കാര്‍ത്ത്യായനിയമ്മ കൊലക്കേസില്‍ രണ്ടു സാക്ഷികള്‍കൂടി കൂറുമാറി

Wednesday 12 March 2014 9:05 pm IST

കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി തൃക്കൊടിത്താനം വലിയപറമ്പില്‍ കാര്‍ത്യായനിയമ്മയെ (77) കൊലപ്പെടുത്തി കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ച കേസിലെ രണ്ടു സാക്ഷികള്‍ കൂടി ഇന്നലെ കൂറുമാറി. കൊല്ലപ്പെട്ട കാര്‍ത്യായനിയമ്മയെ കഴുത്തുമുറുക്കി കൊല്ലാന്‍ ഉപയോഗിച്ച തോര്‍ത്ത് രണ്ടാം പ്രതി തൃക്കൊടിത്താനം ഉറവയില്‍ അനില്‍കുമാര്‍ വാങ്ങിയ ചങ്ങനാശേരിയിലെ കേരള ക്ലോത്ത് സ്‌റ്റോര്‍ മാനേജര്‍ വാഴപ്പള്ളി കിഴക്ക് തൂമ്പുങ്കല്‍ റോജി വര്‍ഗീസ്, സെയില്‍സ്മാന്‍ തൃക്കൊടിത്താനം സ്വദേശി മാത്യു സ്‌കറിയ എന്നിവരാണ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്. ഇരുവരും കേസിലെ 27, 28 സാക്ഷികളായിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം ഇവര്‍ കൂറുമാറിയതായി കോട്ടയം സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ പ്രഖ്യാപിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശി മനോജ് തോമസ്, തൃക്കൊടിത്താനം സ്വദേശി ഷാജി മാത്യു, കോട്ടയം താഴത്തങ്ങാടി സ്വദേശി ഹാഷിം എന്നിവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ 31 മുതല്‍ 40 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജുകുട്ടി ചിറയില്‍ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. ബോബന്‍ ടി തെക്കേല്‍, അഡ്വ. കെ പി സുരേഷ് എന്നിവരും ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.