ഇടക്കാല സര്‍ക്കാര്‍ നേതാവ്‌ ട്രിപ്പൊളിയില്‍

Sunday 11 September 2011 10:03 pm IST

ട്രിപ്പൊളി: തലസ്ഥാനമായ ട്രിപ്പൊളി ഗദ്ദാഫി വിരുദ്ധസേന പിടിച്ചെടുത്തതിന്‌ ശേഷം ആദ്യമായി ലിബിയയുടെ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ അവിടെയെത്തി. ആയിരക്കണക്കിന്‌ അനുയായികള്‍ പതാകകള്‍ വീശി ഹര്‍ഷാരവങ്ങളോടെ അദ്ദേഹത്തെ സ്വീകരിച്ചു. കിഴക്കന്‍ നഗരമായ ബെന്‍ഗഴിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ അധികാരം ജനങ്ങളെ ബോധ്യപ്പെടുത്താനാണ്‌ തലസ്ഥാനത്തെത്തിയത്‌ എന്ന്‌ കരുതുന്നു. ഗദ്ദാഫി അനുകൂലികളുടെ അഭയകേന്ദ്രമായ ബാനിവാലിഡില്‍ നാറ്റോ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഇതിനിടെ അന്തര്‍ദേശീയ നാണയനിധി അബ്ദുള്‍ ജലീലിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനെ അംഗീകരിച്ചിട്ടുണ്ട്‌. ഗദ്ദാഫിവിരുദ്ധ സേന ആഗസ്റ്റ്‌ 21 നാണ്‌ തലസ്ഥാനമായ ട്രിപ്പൊളിയില്‍ പ്രവേശിച്ചത്‌. ജലീല്‍ സുരക്ഷാ കാരണങ്ങളാലാണ്‌ ഇതുവരെ തലസ്ഥാനത്തെത്താതിരുന്നതെന്ന്‌ അദ്ദേഹത്തോട്‌ അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ഒരു കാര്യക്ഷമമായ സര്‍ക്കാരുണ്ടാക്കുകയാണ്‌ അദ്ദേഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ വാര്‍ത്താലേഖകര്‍ പറഞ്ഞു. ഗദ്ദാഫിവിരുദ്ധ സേനകള്‍ മിക്കവാറും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആധിപത്യം പുലര്‍ത്തുന്നതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. ബാണിവാലിഡ്‌ ജഫ്ര, സാദ, ബിര്‍ട്ടെ എന്നീ നാല്‌ ഗദ്ദാഫി അനുകൂല നഗരങ്ങളോട്‌ കീഴടങ്ങാന്‍ സര്‍ക്കാര്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ചത്തെ അന്ത്യശാസനം അവര്‍ കൂട്ടാക്കിയിട്ടില്ല. ബാണിവാലിഡിന്റെ പതനം ഗദ്ദാഫിയുടെയും പതനമായിരക്കുമെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടരുമ്പോഴും ഗദ്ദാഫിയുടെ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.