വാറന്റുകള്‍ നടപ്പിലാക്കാന്‍ താമസിക്കരുത്‌: സുപ്രീംകോടതി

Sunday 11 September 2011 9:58 pm IST

ന്യൂദല്‍ഹി: ജാമ്യമില്ലാ വാറന്റുകള്‍ പോലീസുദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി മാര്‍ഗരേഖ പ്രാബല്യത്തില്‍വരുത്തി. വാറന്റുകള്‍ നടപ്പാക്കാന്‍ താമസിക്കരുതെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. വാറന്റുകള്‍ നടപ്പിലാക്കേണ്ട പോലീസിന്‌ അതില്‍ നിയന്ത്രണമുണ്ടായാല്‍ ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നും അതിനാല്‍ വാറന്റുകള്‍ നടപ്പിലാക്കാന്‍ നിശ്ചിത സമയം മാത്രമേ അനുവദിക്കാവൂ എന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതികള്‍ ഓരോ വാറന്റുകളും കൈകാര്യം ചെയ്യുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഇതനുസരിച്ച്‌ എല്ലാ ഹൈക്കോടതികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള കോടതികള്‍ക്ക്‌ നമ്പറിട്ട രജിസ്റ്ററുകള്‍ വാറന്റുകള്‍ക്കായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്‌. ആറുമാസത്തിനുള്ളില്‍ എല്ലാ കോടതികളും ഇത്‌ നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു കീഴ്ക്കോടതി തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ്‌ പോലീസ്‌ ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട്‌ മുംബൈ ആസ്ഥാനമാക്കിയ ഒരു അഭിഭാഷകന്റെ പരാതിയിന്മേലാണ്‌ സുപ്രീംകോടതി ഇങ്ങനെയുള്ള നിര്‍ദ്ദേശം നല്‍കിയത്‌. കോടതി വാറന്റ്‌ അവസാനിപ്പിച്ചിട്ടും തന്നെ അറസ്റ്റ്‌ ചെയ്തതായാണ്‌ അഭിഭാഷകനായ അര്‍ഡി ബേസിന്‍ പരാതിപ്പെട്ടത്‌