ടി. പി. വധം: സിപിഎമ്മിനു തിരിച്ചടിയായി പുതിയ പുസ്തകം

Wednesday 12 March 2014 10:22 pm IST

കണ്ണൂര്‍: ടി. പി. വധവുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനിശ്ചിത ത്വത്തിലായിരിക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട പുതിയ പുസ്തകം പുറത്തിറങ്ങുന്നു.വളരെ കാലം സിപിഎമ്മിന്റെ സഹയാത്രികനും ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്ത ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന രാധാകൃഷ്ണന്‍ പട്ടാന്നൂരാണ്‌ ടി. പി. വധത്തിന്റെ അണിയറ കഥകളും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഉളളറകളും തുറന്നു കാട്ടി പുസ്തകം രചിച്ചിരിക്കുന്നത്‌. 'ടി.പി.ചന്ദ്രശേഖരന്റെ ജീവിതം രാഷ്ട്രീയം രക്തസാക്ഷിത്വം 'എന്ന പുസ്തകത്തിന്റെ പ്രകാശനം 17 ന്‌ ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.പ്രഭാകരന്‍ പ്രകാശനം ചെയ്യും.
ടി. പി വധവുമായി ബന്ധപ്പെട്ട്‌ വെട്ടുവഴി കവിതകള്‍, 51 വെട്ടിന്റെ രാഷ്ട്രീയം തുടങ്ങിയ പുസ്തകങ്ങള്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. പുതിയ പുസ്തകം ടി. പി. വധത്തിലെ അറിയാത്ത ഏടുകളിലേക്കു വായനക്കാരനെ എത്തിക്കുന്നതാണെന്ന്‌ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ സാക്ഷ്യപ്പെടുത്തുന്നു. ചന്ദ്രശേഖരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം, രമയുമായുള്ള പ്രണയം, അന്ത്യ നിമിഷങ്ങള്‍, കൊലപാതകത്തിനു ശേഷമുള്ള വിവാദങ്ങള്‍, അന്വേഷണം, കോടതി വിധി, രമയുടെ സെക്രട്ടേറിയറ്റ്‌ സമരം, വി. എസിന്റെ ഇടപെടല്‍ തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളളതായി അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളിലെ ചില ഉന്നത സി. പി. എം നേതാക്കളുടെ ക്രിമിനല്‍ ബന്ധങ്ങളും പാനൂര്‍ മേഖലകളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിന്റെ പങ്കുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകളും പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്‌. രാഷ്ട്രീയ കൊലപാതകത്തിനായി ഉപയോഗിച്ചിരുന്ന വാടക കൊലയാളികള്‍ ഇതിന്റെ മറവില്‍ നടത്തിയ ഒന്നിലേറെ ക്വട്ടേഷന്‍ കൊലപാതകങ്ങളുടെ വിശദാംശങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. രമയുടെ വെളിപ്പെടുത്തലുകളും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
നേരത്തെ ടി. പി. വധവുമായി ബന്ധപ്പെട്ട്‌ മാധ്യമ പ്രവര്‍ത്തകനായ മൊയ്തു താഴത്ത്‌ പ്രഖ്യാപിച്ച സിനിമയുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുകയാണ്‌. ടി. പി. കൊല്ലപ്പെട്ട്‌ മൂന്നു മാസം കഴിയും മുമ്പാണ്‌ ടി. പിയുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്ന വടകര സ്വദേശി മൊയ്തു താഴത്ത്‌ ടി. പി. 51 വയസ്സ്‌, 51 വെട്ട്‌ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണമാരംഭിക്കാന്‍ സാധിച്ചില്ല. വിവിധ കോണുകളില്‍ നിന്നുള്ള ഭീഷണി മൂലം നിര്‍മ്മാതാക്കള്‍ മാറുകയും അഭിനയിക്കാമെന്ന്‌ സമ്മതിച്ചിരുന്ന പ്രമുഖ നടന്മാര്‍ ഒഴിവാകുകയും ചെയ്തതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതിനിടയിലാണ്‌ ്‌ ടി. പി. വധവുമായി ബന്ധപ്പെട്ട പുതിയ പുസ്തകം പുറത്തു വരുന്നത്‌. പൊതുതെരഞ്ഞെടുപ്പ്‌ പടിവാതിലിലെത്തി നില്‍ക്കെ പുതിയ പുസ്തകം സി. പി. എം നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്‌. നേരത്തെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ലേഖകനായിരുന്ന രാധാകൃഷ്ണന്‍, ഔദ്യോഗിക നേതൃത്വത്തിന്‌ അനഭിമതനായതോടെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുകയായിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ പലതുമറിയാവുന്ന രാധാകൃഷ്ണന്‍ ഇപ്പോള്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സീനിയര്‍ സബ്ബ്‌ എഡിറ്ററാണ്‌. കണ്ണൂരിലെ ആല്‍ഫാ വണ്‍ പബ്ലീഷേഴ്സാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌.
ഗണേഷ്‌ മോഹന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.