌ പരിണാമം സംഭവിച്ച പഴയ ജോണ്‍ ബ്രിട്ടാസ്‌. കൈരളി ടിവിയില്‍നിന്ന്‌ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ്‌ ചാനലിലേക്ക്‌ മാറിയപ്പോഴാണ്‌ പേരുമാറ്റം സംഭവിച്ചത്‌. കൈരളിയില്‍ എംഡിയായി പ്രവര്‍ത്തിച്ച്‌ ശ്രേയാ ഘോഷാലുമായി ഇന്റര്‍വ്യൂ നടത്തി ദേശീയോദ്ഗ്രഥന പ്രവര്‍ത്തനം ആരംഭിക്കും മുമ്പ്‌ പ്രായോജക പരിപാടിയായിട്ടാണ്‌ 'ജന്മനാ വിഭാഗീയന്‍' അവതരിപ്പിച്ചത്‌. നേരിട്ട്‌ വിളി ആകുകയല്ലായിരുന്നു, ഇടം തടിച്ചു നില്‍ക്കുന്ന മുന്‍ പൊളിറ്റ്‌ ബ്യൂറോ മെമ്പറെ ആക്ഷേപിക്കുന്നതിന്‌, ഔദ്യോഗിക പക്ഷ സ്പോണ്‍സര്‍ഷിപ്പോടെ വിക്കിലീക്സിന്റെ മുന്നില്‍ അവതരിപ്പിച്ച ജനകീയ പരിപാടിയായിരുന്നു 'ജന്മനാ വിഭാഗീയന്‍'. അസാണ്‍ജി സായിപ്പിന്റെ വിക്കിലീക്സ്‌ അതിന്റെ സ്റ്റാന്‍ഡാര്‍ഡ്‌ കളഞ്ഞുകുളിക്കുന്ന ലക്ഷണം കാണുന്നുണ്ട്‌. സിഐഎ ക്രൂരത, അപ്പോളോ മിഷന്‍ തട്ടിപ്പ്‌, സ്വിസ്‌ ബാങ്ക്‌ നിക്ഷേപം, രാജ്യാന്തര ആയുധ വ്യാപാരം തുടങ്ങി വമ്പന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്ന വിക്കിലീക്സ്‌ ചുരുങ്ങി ചുരുങ്ങി മുനീര്‍ സാഹിബിലും തോമസ്ജി ഐസക്ക്ജിയിലും വന്നുനില്‍ക്കുന്നു. കുഞ്ഞാലിക്കുട്ടി, എന്‍ഡിഎഫ്‌ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ്‌ ഏജന്റാണെന്ന്‌ മുനീര്‍ പറഞ്ഞ വിവരമാണ്‌ ഒന്നാമത്തെ ലീക്സ്‌. പക്ഷെ മുനീര്‍ അത്‌ നിഷേധിച്ചു. മുനീര്‍ സത്യം മാത്രം പറയുന്ന ഒരു നേതാവാണെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ മാറിക്കോട്ടെന്ന്‌ അദ്ദേഹം കരുതിക്കാണണം. ലോകത്തില്‍ ആദ്യമായാണ്‌ വിക്കിയുടെ ലീക്സ്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ഒരു 'ദേശീയകക്ഷി'യുടെ നേതാവ്‌ സ്വന്തം ചാനലിലൂടെ ജനത്തെ അറിയിക്കുന്നത്‌. പിണറായിപക്ഷം അമേരിക്കന്‍ ചാരന്മാരാണെന്ന മറ്റൊരു പ്രാദേശിക ലീക്സും അസാണ്‍ജി സായിപ്പിന്റെ സ്ഥാപനം പുറത്തുവിട്ടു. കോളാ വിരുദ്ധ സമരം, മാധ്യമ സിന്‍ഡിക്കേറ്റ്‌, അമേരിക്കന്‍ ഇടപെടല്‍ എന്നൊക്കെയുള്ള സഖാക്കന്മാരുടെ കൂടെകൂടെയുള്ള പ്രസ്താവന വായിച്ചപ്പോള്‍ ഈ സംശയം തോന്നിയിരുന്നതാണ്‌. അമേരിക്കയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ അടവുനയമുണ്ടെന്ന്‌ രണ്ടാം അമര്‍ത്യസെന്‍ പറഞ്ഞതോടെ വിക്കിലീക്സിന്റെ കാര്യത്തില്‍ മുനീര്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ ഏവര്‍ക്കും ബോധ്യമായി. വിക്കിലീക്സ്‌ പറഞ്ഞതിനോട്‌ വിയോജിക്കാനും അമേരിക്കക്കെതിരെ നിലപാടെടുക്കാനും ഐസക്ജി തയ്യാറല്ല. ഇന്ത്യക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള ഐസക്കിന്റെ മക്കള്‍ ആര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന്‌ പൂജപ്പുര റിസോര്‍ട്ടിലെ എസി ലൗഞ്ജിലിരുന്ന്‌ ഒരു പിള്ള ചോദിച്ചിട്ടുണ്ട്‌. അമേരിക്ക കൊള്ളാം, അവരുടെ സാമ്രാജ്യത്വം കൊള്ളില്ല, കൊക്കകോള കൊള്ളാം, അതിന്റെ കോണ്‍സണ്‍ട്രേറ്റു കൊള്ളില്ല, ചത്ത കോഴീന്റെ ചാറു കൊള്ളാം, അതിന്റെ ഇറച്ചി കൊള്ളില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ്‌ മനസിലാകുക? അമേരിക്കന്‍ എംബസിയിലെ സായിപ്പന്മാരെ കണ്ടത്‌ ശരിയായോയെന്ന്‌ ചോദിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ കാണുന്നതില്‍ എന്ത്‌ തെറ്റെന്നു മറുചോദ്യം. പാവം ബര്‍ളിന്‍, ഒരു മനുഷ്യന്‍ പോലുമല്ലാതായിരിക്കുന്നു! പകരം ജോണ്‍ ബ്രിട്ടാസാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍. ജോണ്‍ ബ്രിട്ടാസിന്‌ ആരെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു ചാനല്‍ സ്വന്തമായുള്ളവന്‌ ഏത്‌ നാറ്റക്കേസും എഴുന്നള്ളിക്കാം. സമരം ചെയ്യാനും തല്ലിപ്പൊളിക്കാനും അവസരം പാര്‍ത്തുനടക്കുന്ന തൊഴിലില്ലാപടയുള്ളപ്പോള്‍ ചാനല്‍ മുതലാളി വിചാരിക്കുന്നതു നടപ്പിലാകും. ജോണ്‍ ബ്രിട്ടാസിന്‌ ആരെയും പേടിക്കാനില്ല, 'വെറുക്കപ്പെട്ടവന്‍' കൂടെയുണ്ട്‌. ഫുട്ബോള്‍ മേളക്ക്‌ കുറച്ച്‌ തുക ചോദിച്ചാല്‍ 60 ലക്ഷം കൊടുക്കും. പി.ടി. ഉഷ സ്കൂള്‍ നടത്തിപ്പിന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒരു കോടി കൊടുക്കും. അങ്ങനെയുള്ള വ്യക്തി കൂടെയുള്ള ബ്രിട്ടാസിന്‌ ആരെ ഭയപ്പെടണം? അതുകൊണ്ട്‌ ആരെ വേണമെങ്കിലും 'ജന്മനാ വിഭാഗീയന്‍' എന്നോ 'ജന്മനാ വിദേശി'യെന്നോ വിളിക്കാം. കളിക്കുന്നെങ്കില്‍ തരത്തില്‍ കളിക്കണം. വെറുതെ ബാറ്റും പിടിച്ചു നിന്നാല്‍ പോരാ, ബൗള്‍ ചെയ്യുന്നത്‌ ബ്രിട്ടാസാണ്‌. സ്റ്റുഡിയോക്കകത്ത്‌ 'നമ്മള്‍ തമ്മില്‍', പുറത്തും 'നമ്മള്‍ തമ്മില്‍.' എം.എ. സോളമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.