ഉദ്യോഗസ്ഥരുടെ അഴിമതി തടയാന്‍ നടപടി വരുന്നു

Sunday 11 September 2011 9:59 pm IST

ന്യൂദല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്താലും പെന്‍ഷന്റെ 20 ശതമാനംവരെ കുറക്കാന്‍ അഴിമതിനിരോധനത്തിനായി ധനകാര്യമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി തീരുമാനമെടുത്തേക്കും. നിലവില്‍ 10 ശതമാനമാണ്‌ ഇത്തരത്തില്‍ കുറക്കുന്നത്‌. അഴിമതിരഹിത ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള അണ്ണാ ഹസാരെയുടെ മുന്നേറ്റമാണ്‌ ഇത്തരത്തിലൊരു നടപടിക്ക്‌ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌. ഇപ്പോള്‍ ജീവനക്കാരുടെ ശിക്ഷാ നടപടിപ്രകാരം ചെറിയ ശിക്ഷകള്‍ മാത്രമാണ്‌ അടുത്തൂണ്‍ പറ്റുന്ന ഉദ്യോഗസ്ഥന്‌ നല്‍കിയിരുന്നത്‌. എന്നാല്‍ ഒരാള്‍ റിട്ടയര്‍ ചെയ്യുന്നു എന്നതുകൊണ്ട്‌ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെയുള്ള നടപടി ലഘുശിക്ഷയില്‍ ഒതുക്കരുതെന്നാണ്‌ മന്ത്രിമാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്‌. ലഘുകുറ്റങ്ങള്‍ക്കായുള്ള 10 ശതമാനം പെന്‍ഷനാണ്‌ നല്‍കാതിരിക്കുക. ഇതിന്‌ അഞ്ച്‌ വര്‍ഷത്തേക്കാണ്‌ പ്രാബല്യമുണ്ടാവുക. ജീവിതകാലം മുഴുവന്‍ പെന്‍ഷനില്‍ കുറവ്‌ വരുത്തുന്നത്‌ സര്‍വീസ്‌ ചട്ടങ്ങള്‍ പ്രകാരം കുറച്ചുകൂടി വലിയ ശിക്ഷയാണ്‌. ഇപ്പോള്‍ നല്‍കുന്ന നിര്‍ബന്ധിത അടുത്തൂണ്‍ നല്‍കലും അതിനുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്ന സമ്പ്രദായത്തിന്‌ പകരം നിര്‍ബന്ധിത പെന്‍ഷനും 20 ശതമാനം പെന്‍ഷനില്‍ കുറവും എന്നതാവും സര്‍വീസ്‌ ചട്ടങ്ങള്‍ നിര്‍വചിക്കുന്ന വലിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. എന്നാല്‍ പ്രകടനം മോശമായതിനെത്തുടര്‍ന്ന്‌ സര്‍വീസില്‍നിന്നും നീക്കം ചെയ്യപ്പെടുന്നവര്‍ക്ക്‌ പെന്‍ഷനില്‍ കുറവ്‌ ഏര്‍പ്പെടുത്തുന്നതല്ല. സര്‍വീസിലുള്ള ഉദ്യോഗസ്ഥരെതന്നെ അന്വേഷണ, അധ്യക്ഷ ഉദ്യോഗസ്ഥന്മാരായി നടപടികള്‍ തുടരുന്നതിനായി ഉപയോഗിക്കാന്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിക്കും. ഇതുമൂലം അന്വേഷണപ്രക്രിയ ത്വരിതഗതിയിലാവുമെന്ന്‌ കരുതപ്പെടുന്നു. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിന്‌ അനുവാദം നല്‍കേണ്ടതുണ്ട്‌. ഇതുപ്രകാരം അന്വേഷണ അപേക്ഷ ലഭിച്ച്‌ മൂന്ന്‌ മാസത്തിനുള്ളില്‍ കാര്യകാരണസഹിതം അതിന്‌ അധികാരമുള്ള ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ഇങ്ങനെ ഒരു നടപടി അധികാര സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ എടുക്കുന്നില്ലെങ്കില്‍ അടുത്ത മേലുദ്യോഗസ്ഥന്‌ അപേക്ഷ നല്‍കാം. അങ്ങനെ അവസാനം തീരുമാനമെടുക്കേണ്ട മന്ത്രി വിസ്സമ്മതിച്ചാല്‍ അദ്ദേഹം അത്‌ ഏഴ്‌ ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്‌. ഇതുപ്രകാരം ഓരോ മന്ത്രാലയത്തിലേയും സെക്രട്ടറിമാര്‍ അന്വേഷണത്തിനെടുക്കുന്ന കാലാവധി നിരീക്ഷിക്കുകയും ക്യാബിനറ്റ്‌ സെക്രട്ടറിക്ക്‌ മാസംതോറും താന്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതായി സാക്ഷ്യപത്രം നല്‍കുകയും വേണം. 71 സ്പെഷ്യല്‍ സിബിഐ കോടതികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പത്തെണ്ണമത്രെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്തരം കോടതികള്‍ തുടങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി സമയബന്ധിതമായ കൂടിയാലോചനകളുണ്ടാവണമെന്നും മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദേശിച്ചു. രാജ്യത്ത്‌ പത്ത്‌ കൊല്ലമായി 2400 അഴിമതിക്കേസുകളാണ്‌ കെട്ടിക്കിടക്കുന്നത്‌. ഇത്തരം കേസുകളെക്കുറിച്ച്‌ പഠിക്കാന്‍ ഒരു കമ്മറ്റിയുണ്ടാക്കാനും മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഈ കമ്മറ്റിയിലെ അംഗം റിട്ടയറായ ജനസമ്മതനായ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറോ സിബിഐ ഡയറക്ടറോ ആകാം. അഴിമതി തടയുന്നതിനായുള്ള കേസുകളായിരിക്കും സമിതി കൈകാര്യം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.